sections
MORE

വീട് ഇങ്ങനെ പരിപാലിച്ചോളൂ, ജീവിതം മാറിമറിയും

vastu
SHARE

വാസ്തുശാസ്ത്രത്തിൽ കാറ്റിനും വെളിച്ചത്തിന്റെ സ്രോതസ്സായ സൂര്യനും വളരെയധികം പ്രാധാന്യം നൽകുന്നു. ഇവ രണ്ടും യഥേഷ്ടം ലഭിക്കുന്ന രീതിയിലുള്ള ഗൃഹ രൂപകല്പനയാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വാസ്തു പ്രകാരം ഭവനം നിർമ്മിച്ചാൽ മാത്രം പോരാ , അതിലെ ഊർജസഞ്ചാരത്തിനു തടസ്സമുണ്ടാകാത്ത രീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ ഗുണാനുഭവങ്ങൾ ലഭിക്കുകയുള്ളു.

നിത്യേന ഗൃഹശുദ്ധീകരണം നടത്തണം. വീടിനുള്ളിലും പുറത്തും സാധനങ്ങൾ കഴിവതും കൂട്ടിയിടാതിരിക്കുക. രാവിലെയും വൈകിട്ടും തൂത്തുവാരി തളിക്കണം എന്നാണ് ശാസ്ത്രം. സൂര്യന് അഭിമുഖമായി തൂത്തുവാരി കൂട്ടരുതെന്ന്‌ നിഷ്കർഷയുണ്ട്. അതായത് രാവിലെ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും തൂക്കരുത്. തൂത്തുവാരി മൂലകളിൽ കൂട്ടി വയ്ക്കുകയുമരുത്.

ഭഗവൽ ചിത്രങ്ങൾ, നിലവിളക്കുകൾ എന്നിവ വൃത്തിയാക്കുമ്പോൾ ഉപയോഗിച്ച് മുഷിഞ്ഞ വസ്ത്രം ഉപയോഗിക്കരുത്. തിരിത്തുണി ഉപയോഗിക്കുന്നത് അഭികാമ്യമാണ്‌. നിലവിളക്ക്‌ എന്നും കഴുകി വൃത്തിയാക്കിയശേഷം തിരി തെളിയിക്കുന്നത് ശ്രേഷ്ഠമാണ്. അതിനു സാധിച്ചില്ലെങ്കിൽ ചൊവ്വാ,വെള്ളീ ദിനങ്ങളിൽ നിലവിളക്ക്‌ വൃത്തിയാക്കുവാൻ ശ്രമിക്കണം. ഭവനത്തിൽ നിത്യേന മാറി മാറി തിരി കത്തിക്കാൻ രണ്ടു വിളക്ക് സൂക്ഷിക്കാവുന്നതാണ്.

പുല വാലായ്മ തുടങ്ങീ അശുദ്ധികാലങ്ങൾ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കണം. പ്രധാനവാതിലിനു മുൻപിലായി കുറുകെ കയർ വലിച്ചുകെട്ടി തുണികൾ ഉണങ്ങാനിടരുത്. വീടിന്റെ മുൻഭാഗത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കരുത്. യഥാസമയം മാലിന്യങ്ങൾ നീക്കാനുള്ള സംവിധാനങ്ങൾ ഭവനത്തിലുണ്ടായിരിക്കണം. വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന ചൂലും മറ്റും വീടിനു പുറത്തായി സൂക്ഷിക്കുന്നതാണ് ഉത്തമം.

ചുരുക്കത്തിൽ നാം വസിക്കുന്ന ഭവനത്തെ ഒരു ദേവാലയത്തിനു തുല്യമായി കരുതി നിത്യവും പരിപാലിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA