sections
MORE

ഗൃഹം നന്നെങ്കിൽ ഗ്രഹക്കേടും അടുക്കില്ല

x-default
SHARE

വാസ്തുവിന് അനേകം നിർവചനങ്ങളും വ്യാഖ്യാനങ്ങളും നിലവിലുണ്ട്. അതെല്ലാം ചേർന്നതും അതേസമയം അതിനകത്തു നിർത്താനാകാത്തതുമായ ഒരു അന്വേഷണരീതി– ശാസ്ത്രമാണ് വാസ്തു.

വസ്തുത കണ്ടെത്താനുള്ള ശ്രമമാണ് വാസ്തുശാസ്ത്രം. ഈ വസ്തുത തേടൽ എല്ലാ മേഖലയിലും ഉണ്ട്. ഡോക്ടർ രോഗിയുടെയും രോഗത്തിന്റെയും വസ്തുത മനസ്സിലാക്കിയ ശേഷമാണു ചികിത്സിക്കുന്നത്. ഒരു കേസിൽ വസ്തുത മനസ്സിലാക്കിയാണ് കോടതി വിധിക്കുന്നത്. വിവാഹം ഉറപ്പിക്കുന്നതിനു മുൻപ് സ്ത്രീപുരുഷന്മാരുടെ വസ്തുത കണ്ടെത്താറുണ്ട്.

ഈ വസ്തുതാന്വേഷണം വസ്തുവിൽ – പറമ്പില്‍ – മണ്ണിൽ - നടത്തുമ്പോൾ അതു വാസ്തുവായി. മണ്ണിന്റെ വസ്തുത തിരയുന്നത് അതുമായി ബന്ധപ്പെടുന്ന മനുഷ്യരുടെ ആവശ്യപ്രകാരമാണ്. കൃഷിയിറക്കാൻ ഉദ്ദേശിക്കുന്നവൻ കൃഷി മെച്ചപ്പെടാനുള്ള വസ്തുതയായിരിക്കും അന്വേഷിക്കുക. ഒരു വലിയ ഡാം പണിയുന്ന കൂട്ടര്‍ ജലസംഭരണത്തിന്റേയും അതിനായി കെട്ടുന്ന അണയുടേയും ഇതു ബന്ധിപ്പിച്ചിരിക്കുന്ന ഭൂഭാഗത്തിന്റേയും ‍ഡാമിന്റെ പ്രാന്ത, നിർഗ്ഗമന പ്രദേശങ്ങളുടേയും വസ്തുത പഠിക്കുന്നു. മനുഷ്യ സംസ്കൃതിയുടെ വികാസം തന്നെ വസ്തുതാപഠനത്തിലൂടെ ലഭിച്ച ഗുണകരമായ വളർച്ചയാണ്.

ഇതിൽ വാസസ്ഥാനം ഉണ്ടാവുമ്പോള്‍ മനുഷ്യൻ കൂടുതൽ ജാഗരൂകരാകാറുണ്ട്. കൗലിനീകുലവർദ്ധിനി – അവനവന്റെ കുലം– വാസസ്ഥാനമാകുന്ന കുളം- ഉറവ വറ്റാത്ത ഒന്നായിരിക്കണമെന്ന് ആരും ആഗ്രഹിക്കുന്നു. മനുഷ്യചേതനയിലെ വസ്തുതാന്വേഷണത്തിന്റെ, എല്ലാവർക്കും അത്യാവശ്യമായ വാസസ്ഥാനവസ്തുത മറ്റേതിനേക്കാളും സ്വീകാര്യവും അനിവാര്യവുമായതോടെ ഈ വസ്തുതാന്വേഷണം ഭവനനിര്‍മാണം അഥവാ ഭൂമിയിലെ നിർമിതികള്‍ എന്നതിൽ പരിമിതപ്പെട്ടു എന്നു മാത്രം. ഉദാഹരണത്തിന്, സംസ്കൃതത്തിൽ പശു എന്ന പദത്തിനു ജന്തുവർഗ്ഗം എന്നാണർഥം. മലയാളത്തിൽ ആ പദം ഒരു വളർത്തുമൃഗത്തിന്റെ മാത്രം പേരായി ഒതുങ്ങിയതുപോലെ.

പിറക്കുന്നതിനെല്ലാം കിടപ്പാടം- ഇരിപ്പിടം- ഉണ്ടായേ പറ്റൂ. കിളികളും ജീവജാലങ്ങളും പോലും ജന്മനാ ഈ വാസസ്ഥാനം സുരക്ഷിതമാകാൻ ശ്രദ്ധിക്കുന്നുണ്ട്. മരക്കൊമ്പിൽ കൂടുകെട്ടുന്ന കിളികളും മരത്തില്‍ പൊത്തുണ്ടാക്കി കഴിയുന്നവയും മാളത്തിൽ കഴിയുന്നവയും എല്ലാം വസിക്കുന്നതിന് മുൻപ് സുരക്ഷിതത്വത്തിന്റെ വസ്തുതാന്വേഷണം നടത്താറുണ്ട്. എന്തിന്, വിശ്രമിക്കുന്നതിനും മേയുന്നതിനും പോലും ഈ വസ്തുതാന്വേഷണം അവ ഉപയോഗപ്പെടുത്തുന്നു. അറേബ്യൻ നാടുകളിലും മറ്റും വളർത്തുമൃഗങ്ങൾ പറ്റം പറ്റമായി മേഞ്ഞു നടന്നിട്ട് സന്ധ്യയാകുമ്പോൾ ഒരു പ്രത്യേക സ്ഥലത്തു മാത്രമേ ഒരുമിച്ചു കിടക്കാറുള്ളൂ. മാൻപറ്റം കാട്ടില്‍ വാസസ്ഥാനം കണ്ടെത്തുന്നതും ഈ വസ്തുതാബോധത്തിന്റെ ജന്തുസഹജമായ നിലയിലാണ്.

അപ്പോൾ, വീടു നിർമാണവുമായി ബന്ധപ്പെട്ടതാണെങ്കിലും അതിലെ വാസം, ജീവിതപുരോഗതി, വംശവർധന തുടങ്ങി ജീവിതത്തിന്റെ മൊത്തം മുന്നേറ്റത്തിനുള്ള ഒരു ജനറേറ്റർ (ശാക്തിക കേന്ദ്രം) എങ്ങനെ സ്ഥാപിക്കാമെന്നും അതുമായി ബന്ധപ്പെട്ടവർക്ക് ദീർഘകാലം ആയുരാരോഗ്യ സമ്പൽസമൃദ്ധി നൽകുന്ന ഒരു വാസസ്ഥാനം എങ്ങനെ മെനഞ്ഞെടുക്കാമെന്നുമുള്ള മനക്കണക്കും അകക്കണക്കും അന്വേഷണപരതയുമാണ് വാസ്തുവിന്റെ അടിസ്ഥാനം. നല്ലസ്ഥലത്ത് നല്ല കുറ്റിയിൽ കെട്ടുന്ന പശുവിനു മേയൽ സുഖമാകും. പൊല്ലാത്ത സ്ഥലത്തു കുറ്റിയടിച്ചു കെട്ടിയാല്‍ പശുവിനുതന്നെ അപകടം വരാം. ഉറയ്ക്കാത്ത സ്ഥലത്താണു കുറ്റിയെങ്കിൽ കുറ്റിയുമൂരി പശു പശുവിന്റെ വഴിക്കുപോയെന്നുമിരിക്കും. ഈ പശുവും കുറ്റിയും തമ്മിലുള്ള ബന്ധം മനുഷ്യനും വീടും തമ്മിലുണ്ട്. ഭവനമാകുന്ന കുറ്റി (കേന്ദ്രബിന്ദു) ഭദ്രമാണെങ്കിൽ പശു ഉദ്ദേശിച്ചിടത്തുതന്നെ ഉദ്ദേശിച്ചതുപോലെ മേഞ്ഞെത്തും. മറിച്ചാണെങ്കിൽ കുറ്റിയും പറിച്ചു പോകേണ്ടി വരും. അതിനും കഴിഞ്ഞില്ലെങ്കിൽ കുറ്റിയറ്റു പോവുന്നതരത്തിൽ ദോഷം വരും.

അപ്പോള്‍ ഗൃഹം എക്കാലത്തും മനുഷ്യജീവിതത്തിന്റെ, വിശിഷ്യ കുടുംബജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ജീവിതവ്യാപാരങ്ങളെല്ലാം. നമ്മുടെ മേൽവിലാസം, മേൽപുരോഗതി, മേന്മ, നന്മ എല്ലാം എല്ലാം ഇവിടെ വന്ന് അവസാനിക്കുന്നു, ഇവിടെനിന്ന് ആരംഭിക്കുന്നു. ഇങ്ങനെ നമ്മുടെ ജീവിതത്തിന്റെ സകലമാന ആദാന–പ്രദാനങ്ങളുടെയും ആണിക്കല്ല് സ്വന്തം ഗൃഹമാണ് എന്ന വസ്തുത പൂർവികർ ശരിയാംവണ്ണം ധരിച്ചതിന്റെ മിച്ച പത്രമാണ് ഇന്നത്തെ വാസ്തുശാസ്ത്രവികാസം.

‘ഗൃഹം നന്നെങ്കിൽ ഗ്രഹക്കേടും അടുക്കില്ല’ എന്നതു സത്യമാണ്. വാസഗൃഹം ഊർജസംഭരണിയാണെങ്കിൽ ഗ്രഹദോഷം (സമയദോഷം) പോലും അവിടെ വസിക്കുന്നവരിൽ വരാതെ രക്ഷിക്കും. അത്രയ്ക്കുണ്ട് ജീവിതത്തിൽ വാസസ്ഥാനത്തിന്റെ പ്രാധാന്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA