Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവിനെ ഭയപ്പെടേണ്ട : കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുവിന്റെ കാര്യത്തിൽ എന്തു പറഞ്ഞാലും മലയാളിക്ക് സംശയമാണ്. വീട്ടുടമസ്ഥന്റെ ഏതെങ്കിലും ഒരു ബന്ധു തെങ്ങിൽനിന്ന് വീണാലും കുറ്റം വാസ്തുവിന്. ഇത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നാണോ വാസ്തു? വാസ്തുകലയിലെ ചോദ്യം ചെയ്യപ്പെടാത്ത ആചാര്യന്മാരായ കാണിപ്പയ്യൂർ കുടുംബത്തിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.

 • സമകാലികം, പരമ്പരാഗതം ഇങ്ങനെ ഏതു ശൈലിയിലുള്ള വീടുകൾക്കും വാസ്തു ബാധകമാണോ?
  തീർച്ചയായും ബാധകമാക്കാം. ഭൂമിയിൽ നിർമിക്കുന്ന ഏതുതരം ഗൃഹങ്ങളും വാസ്തുവിന്റെ നിയമങ്ങളിൽ വരും. കാരണം പ്രകൃതിയോടിണങ്ങുന്ന വീടുകൾ നിർമിക്കാനുള്ള മാർഗദീപമാണ് വാസ്തു. അപ്പോൾ ഗൃഹം ഏതു ശൈലിയിൽ ഉള്ളതാണെന്നത് വിഷയമല്ല.

 • കേരളത്തിന് പുറത്ത് വീടു വയ്ക്കുന്ന മലയാളികൾക്ക് വാസ്തുനിയമങ്ങൾ വ്യത്യസ്തമായിരിക്കുമോ?
  കാര്യമായ വ്യത്യാസങ്ങളില്ല. ഉദയസൂര്യന്റെ രശ്മികൾ ഏൽക്കുന്ന ഭൂമിയാണ് വാസയോഗ്യം. അതായത് കിഴക്കോട്ട് താഴ്ചയുള്ള സ്ഥലം. ഭൂമിയിലെവിടെയാണെങ്കിലും സൂര്യൻ കിഴക്കാണല്ലോ ഉദിക്കുന്നത്. കാറ്റ്, മഴ, വെയിൽ ഇവയുടെ ദിശയ്ക്കും കാഠിന്യത്തിനും അനുസരിച്ച് അതാതിടങ്ങളിൽ ചില്ലറ വ്യത്യാസമുണ്ടാകും. ഭൂമിയുടെ കിടപ്പാണ് ഏറ്റവും പ്രധാനം.

 • ഫ്ളാറ്റുകൾക്ക് എത്രമാത്രം യോജിച്ചതാണ് വാസ്തു? തമിഴ്നാട്ടിലും പാലക്കാടും മറ്റുമുള്ള അഗ്രഹാരങ്ങൾ കണ്ടിട്ടില്ലേ, പൊതുവായ ഭിത്തികളും വഴികളുമാണുള്ളത്. പക്ഷേ, പ്രവേശനം വെവ്വേറെ വാതിലുകളിലൂടെ. ഫ്ളാറ്റുകൾ അന്തരീക്ഷത്തിലേക്ക് ലംബമായി ഉയർന്നു നിൽക്കുകയാണെങ്കിൽ അഗ്രഹാരങ്ങൾ തിരശ്ചീനമായി വരുന്നെന്നു മാത്രം. ഫ്ളാറ്റിനു തത്തുല്യമായി വാസ്തുവിൽ പറയുന്ന അഗ്രഹാരങ്ങളുടെ നിയമങ്ങൾ ഫ്ളാറ്റിനും ബാധകമാണ്. ഇനി ഉയരത്തിനെക്കുറിച്ചാണെങ്കിൽ പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ ഒരു ക്രമത്തിലാണ് ഉയരം തരംതിരിച്ചിരിക്കുന്നത്. ഇതിൽ അഗ്നി എന്ന പദത്തിൽ ഒരിക്കലും കെട്ടിടത്തിന്റെ ഉയരം വന്ന് അവസാനിക്കാൻ പാടില്ല. മറ്റേത് പദത്തിലാണെങ്കിലും കുഴപ്പമില്ല.

 • പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് എന്തൊക്കെ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കണം? ഭൂമിയുടെ കിടപ്പനുസരിച്ച് വീടിന്റെ ദർശനം എങ്ങോട്ടായിരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. ആ ദർശനത്തിനനുസരിച്ച് അതിർത്തിയിൽനിന്നും കൃത്യമായി അകലം വിട്ട് വീടിന്റെ വലുപ്പം അതായത് മുഴുവൻ സ്ക്വയർഫീറ്റ് ഏരിയ ആദ്യംതന്നെ തീരുമാനിച്ചു വയ്ക്കാം. വാസ്തുനിയമങ്ങൾക്കനുസരിച്ച് മുറികളുടെ സ്ഥാനങ്ങളും നിർണയിക്കാം. മുറികളുടെ അളവുകളും മറ്റും പിന്നീട് പരിശോധിച്ചാൽ മതിയാകും.

 • തലമുറകൾ ഇല്ലാതിരിക്കുക, പുരുഷന്മാർക്ക് അകാലമൃത്യു സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വാസ്തുവുമായി ബന്ധമുണ്ടോ? കോൺതിരിഞ്ഞിരിക്കുന്ന ഗ്രഹങ്ങളെക്കുറിച്ച് അങ്ങനെ ചില സൂചനകൾ കാണാം. വടക്കുകിഴക്ക് ദർശനമായിരിക്കുന്ന ഗൃഹങ്ങൾക്ക് കുലനാശം സംഭവിച്ചേക്കാമെന്ന് പറയുന്നുണ്ട്. ഇതിനർഥം ഇത്തരത്തിലുള്ള വീടുകളിൽ കുട്ടികളുണ്ടാവില്ല എന്നല്ല. ഗൃഹനാഥന്റെ, അതായത് ഭൂമി ആരുടെ പേരിലാണോ അയാളുടെ ജാതകവശാലുള്ള കാര്യങ്ങളിൽ സ്വാധീനിക്കാം.

  നാലുകെട്ടുകൾക്ക് വേണ്ടിയുണ്ടാക്കിയ വാസ്തുനിയമങ്ങൾ കോർട്യാർഡ് ഇല്ലാത്ത ആധുനിക വീടുകൾക്ക് ചേരുമോ? വാസ്തുനിയമങ്ങൾ നാലുകെട്ടിനു മാത്രമുള്ളതാണെന്നത് പരക്കെയുള്ള തെറ്റിദ്ധാരണയാണ്. ഏകശാല, ദ്വിശാല, ത്രിശാല, ചതുർശാല എന്നിങ്ങനെ പലതരം ഭവനങ്ങൾ വാസ്തുവിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ നാലുകെട്ട് ചതുർശാലാഗണത്തിൽപെടുന്നു. നടുമുറ്റം ഇല്ലാത്ത ഏകശാല, ദ്വിശാല എന്നിവയുടെ നിയമങ്ങളെല്ലാം തന്നെ ആധുനിക വീടുകൾക്കും ബാധകമാണ്.

 • മുറികളുടെ വലുപ്പം കൂടുതലാവുന്നത് വാസ്തുനിയമങ്ങൾക്ക് ലംഘനമാകുമോ? ഭൂമിയുടെ വലുപ്പത്തിനനുസരിച്ച് മുറികളുടെ അളവും തീരുമാനിക്കാം. ഇതിന് ചില കണക്കുകളുണ്ട്. സമതതം, പാദാധികം, അർധാതികം, പാദോനം എന്നിങ്ങനെ നാലുവിധത്തിലുള്ള അനുപാതം പാലിക്കേണ്ടതുണ്ട്. ഒരു നിശ്ചിത അളവിൽ മാത്രമേ മുറികൾ പാടുള്ളു എന്ന് ശാസ്ത്രത്തിലൊരിടത്തും പറയുന്നില്ല.

 • പണ്ട് കാലത്ത് വീടിനു പുറത്തു പണിതിരുന്ന ടോയ്ലറ്റുകൾ ഇന്ന് വീടിനകത്തായി. ഇത് നിയമങ്ങൾക്ക് വിരുദ്ധമാണോ? വിരുദ്ധമല്ല. പണ്ട് പാലിച്ചിരുന്ന ചില ആരാധനാരീതികൾ കാരണമാണ് ശൗചാലയങ്ങൾ പുറത്തേക്കു മാറ്റിയത്. പക്ഷേ ഇന്നത്തെ അണുകുടുംബങ്ങളിൽ ഇത്തരം രീതികൾ ഇല്ലാത്തതിനാൽ ടോയ്ലറ്റുകൾ വീട്ടിനുള്ളിലാവുന്നതുകൊണ്ട് ദോഷമില്ല. മാറുന്ന ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് ആവാസവ്യവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കാം. ഇത് വാസ്തുനിയമങ്ങൾക്ക് എതിരല്ല. ടോയ്ലറ്റ് നൽകാൻ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഗൃഹത്തിന്റെ മധ്യസൂത്രത്തിന് തടസ്സം വരുന്ന രീതിയിൽ ടോയ്ലറ്റ് വരാൻ പാടില്ല.

 • അടുക്കള, വർക് ഏരിയ, പാൻട്രി തുടങ്ങിയവയ്ക്ക് പ്രത്യേകം വാസ്തുപരിഗണന ലഭിക്കുമോ? വാസ്തുവിൽ വടക്കിനിയെ അന്നാലയമായി പറഞ്ഞിരിക്കുന്നു. അതായത് ഭക്ഷണം പാകം ചെയ്യുക, അതിനുവേണ്ട തയാറെടുപ്പുകൾ നടത്തുക, അവയ്ക്കു വേണ്ടുന്ന സാധനസാമഗ്രികൾ സൂക്ഷിക്കുക എന്നിവ വടക്കിനി അഥവാ വടക്കുവശത്തു വരുന്ന മുറികളിലാവാം. കിഴക്കുവശത്തുള്ള മുറികളും ഇതിനു യോഗ്യമാണ്.

 • വീടിനു പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം എത്രയാകാം? അതിനു പ്രത്യേക കണക്കുകളുണ്ടോ? പ്രത്യേകിച്ചൊരു കണക്ക് പറയുന്നില്ല. നാലുകെട്ടുകൾക്ക് എട്ട് ഇടനാഴികളുണ്ട്. അപ്പോൾ എട്ട് വാതിലുകൾ ഉണ്ടാകും. എണ്ണം ശാസ്ത്രത്തിനനുസരിച്ച് പാലിക്കേണ്ട കാര്യമില്ല.

 • ഗോവണിയുടെയും വീട്ടിലേക്കു കയറുന്ന പടികളുടെയും എണ്ണത്തിനു വാസ്തുവുമായി ബന്ധമുണ്ടോ? ഇപ്പറഞ്ഞ രണ്ടു കാര്യത്തിലായാലും പടികളുടെ എണ്ണം ഇരട്ടസംഖ്യയായിരിക്കണം. കയറ്റം ഒറ്റയാവുകയും വേണം. അതായത് രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ പോകണം പടികളുടെ എണ്ണം. 12 പടികൾ ആണെങ്കിൽ പതിമൂന്നാമത് കാൽ കുത്തുന്നത് നിലത്തായിരിക്കണം. പടികളുടെ എണ്ണം 20 എങ്കിൽ കയറ്റം 21.

 • സൈഡ് കോർട്യാർഡുകൾ പണിയുന്നത് അഭിലഷണീയമാണോ? മുമ്പേ പറഞ്ഞിട്ടുള്ള വിഭാഗങ്ങളിൽ ത്രിശാല എന്ന വിഭാഗത്തിലാണ് ഇവ പെടുക. മൂന്ന് വശത്ത് ഗൃഹങ്ങളാകുമ്പോൾ ഒരുവശം കോർട്യാർഡ് ആകും. വടക്കുവശത്തോ കിഴക്കുവശത്തോ ആണ് ഈ കോർട്യാർഡ് വരേണ്ടത്.

 • ഫ്രഞ്ച് വിൻഡോ പോലുള്ളവ വാസ്തുവിൽ അനുവദനീയമാണോ? എതിരല്ല. പക്ഷേ അത് ഫ്രാൻസിന് യോജിച്ച രീതിയാണ്. പ്രകൃതിയിലുള്ള കാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനാണ് വീട്. ഫ്രഞ്ച് വിൻഡോയിലൂടെ ക്രമാതീതമായ വെയിൽ ഉള്ളിലേക്ക് വരും. കൂടുതൽ വെയിലടിക്കുന്ന ഭാഗത്ത് ഇവ സ്ഥാപിച്ചാൽ വീട്ടിനുള്ളിൽ ചൂട് കൂടും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

 • ഓപൻ പ്ലാനിൽ മുറികൾ ഒഴുകിക്കിടക്കുകയാണ് എന്ന് പറയാം. വാസ്തു തടസ്സപ്പെടുമോ? ബാധിക്കില്ല. ഗൃഹത്തിനെ മൊത്തം ഒരു ചതുരമായിട്ടെടുത്താൽ പ്രത്യേക സ്ഥാനങ്ങളിൽ നിന്ന് ഭക്ഷണം പാകം ചെയ്യുക, ശയിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് വാസ്തു നൽകുന്നത്. ഇപ്പറയുന്ന സ്ഥാനങ്ങൾ ഭിത്തി കൊണ്ട് മറച്ച വെവ്വേറെ മുറികളായിരിക്കണമെന്ന് നിർബന്ധമില്ല. വീടിന്റെ ചുറ്റളവുകളും ഉള്ളളവുകളുമാണ് പ്രധാനം. അതിനാൽ ഓപൻ പ്ലാൻ വാസ്തുവിന് തടസ്സമല്ല.

 • കുട്ടികളുടെ കിടപ്പുമുറിയും പഠനമുറിയും ഒന്നായാൽ കുഴപ്പമുണ്ടോ? ശയനവിദ്യാഭ്യാസനങ്ങൾക്ക് ഉത്തമം കോൺഗൃഹങ്ങളാണ്. അതായത്, വടക്കോട്ടോ തെക്കോട്ടോ മുഖമായിട്ടുള്ള വീടുകൾക്ക് തെക്കുപടിഞ്ഞാറും തെക്കുകിഴക്കും വരുന്ന മുറികൾ ശയനവിദ്യാഭ്യാസഗൃഹങ്ങളായി ഉപയോഗിക്കാം.

 • പണം സൂക്ഷിക്കുന്ന മുറികൾക്കുള്ള പ്രത്യേക നിയമങ്ങളുണ്ടോ? തെക്കിനിയും പടിഞ്ഞാറ്റിനിയുമാണ് ധനാലയങ്ങൾ. അതായത് പടിഞ്ഞാറും തെക്കുമുള്ള സ്ഥാനങ്ങൾ അഥവാ മുറികൾ. പടിഞ്ഞാറ് വരുന്ന മുറികൾക്ക് കിഴക്കോട്ട് വാതിൽ നൽകാം. തെക്ക്വശത്തെ മുറികൾക്ക് വടക്കായിരിക്കണം വാതിൽ. പണ്ടത്തെക്കാലത്ത് ധാന്യം തന്നെയായിരുന്നു ധനം. അതാണ് പത്തായപ്പുരകൾ ഈ ഭാഗത്ത് വരാൻ കാര്യം.

 • വീട്ടിൽ സ്നേഹവും ഐക്യവും ഉണ്ടാകാൻ വാസ്തു നിയമങ്ങൾക്കാകുമോ? തീർച്ചയായും സഹായിക്കും. ദിശ കൃത്യമാകണം. പ്രധാന ദിശകളും അപ്രധാന ദിശകളും ഉണ്ട്. കൃത്യമായ കിഴക്ക്, കൃത്യമായ വടക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ് എന്നിവയാണ് പ്രധാന ദിശകൾ. വടക്ക്കിഴക്ക്, വടക്ക്പടിഞ്ഞാറ്, തെക്കുകിഴക്ക് എന്നിങ്ങനെ പോകുന്നു അപ്രധാന ദിശകൾ. ഇങ്ങനെ അപ്രധാന ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന വീടുകളിൽ സ്വസ്ഥത കുറയാൻ സാധ്യതയുണ്ട്.

 • ഗൃഹോപകരണങ്ങൾ സ്ഥാപിക്കുന്നതിന് പ്രത്യേക നിയമങ്ങൾ വല്ലതും? അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം കിഴക്കോട്ടു തിരിഞ്ഞുനിന്നായാൽ നന്ന്. കട്ടിൽ കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് തല വരുന്ന രീതിയിൽ വേണം നൽകാൻ. ക്ലോസറ്റ് ഉപയോഗിക്കുമ്പോൾ വടക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് തിരിഞ്ഞിരിക്കാം. ടിവി, വാഷിങ്മെഷീൻ, ഫ്രിഡ്ജ് എന്നിവയ്ക്കൊന്നും പ്രത്യേകം സ്ഥാനമില്ല.

 • അസുഖബാധിത സ്ഥലങ്ങളിൽ എന്തു ചെയ്യാൻ കഴിയും? വേണ്ട സ്ഥലത്ത് വായുവും വെളിച്ചവും കിട്ടാതിരുന്നാൽ സൂത്രത്തിന് തടസ്സം നേരിടും. നാഡീരോഗപീഡകൾ ഉണ്ടാകാം. സൂത്രത്തിന്റെ വഴിക്ക് തൂണോ ഭിത്തിയോ വന്നാൽ സൂത്രതടസ്സം നേരിടാം. ഇക്കാര്യത്തിൽ പല നേരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

 • വീട്ടിലെ കുടുംബനാഥന് വാസ്തുശാസ്ത്രത്തിൽ എന്തൊക്കെ പ്രത്യേകതകൾ അനുവദിച്ചിട്ടുണ്ട്? വാസയോഗ്യമായ ഗൃഹങ്ങളെക്കുറിച്ചാണ് വാസ്തു പറയുന്നത്. ഗൃഹനാഥന്റെ ജാതകവശാലുള്ള സമയങ്ങൾ സ്വാധീനിക്കാമെന്നല്ലാതെ മറ്റു കാര്യങ്ങളില്ല.

 • വെള്ളത്തിന്റെ സംഭരണം, ഉപയോഗം, പോക്കുവരവ് ഇങ്ങനെ പ്ലംബിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക വാസ്തുനിർദേശമുണ്ടോ?

ഒരു ഉപകരണത്തിനകത്തുകൂടി ജലം കടത്തിവിടുന്നതിനെപ്പറ്റിയാണ് പ്ലംബിങ് പറയുന്നത്. അത് വാസ്തുവിന് ബാധകമല്ല. നേരെമറിച്ച് പ്രകൃതിദത്തമായി ലഭിക്കുന്ന ജലം കെട്ടിനിർത്തുന്നതിനെക്കുറിച്ചും ഉപയോഗിക്കുന്നതിനെപ്പറ്റിയും വാസ്തുവിൽ പ്രതിപാദിക്കുന്നുണ്ട്. വീടിനകത്ത് വെള്ളം കെട്ടിനിർത്തരുതെന്ന് പറയുന്നുണ്ട്. അതായത് വീട്ടിനുള്ളിൽ സ്വിമ്മിങ്പൂൾ ആവശ്യമില്ല എന്നു തന്നെ. കെട്ടിനിർത്തുക എന്നതുകൊണ്ട് പാത്രത്തിൽ വെള്ളം വയ്ക്കരുത് എന്നർത്ഥമില്ല. അഥവാ വീടിനുള്ളിൽ ജലാശയം നൽകിയേ തീരൂ എന്നുണ്ടെങ്കിൽ കിഴക്കു വശത്തു നൽകാമെന്നും പറയുന്നുണ്ട്. ഉദയസൂര്യകിരണങ്ങൾ ജലത്തിനെ ശുദ്ധീകരിക്കുമെന്ന ശാസ്ത്രീയ അടിസ്ഥാനത്തിലാണ് ഇത്. യുക്തിപരമായി കാര്യങ്ങൾ കാണാൻ കഴിയണം.

 • കേരളത്തിലെ പഴയ വീടുകൾക്ക് ഒരു സമാനഛായ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഓരോരുത്തരും വ്യത്യസ്തതയ്ക്കുവേണ്ടി ശ്രമിക്കുന്നു. വാസ്തുവിന് എന്തു പറയാനുണ്ട്?

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ വ്യക്തികേന്ദ്രീകൃതമായ വീടുകൾ വയ്ക്കാൻ താൽപര്യപ്പെടുന്നത് മലയാളികളാണ്. ‘ഇഷ്ടാതാനവിതാനമാനനിചയേ എന്നാണ് മനുഷ്യാലയചന്ദ്രികയിൽ പറയുന്നത്. അതായത് ഗൃഹനാഥന് ഇഷ്ടപ്പെട്ട രീതിയിലുള്ള വലുപ്പവും ഡിസൈനുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് ആചാര്യൻ നിയമങ്ങൾ പ്രകാരം ഗൃഹം രൂപകൽപന ചെയ്യണം. അതുകൊണ്ട് വീടുകളുടെ വ്യത്യസ്ത പുറംകാഴ്ചകൾ ഗുണമായിട്ട് തന്നെയാണ് വാസ്തു കാണുന്നത്.

 • മഴയുടെ സാന്നിധ്യം വീട്ടിനുള്ളിൽ ശുഭകരമാണോ?

നാലുകെട്ടിന്റെ മാതൃക തന്നെ മഴയെ ഉള്ളിലേക്കു ക്ഷണിക്കുന്ന രീതിയിലാണ്. അതിനാൽ ദോഷമില്ല. എന്നാൽ വെള്ളത്തിന് പുറത്തേക്ക് സുഗമമായി പോകാനുള്ള വഴിയൊരുക്കണമെന്നു മാത്രം.

 • നിറങ്ങളെപ്പറ്റി വാസ്തുവിന് എന്താണ് പറയാനുള്ളത്?

നിറങ്ങളെപ്പറ്റി വാസ്തു വിശദമായി പ്രതിപാദിക്കുന്നില്ല. രൗദ്രഭാവത്തോടു കൂടിയ കടുംനിറങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നുണ്ട്.

 • വലിയ പ്ലോട്ടുകളിൽ വീടു നിൽക്കുന്ന ഭാഗത്തെയും പറമ്പിനെയും കട്ടവച്ച് വേർതിരിക്കാറുണ്ട്. ഇതിന്റെ പ്രാധാന്യം?

കട്ടകെട്ടി തിരിക്കുമ്പോഴാണ് വാസ്തു ഒരു സമചതുരമായോ ദീർഘചതുരമായോ രൂപം പ്രാപിക്കുന്നത്. അതിൽ ഒരു വാസ്തുപുരുഷനെ സങ്കൽപിച്ചു കൊണ്ടാണ് നമ്മൾ ഭവനം നിർമിക്കുന്നത്. അതുകൊണ്ട് കട്ടകെട്ടി തിരിക്കുന്ന പ്രക്രിയ വളരെ പ്രാധാന്യമേറിയതാണ്.

 • വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട അലങ്കാരം?

അലങ്കാരം എന്ന നിലയിൽ ഒന്നും പറയുന്നില്ല. അസ്ഥിവാരം, തറ, ഭിത്തി, മേൽപുര എന്നിവയാണ് വീടിന്റെ പ്രധാന ഭാഗങ്ങൾ. ഇതിൽ അസ്ഥിവാരത്തിന് അലങ്കാരത്തിന്റെ ആവശ്യമില്ല. മറ്റുള്ളവയ്ക്ക് അലങ്കാരമാവാം.

 • ഫ്ളാറ്റ് സമുച്ചയത്തിനു മുഴുവനായിട്ടാണോ അതോ അപ്പാർട്മെന്റിനു മാത്രമായിട്ടാണോ വാസ്തു നോക്കേണ്ടത്?

മുഴുവനായിട്ടും നോക്കണം. അപ്പാർട്മെന്റുകൾക്കും നോക്കണം. മുഴുവനായിട്ട് നോക്കുമ്പോൾ അതിന്റെ കോമൺ എൻട്രിയിലും മറ്റും സൂത്രദോഷങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ അപ്പാർട്മെന്റിനെയും ദീർഘചതുരമോ ചതുരമോ ആയി എടുത്ത് അതിന്റെ ഉള്ളളവുകൾ നോക്കേണ്ടതുമുണ്ട്.

 • വീടിനുള്ളിൽ ചെടികൾ വയ്ക്കാമോ?

പാത്രത്തിൽ ചെടികൾ വളർത്താം. എന്നാൽ കള്ളിച്ചെടി പോലെ മുള്ളുള്ള ചെടികൾ പാടില്ല. അതുപോലെ നടുമുറ്റത്തും ചെടികൾ വേണ്ട.

 • പർഗോള നൽകുന്നതിനെപ്പറ്റി?

ഏതു മുറികളിലും നൽകാം. വടക്കുവശത്തോ കിഴക്കുവശത്തോ ത്രിശാല സങ്കൽപത്തിൽ വരുന്ന സ്ഥലങ്ങളിൽ നൽകുന്നതാണ് കൂടുതൽ അനുയോജ്യം.

 • മഴവെള്ളസംഭരണി, സൗരോർജ പാനലുകൾ എന്നിവ വീടിനോട് ചേർന്ന് വരാമോ?

സംഭരണി ഭൂമിയിലാണെങ്കിൽ അത് വടക്ക് ഭാഗത്തോ കിഴക്ക് ഭാഗത്തോ വരുന്നതാണ് ഉചിതം. ടെറസ്സിനു മുകളിലെ വാട്ടർടാങ്ക് ഈ ഗണത്തിൽ പെടുന്നില്ല. സോളാർ പാനലുകൾക്ക് എതിർപ്പില്ല.

 • പഴയകെട്ടിടങ്ങൾ പൊളിച്ചു കിട്ടുന്ന മച്ച്, ജനൽ, ഓട് തുടങ്ങിയ പലതും പുതിയ വീട് നിർമിക്കുമ്പോൾ ഉപയോഗിക്കാമോ?

ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ പഴയ തടി ഉരുപ്പടികൾക്ക് കേടുപാട് തീർക്കാൻ പുതിയവ ചേർക്കുമ്പോൾ അതേ ജാതി മരം തന്നെയെന്ന് ഉറപ്പു വരുത്തുക. അതായത് തേക്കിൻകട്ടിളയുള്ള ജനലിന് തേക്കിന്റെ തന്നെ വാതിലുകൾ വയ്ക്കണം. ജീർണതയുള്ള യാതൊരു വസ്തുക്കളും പുനരുപയോഗിക്കരുത്.

 • ലാൻഡ്സ്കേപിങ് ചെയ്യുമ്പോൾ വാസ്തു ബാധകമാണോ?

ഭൂമിയുടെ സ്വാഭാവിക കിടപ്പിനെ മാറ്റിമറിക്കുന്നതാണ് ലാൻഡ്സ്കേപ്പിങ്. അത് വീടിന്റെ ഘടനയെയോ വാസ്തുനിയമങ്ങളെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ചെയ്യാം.

 • ഫർണിച്ചറിനെക്കുറിച്ച് വാസ്തുശാസ്ത്രം പറയുന്നത്?

സമചതുരം, ദീർഘചതുരം, എട്ടുപട്ടം (ഒക്ടഗൺ), അർധവൃത്താകൃതി, വൃത്തം, ത്രികോണം എന്നിങ്ങനെ ഫർണിച്ചറിന് പല ആകൃതികളും വാസ്തുശാസ്ത്രം കൽപിച്ചു നൽകിയിട്ടുണ്ട്. പാത്രങ്ങൾക്കും രഥങ്ങൾക്കും വരെ വാസ്തുവിൽ ആകൃതികൾ നിഷ്കർഷിച്ചിട്ടുണ്ട്.

 • ട്രസ് ഇടുന്നതിന് കണക്കുണ്ടോ? ട്രസ്സ് എന്നു പറഞ്ഞാൽ ഒരർത്ഥത്തിൽ വീടിന്റെ മേൽക്കൂര തന്നെയാണ്. കഴുക്കോലിനു പകരം റാഫ്റ്ററുകളും ഓടിനു പകരം ഷീറ്റും വരുന്നെന്ന വ്യത്യാസം മാത്രം. അതിനാൽ മേൽക്കൂരയുടെ കാര്യത്തിൽ വേണ്ടുന്ന കണക്കുകളും കാര്യങ്ങളും ഇവിടെയും പാലിക്കാം.

 • സ്റ്റെയർകെയ്സിനു താഴെ പൂജാമുറി നൽകാൻ പാടില്ല എന്നു പറയുന്നതിൽ കാര്യമുണ്ടോ? കോണിപ്പടിക്കു കീഴെ ചരിഞ്ഞ സ്ഥലമാണെങ്കിൽ പൂജാമുറി ഒഴിവാക്കുന്നതാണ് നല്ലത്. പരന്ന് ഏഴടിയെങ്കിലും ഉയരമുള്ള സ്പേസ് ആണെങ്കിൽ കുഴപ്പമില്ല.

 • തെക്കുപടിഞ്ഞാറേ മൂല (കന്നിമൂല)യ്ക്ക് വാസ്തുവിൽ വളരെ പ്രാധാന്യമാണല്ലോ. ഇവിടെ എന്തൊക്കെ ഒഴിവാക്കണം. ഇവിടെ ഏതുമുറി നൽകുന്നതാണ് ഏറ്റവും ഉചിതം?

വാസ്തവത്തിൽ അത്ര പ്രാധാന്യമില്ല. ആളുകൾ പറഞ്ഞുണ്ടാക്കിയ പ്രാധാന്യമാണ്. തെക്കിനിയുടെയും പടിഞ്ഞാറ്റിനിയുടെയും കോൺഗൃഹമായി വരുന്നതിനാൽ ഇത് ശയനവിദ്യാഭ്യാസത്തിന് യോഗ്യമാണ്. അതായത് പഠിക്കുന്നതിനും ഉറങ്ങുന്നതിനും. ടോയ്ലറ്റ് ഒഴിവാക്കാവുന്നതാണ്. പക്ഷേ അടുക്കള യാതൊരു കാരണവശാലും പാടില്ല.

 • ചെറിയ വീടുകളിൽ ഊണുമുറിയിലും അടുക്കളയിലും മറ്റും പൂജാമണ്ഡപങ്ങൾ സ്ഥാപിച്ചു കാണാറുണ്ട്. ഇത് ശരിയാണോ?

ഇപ്പറയുന്നിടത്ത് പൂജയൊന്നും നടക്കാറില്ല. അതുകൊണ്ട് അതിനെ പ്രാർഥനാസ്ഥാനങ്ങൾ എന്നു വിളിച്ചാൽ മതി. ഇതിൽ പ്രത്യേകിച്ച് തെറ്റില്ല. കാരണം പണ്ട് കാലത്ത് ‘അടുക്കളത്തേവാരം എന്നൊരു രീതിയുണ്ടായിരുന്നു. സ്ത്രീകൾക്ക് അടുക്കളയിൽ തന്നെ പ്രാർഥിക്കാനൊരു സ്ഥലം ഒരുക്കി നൽകിയിരുന്നു. ഇതൊക്കെ നമ്മുടെ മനസ്സിന്റെ തൃപ്തി എന്നതേ ഉള്ളു.

 • വീട്ടുപണിക്കാരെക്കുറിച്ച് വാസ്തുവിൽ പരാമർശമുണ്ടോ?

വീട്ടുപണിക്കാരെ നാലായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. സ്ഥാപത്യവേദം അഭ്യസിച്ച സ്ഥപതി ആണ് രൂപകൽപന ചെയ്യുന്നത്. ഇന്നത്തെ ആർക്കിടെക്ട്. സ്ഥപതിയുടെ നിർദേശാനുസരണം പ്രവർത്തിക്കുന്ന സൂത്രഗ്രാഹി നിർമാണസാമഗ്രികളും പണിക്കാരെയും ഒരു കുടക്കീഴിലാക്കുന്നു. ഒരു കോൺട്രാക്ടറെപ്പോലെ. ഇവർക്കു താഴെയുള്ളയാളാണ് തക്ഷകൻ. അയാൾ വർധകിമാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു. തക്ഷകൻ ഒരു സൂപ്പർവൈസറും വർധകി സാധാരണ പണിക്കാരനും ആകുന്നു.

 • വീട്ടിൽ ജിം ഒരുക്കുമ്പോൾ?

വ്യായാമഗൃഹങ്ങൾക്ക് വടക്ക്പടിഞ്ഞാറേ മൂലയാണ് പറയുന്നത്. ക്രീഡാഗൃഹങ്ങളും ഇവിടെത്തന്നെയാവാം. ചൂതുകളി പോലെയുള്ളവയാണ് ക്രീഡ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 • വീടിനുള്ളിൽ ഗ്ലാസിന്റെ ഉപയോഗത്തിനെ വാസ്തു എങ്ങനെ കാണുന്നു?

ഭംഗിയുടെ കാര്യം കൂടി ചിന്തിച്ചു കൊണ്ടാണ് ഗ്ലാസിനെ പരിഗണിക്കുന്നത്. ഉപയോഗിക്കുന്നതിൽ ദോഷമില്ല. മുഖം നോക്കുന്ന കണ്ണാടിയുടെ കാര്യമൊക്കെ വാസ്തുവിൽ പറയുന്നുണ്ട്. പഴയ ജനാലകൾക്കൊന്നും ഗ്ലാസ് ഉപയോഗിച്ചിട്ടില്ല. കാരണം പുറത്തെ ചൂട് ഉള്ളിൽ വരരുത് എന്നുകരുതിതന്നെ. നേരത്തേ പറഞ്ഞ ഫ്രഞ്ച് വിൻഡോയുടെ കാര്യവും ഇതിനോട് ചേർത്തു വായിക്കാം. ഭിത്തികൾക്ക് പകരം ടഫൻഡ് ഗ്ലാസ് ഉപയോഗിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഗ്ലാസ് അവിടെയുണ്ടെന്ന് പെട്ടെന്ന് മനസ്സിലാകില്ല. ഇതിൽ പോയി ഇടിച്ച് നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. അപ്പോൾ പ്രായോഗികമായ ചില കാര്യങ്ങൾ കൂടി കണക്കാക്കണം.

 • നടുമുറ്റത്ത് പൂജാമുറി ഒരുക്കാമോ?

പണ്ട് കാലത്തെ നായർ തറവാടുകളിലും മറ്റും ചില ഉപാസനാരീതികളും ആചാരാനുഷ്ഠാനങ്ങളുമുണ്ടായിരുന്നു. മിക്കയിടത്തും തുളസിത്തറയോ മുല്ലത്തറയോ കാണാം. അങ്ങനെയുള്ളിടത്ത് കുഴപ്പമില്ല. പക്ഷേ പുതിയ രീതിയിൽ പൂജാമുറി ഒരുക്കുമ്പോൾ സൂത്രത്തിന് ഹേമം (തടസ്സം) നേരിടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

 • ആധുനികവീടുകളും വാസ്തുവും

ആധുനികവീടുകളിലെ എല്ലാ ഘടകങ്ങളും വാസ്തുവിൽ പ്രതിപാദിക്കുന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ യുക്തിക്ക് മുൻതൂക്കം കൊടുക്കുക.

വിലാസം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
കുന്ദംകുളം, തൃശൂർ e-mail id: kanipayoor@gmail.com

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer