Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ ശുഭാശുഭത്വങ്ങൾ ഒറ്റനോട്ടത്തിൽ

signs-and-planets-astrology നല്ല ഭൂമി ഒറ്റനോട്ടത്തിൽ തന്നെ മനസിന് ഇണക്കവും കുളിർ‌മയും സന്തോഷവും തരും

വാസയോഗ്യമായ ഗൃഹം ഏവരുടെയും സ്വപ്നമാണ്. വീടു പണിയുന്നതിന് ലക്ഷണമൊത്ത കണക്കു മാത്രം പോരാ. ശുദ്ധവും ശുഭവും സമതലവുമായ വാസ്തുവായിരിക്കണം ഗൃഹം പണിയാൻ തിരഞ്ഞെടുക്കേണ്ടത്. ഭൂമിക്കു സ്വാഭാവികമായി കിട്ടിയിട്ടുളള ചില ഗുണങ്ങളുണ്ട്. പ്രഥമദൃഷ്ട്യാ തന്നെ അത്തരം ഭൂമി മനസ്സിന് ഇണക്കവും കുളിർ‌മയും സന്തോഷവും തരും. 

ഗോക്കൾക്കും മറ്റു മൃഗങ്ങൾക്കും മനുഷ്യർക്കും സുഖവാസത്തിനു സ്വയമേവ യോഗ്യമെന്നു കാണുന്ന പ്രദേശം താമസത്തിന് ഉത്തമമാണ്. നല്ല വായുവും ശീതോഷ്ണാദികളിൽ സമത്വവുമുളള പ്രദേശങ്ങളിൽ മാത്രമേ മനുഷ്യരെന്നല്ല മറ്റു ജന്തുക്കൾ പോലും വിശ്രമിക്കാറുളളൂ. അങ്ങനെയുളള ഭൂമിയും കായും പൂവും പാലുമുളള വൃക്ഷങ്ങളോടു കൂടിയതും സമനിരപ്പായോ കിഴക്കോട്ട് അല്പമൊന്ന് ചരിഞ്ഞോ മിനുസമുളളതോ ആയ പറമ്പും താമസത്തിന് ഉത്തമമാണ്. 

വീടിന്റെ മുറ്റത്ത് ആരെങ്കിലും സഞ്ചരിക്കുമ്പോൾ പാദന്യാസം കൊണ്ട് ഉണ്ടാവുന്ന ശബ്ദം അകത്തിരിക്കുന്നവർക്ക് അറിയത്തക്ക വിധത്തിലുളള ഗംഭീരനാദമുളളതും വലതുവശം ജലത്തിന്റെ നീരൊഴുക്കുളളതും വിത്തിട്ടാൽ മൂന്നു ദിവസത്തിനുളളിൽ മുളയ്ക്കുന്നതും ഒരു കോൽ സമചതുരത്തിൽ ഒരു കോൽ താഴ്ത്തി ഒരു കുഴി കുഴിച്ച് ആ മണ്ണു കൊണ്ടു തന്നെ അതു നികത്തിയാൽ മണ്ണ് ശേഷിക്കുന്നതും വെളളം വറ്റാത്തതും ശീതകാലത്ത് ശൈത്യവും ഉഷ്ണക്കാലത്ത് ചൂടും ഉപദ്രവകരമായി തീരാത്തതും സുഖവാസയോഗ്യമാണെന്ന് തോന്നുന്ന പറമ്പും വാസയോഗ്യമാണ്.

ഈ ലക്ഷണങ്ങൾക്ക് വിപരീതങ്ങളായ വാസ്തു താമസത്തിനു ശുഭമല്ല. ഏതാനും ശുഭലക്ഷണങ്ങളും ഏതാനും അശുഭലക്ഷണങ്ങളും കൂടി ഇട കലർന്നു കാണുന്ന പറമ്പ് മധ്യമമായി  സ്വീകരിക്കാവുന്നതാണ്. ശുഭത്വലക്ഷണങ്ങൾ മാത്രമായി കാണുകയെന്നതു വളരെ‌ വിരളവും ദുർലഭവുമാണ്. ദർഭയും കുശപ്പുല്ലും ഉളള പ്രദേശങ്ങൾ ബ്രാഹ്മണർക്കും കറുകെയുളള പ്രദേശം ക്ഷത്രിയർക്കും കായും പൂവുമുളള സസ്യ ജാല പ്രദേശം വൈശ്യന്മാർക്കും പുല്ലുകൾ ധാരാളമുളള പ്രദേശം ശൂദ്രർക്കും ശോഭനമാകുന്നു. 

അശുഭമായ ഭൂമിയുടെ ലക്ഷണങ്ങൾ:

നദീ പ്രവാഹം കൊണ്ട് ഏതാനും ഭാഗം ലുപ്ത രൂപമെന്ന നിലയില്‍ വന്നതും വരാൻ എളുപ്പമുളളതുമായ ഭൂമി താമസത്തിന് അശുഭമാകുന്നു. വലിയ പാറകളുളള ഭൂമിയും മലകളോട് ഏറ്റവും അടുപ്പമുളള പറമ്പും ഗുഹകളും ചില പൊത്തുകളും ഉളള ഭൂമിയും താമസത്തിനു യോഗ്യമല്ല. ശരിക്കു ചതുരശ്ര രൂപമല്ലാത്ത വളവുകളോടു കൂടിയതും വൃത്തരൂപത്തിലുളളതും വണ്ടിയുടെ ആകൃതി പോലെ തോന്നിക്കുന്നതും കാഴ്ചയ്ക്കു ഭംഗിയില്ലാത്തതും ഉലക്കയുടെ പുറം പോലെ ഉരുണ്ടിരിക്കുന്നതും കണ്ടാൽ ഭയങ്കരാവസ്ഥ ഉണ്ടാക്കുന്നതും കൊടുങ്കാറ്റുണ്ടാകുന്നതു നിമിത്തം പലവിധ ഉപദ്രവങ്ങളുളളതും കരടി മുതലായ ദുഷ്ട ജന്തുക്കളുളളതും ശുഭ‍ലക്ഷണങ്ങൾക്കു നേരെ വിപരീത ലക്ഷണങ്ങളോടു കൂടിയതും കുറുക്കന്റെ പുറം പോലെ ഇടകലർന്ന ചില വർണ്ണഭേദങ്ങളോടു കൂടിയതും  മിനുസമില്ലാത്തതും ജന്തുക്കളുടെ പല്ലുകൾ, നഖങ്ങൾ, ചുടുകാട്, പുറ്റ്, ദുഷ്ടന്മാരുടെ നിവാസം ഇത്യാദി ദോഷങ്ങളോടു കൂടിയതും പെരുവഴി, അശ്വത്ഥാദി മഹാവൃക്ഷങ്ങൾ, ദേവാലയം, മന്ത്രിമാരുടെ നിവാസസ്ഥലം എന്നീ പ്രദേശങ്ങളും ദുഷ്ടകൃത്യങ്ങൾ‌ക്കു കാരണമായിട്ടുളള പ്രദേശങ്ങളും മനുഷ്യവാസത്തിന് അശുഭകരമാകയാൽ വർജിക്കേണ്ടതാണ്. 

കുടം, മുറം, വില്ല് ഇവയുടെ ആകൃതിയിലുളള ഭൂമിയും ചക്രാകാരം, ത്രികോണാകാരം, മൃദംഗാകാരം എന്നിവയിലുളള ഭൂമിയും സ്ഥിരവാസത്തിനു യോഗ്യമല്ല. കോണുകളിലേക്കു തളളിയിരിക്കുന്ന ഭൂമി, ദുർഗന്ധമുളള ഭൂമി എന്നിവയും മനുഷ്യവാസത്തിന് അശുഭമാകുന്നു. അതുകൊണ്ടു തന്നെ ഗൃഹനിർ‌മാണം തുടങ്ങുമ്പോള്‍ നല്ല ലക്ഷണങ്ങളുളള പറമ്പ് തിരഞ്ഞടുക്കേണ്ടതാണ്. വിദ്വാനായ ജ്യോതിഷ പണ്ഡിതന്റെ അഭിപ്രായം തേടുന്നതും ഭാവിയിലേക്ക് ശ്രേയസ്കരമാകുന്നു. 

ലേഖകന്റെ വിലാസം:

ഒ.കെ. പ്രമോദ് പണിക്കർ,

പെരിങ്ങോട്, 

കുറ്റനാട് (വഴി)

പാലക്കാട് ജില്ല

Ph: 9846 309646

     8547 019646

Email – pramodpanickerpgd87@gmail.com

Your Rating: