Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറ്റത്തെ ചില പൂമ‌രങ്ങൾ‌ വീട്ടിലുള്ളവർക്ക് ദോഷം

vasthu-tree

മനോഹരമായ ഒരു ഗൃഹം ചമച്ചാൽ പിന്നീടു ചിന്തിക്കുന്നതു ചുറ്റും കുറെ മനോരമ്യമായ ചെടിയും മരങ്ങളും ഫലവൃക്ഷങ്ങളും നട്ടു വളർത്താനാണ്. പക്ഷേ ചില വൃക്ഷങ്ങളും ചെടികളും ഗൃഹത്തിൽ വസിക്കുന്നവർക്കു ദോഷമുണ്ടാക്കും. ഓരോന്നിനും ഓരോ ദിക്ക് പറയുന്നുണ്ട്.

∙വീടിന്റെ കിഴക്കുവശത്ത് പ്ലാവും പൂത്തിലഞ്ഞിയും പേരാലും വയ്ക്കാം.

∙തെക്കുവശത്ത് അത്തിയും പുളിമരവും ആകാം.

∙പടിഞ്ഞാറുവശത്ത് അരയാലും ഏഴിലംപാലയും ദോഷമില്ല.

∙വടക്കുവശത്തു പുന്നയും ഇത്തിയും നാഗമരവും മാവും വയ്ക്കാവുന്നതാണ്‌.

∙കിഴക്ക് പ്ലാവും വടക്ക് മാവും പടിഞ്ഞാറ് തെങ്ങും വിശേഷമാണ്.

∙അരയാൽ മറ്റുചില ദിക്കിൽ വന്നാൽ അഗ്നിഭയവും ചിത്തഭ്രമവും പേരാൽ ശത്രുക്കളിൽ നിന്നുള്ള ആയുധപീഡയും അത്തി ഉദയരോഗവും ഉണ്ടാക്കുന്നു.

∙വിപരീതദിക്കിൽ വൃക്ഷങ്ങൾ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. (പുരാതനമായ വൃക്ഷങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അതു നിലനിർത്താം എന്നു പക്ഷാന്തരമുണ്ട്. അതുപോലെ അരയാലിനു കിഴക്കേ ദിക്ക് പക്ഷാന്തരമായി പറയുന്നുണ്ട്)

കുമിഴ്, കൂവളം, കടുക്ക, താന്നി, കൊന്ന, നെല്ലി, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവ ഗൃഹപാർശ്വങ്ങളിൽ ദോഷമില്ല. വാഴ, പിച്ചകം, ‌വെറ്റിലക്കൊടി മുതലായവ ഏതു ദിക്കിലും വയ്ക്കാം.

വൃക്ഷങ്ങളെ അന്തസ്സാരം (അകത്തു കാതലുള്ളത്), ബഹിസ്സാരം (പുറത്തു കട്ടിയുള്ളത്‌), സർ‌വസാരം (അകവും പുറവും കാതലുള്ളത്), നിസ്സാരം (ബലമില്ലാത്തത്) എന്നിങ്ങനെ തരംതിരിക്കാം.

പ്ലാവ് അന്തസ്സാര വൃക്ഷമാണ്. പുളി, തേക്ക് എന്നിവ സർ‌വസാരം. മുളയും കമുകും ബഹിസ്സാരം. മുരിക്ക് നിസ്സാരവൃക്ഷമാണ്‌.

അന്തസ്സാര വൃക്ഷങ്ങൾ ഗൃഹത്തിൽ നിന്നു പരിധിയിലേക്കുള്ള ദൂരത്തിന്റെ മധ്യഭാഗത്തും സർ‌വസാരം അതിനു പുറമെയും ബഹിസ്സാരം അതിനും പുറമെയുമാണു വയ്ക്കേണ്ടത്.

സ്വർ‌ണം കായ്ക്കുന്ന പൂമരമാണെങ്കിലും വീടിനു സമീപം വയ്ക്കാൻ പാടുള്ളതല്ല എന്നു ശിൽപശാസ്ത്രം പറയുന്നു.

കാഞ്ഞിരം, ചേര്, വയ്യങ്കത, താന്നി, വേപ്പ്, കള്ളിപ്പാല ഇവ വീടിനു സമീപം നല്ലതല്ല.

ഗൃഹനിർ‌മാണത്തിന്‌ ഉപയോഗിക്കാൻ പാടില്ലാത്ത വൃക്ഷങ്ങൾ:

അകത്തു ദ്വാരമുള്ളതും വള്ളികളോടു ചേർന്നു വളരുന്നവയും ലതകളാൽ ചുറ്റപ്പെട്ട വൃക്ഷവും കൃമിദൂഷിത വൃക്ഷവും മുള്ളുള്ള വൃക്ഷവും ഉപയോഗത്തിന് ഗുണകരമല്ല. ദേവന്മാരും മനുഷ്യരും ആശ്രയിക്കുന്ന വൃക്ഷവും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷവും വഴിയിലും ശ്മശാനത്തിലും നിൽക്കുന്ന വൃക്ഷവും സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ വീണതും തീപിടിച്ചതും ആനകുത്തിയതോ ഇടിമിന്നലേറ്റതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്. ദേവാലയത്തിലോ നദീസംഗമത്തിലോ ഉള്ള വൃക്ഷവും ഗൃഹനിർമാണത്തിനു പറ്റിയതല്ല.

പ്ലാശ്, കുടകപ്പാല, പാച്ചോറ്റി, കൂവളം, നെന്മേനി വാക, കടമ്പ്, മലയകത്തി, മുരിക്ക്, കടുക്ക, താന്നി, നെല്ലി, നീർമരുത്, ചതുരകള്ളി, നീർമാതളം, തിപ്പലി, ഏഴിലംപാല, കാഞ്ഞിരം, വയ്യങ്കത, അരയാൽ, പേരാൽ, അത്തി, ഇത്തി, മുള്ളിലവ്,. ലന്തമരം, പനച്ചി, വിളാർമരം, നാഗമരം, വെള്ള കരിങ്ങാലി, കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, പുളിമരം, പാതിരി, അശോകം, കർപ്പൂരം, അകില്, രക്തചന്ദനം, എരിക്ക് എന്നിവ ഗൃഹനിർമാണത്തിന് ഉപയോഗിക്കാൻ പാടില്ല.

ഗീതക്കുട്ടി

ലക്ഷമീനാരായണ, കൊടുങ്ങൂർ

ഫോൺ - 9656132213

sreelakshminarayananastro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.