Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുദോഷ പരിഹാരത്തിന് യന്ത്ര സ്ഥാപനം

ശ്രീചക്ര

ഋഷികളാൽ വിരചിതമായ മന്ത്രങ്ങളും അതിനനുസൃതമായി ചിത്രീകരിക്കപ്പെടുന്ന യന്ത്രങ്ങളും മനുഷ്യർക്ക് നന്മയും സുഖൈശ്വര്യാദികളും നൽകാൻ കഴിവുള്ളവയാണെന്ന് നിസ്സംശയം പറയാം. ശാസ്ത്രീയതയെയും പ്രായോഗികതയെയും സമന്വയിപ്പിച്ച് പ്രകൃതിയിലെ അദൃശ്യ ഊർജ്ജവാഹികളായ അമൂർത്ത ശക്തികളെ മൂർത്തിരൂപത്തിലാക്കി വിധാനം ചെയ്യുമ്പോൾ കിട്ടുന്ന ശക്തി കേന്ദ്രമാണ് യന്ത്രങ്ങൾ. ശാരദാ തിലകം തുടങ്ങിയ മഹാമാന്ത്രിക ഗ്രന്ഥങ്ങളിൽ ഇവയുടെ ശാസ്ത്രീയ വിധികൾ വെളിവാക്കിയിട്ടുണ്ട്. 

സ്വർണം, വെള്ളി, ചെമ്പ് താളിയോല മുതലായവയിൽ തയാറാക്കുന്ന തകിടുകളിലാണ് സാധാരണയായി യന്ത്രലേഖനം ചെയ്തുവരാറുള്ളത്. ഇവയിൽ ശൈശവവും വൈഷ്ണവവും ശാക്തേയവുമുണ്ട്. യന്ത്രലേഖനം ചെയ്തു കഴിഞ്ഞാൽ യന്ത്ര സംസ്ക്കാരവും ജപവും കൃത്യമായി ചെയ്താൽ മാത്രമേ യന്ത്രങ്ങൾക്ക് ഫലസിദ്ധി ഉണ്ടാകൂ. 

യന്ത്രം സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്ത് ഏകദേശം മൂന്നടി താഴ്ചയിൽ ഒരു കുഴിയെടുക്കണം. മുകൾ ഭാഗത്തെ മണ്ണ് മാറ്റി ശുദ്ധമായ വിറകുകൾ നിരത്തി കത്തിക്കണം. ആ ചാരം മാറ്റി പഞ്ചഗവ്യം തളിച്ച് ശുദ്ധമാക്കണം. പുഷ്വാക്ഷതവും ദർഭയും നിക്ഷേപിക്കണം തുടർന്ന് ശുഭമുഹൂർത്തത്തിൽ സ്ഥാപനകർമ്മം നടത്തണം. 

ഗൃഹത്തിന്റെ ഐശ്വര്യത്തിനും അതിൽ താമസിക്കുന്നവരുടെ സുഖാനുഭവങ്ങൾക്കും ധന ലബ്ധിക്കുമായുള്ള മറ്റ് സാത്വിക യന്ത്രങ്ങൾ പൂജാമുറിയിലോ മറ്റ് ശുദ്ധങ്ങളായ സ്ഥാനങ്ങളിലോ ആയിരിക്കണം ഉറപ്പിക്കേണ്ടത്. വാസ്തു ദോഷ പരിഹാരങ്ങൾക്കായി അനവധി യന്ത്രങ്ങൾ മാന്ത്രികശാസ്ത്രം പ്രതിപാദിക്കുന്നെങ്കിലും കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ചുരുക്കം ചില യന്ത്രങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. 

ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഗണപതി ഹോമവും ഭഗവതി സേവയോടുമൊപ്പം ഗൃഹത്തിന്റെ രക്ഷയ്ക്കായി നാലുകോണുകളിലായി സ്ഥാപിക്കുന്നതിന് അനുയോജ്യമായതാണ് മഹാപ്രത്യങ്കിരി യന്ത്രം. ശത്രുക്കളിൽ നിന്നും ശത്രുനിയോഗ ബാലകളിൽ നിന്നും ഗൃഹത്തിനേയും അതിൽ താമസിക്കുന്നവരേയും രക്ഷിക്കാൻ കഴിവുള്ള യന്ത്രങ്ങളിൽ ഒന്നാണിത്. 

തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് സമദീർഘത്തിലും സമാന്തരത്തിലും എട്ടെട്ട് രേഖകൾ വരച്ച് നാൽപത്തിയൊൻപത് ഖണ്ഡങ്ങളാക്കി മന്ത്ര ലേഖനം ചെയ്ത് നിർമ്മിക്കുന്നതാണ് ശാന്തികര യന്ത്രം. ഹ്രീംകാര പ്രാധാന്യമുള്ള ഈ യന്ത്രം ക്ഷേത്രങ്ങൾക്കടുത്ത് വീട് വയ്ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ദോഷങ്ങളെ അകറ്റി ഗൃഹ ഐശ്വര്യം ഉണ്ടാക്കാനും ദേവതാനുഗ്രഹ ലഭ്യതയ്ക്കും വാസ്തുപുരുഷാനുഗ്രഹത്തിനും വേണ്ടിയാണ് സ്ഥാപിക്കുന്നത്. കലികാല ദോഷങ്ങൾ ഗൃഹത്തിനെയും അതിൽ താമസിക്കുന്നവരേയും ബാധിക്കാതിരിക്കാൻ ഏറ്റവും ഉത്തമമായ യന്ത്രമാണിത്. 

അനവധി ഗുണങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ളതാണ് പിണ്ഡയന്ത്രം. ശ്രീ പരമശിവനാൽ പാർവ്വതീദേവിക്ക് ഉപദേശിക്കപ്പെട്ടതാണീ യന്ത്രവും മന്ത്രവും എന്നതിന് വേദങ്ങളും സാക്ഷ്യം വഹിക്കുന്നു. ഗരുഡപഞ്ചാക്ഷര മന്ത്രത്താൽ അഭിഷിക്തമായ ഈ യന്ത്രസ്ഥാപനം വളരെ സൂക്ഷ്മതയോടെ മാന്ത്രികന്റെ ഉപദേശ പ്രകാരം ചെയ്താൽ ഗൃഹത്തിനും ഗൃഹാംഗങ്ങൾക്ക് ദീർഘായുസ്സും ദാരിദ്രനാശം, രോഗപീഢാനാശം വാസ്തു പുരുഷാനുഗ്രഹം എന്നിവ ഉണ്ടാകുന്നതാണെന്ന് അനുഭവം സാക്ഷ്യം. 

ലക്ഷ്മീയന്ത്രം ചെമ്പ് തകിടിൽ എഴുതി വിധി പ്രകാരം വീടിന്റെ മുറ്റത്ത് സ്ഥാപിച്ച് മാനസപൂജചെയ്താൽ സർ വ്വവിധ സമ്പത്തുകളും മാനസിക സന്തോഷവും അഭിവൃദ്ധിയും ആയുരാരോഗ്യവും ദുർദേവതാപീഢയിൽ നിന്നുള്ള മോചനവും ഫലമാകുന്നു. 

അയൽക്കാരും ബന്ധുക്കളുമായും മറ്റുമുള്ള എല്ലാ വിധത്തിലും ജീവിതത്തിലിടപെടേണ്ടിവരുന്ന മഹത് വ്യക്തികളുമായും നീണ്ടു നിൽക്കുന്ന സൗഹൃദത്തിനായി ജാതിമതഭേദമന്യേ ഉപയോഗിക്കാവുന്ന യന്ത്രമാണ് മനോവശ്യ യന്ത്രം. ഇതുകൂടാതെ തന്നെ വശ്യപ്രയോഗത്തിന് ഉപയുക്തങ്ങളായ നിരവധി യന്ത്രങ്ങൾ ഉണ്ട്.‍ 

മഹാസുദർശനയന്ത്രം ആഭിചാരവശാലുള്ള ബാധാദോഷങ്ങളെയും ശത്രുക്കളുടെ പ്രവർത്തികളെയും മറ്റും അകറ്റാനും സ്ത്രീപുരുഷഭേദമെന്യേ ധരിക്കാവുന്നതുമായ ഏക വൈഷ്ണവ യന്ത്രമാണിത്. യന്ത്രരാജൻ എന്ന പേരും ഈ യന്ത്രത്തിനുണ്ട്. അതിൽ നിന്നു തന്നെ ഈ യന്ത്രത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ 

വാസ്തുസംബന്ധമായ സകല ദോഷങ്ങളെയും മാറ്റാൻ കഴിവുള്ളതാണ് വാസ്തു പുരുഷ യന്ത്രം. സൂത്രവേദങ്ങൾ, രജ്ജു ദോഷങ്ങൾ, ആരുഢ പിശകുകൾ, ദിക് നിർണ്ണയദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായാണ് വാസ്തു പുരുഷ യന്ത്രസ്ഥാപനം നടത്തേണ്ടത്. വിധിപ്രകാരം സ്ഥാപിച്ചാൽ പൂർണ ഫലം തരുന്നതാണ് ഈ യന്ത്രം. യന്ത്രങ്ങൾ നിരവധിയുണ്ട്. അവയെല്ലാം വിവരണാതീതവുമാണ്. കലിയുഗത്തിൽ ഇവയുടെ ഉപയോഗം പ്രസക്തവുമാണ്. കള്ളനാണയങ്ങൾ എല്ലാ മേഖലയിലുള്ളതുപോലെ ജനങ്ങൾ ഇതിന്റെ പേരിൽ വഞ്ചിതരാകാൻ ഇടയുണ്ട്. അതിനാൽ പൂർണ്ണബോധ്യവും കഴിവും ഉള്ള ദൈവജ്ഞരേയോ മാന്ത്രികരേയോ ഇക്കാര്യങ്ങൾക്കു വേണ്ടി സമീപിക്കുന്നതാവും ഉചിതം. അക്ഷരങ്ങൾ ചേർന്ന് മന്ത്രങ്ങളാകുമ്പോൾ അതിൽ നിന്നു പ്രവഹിക്കുന്ന ഊർജം വളരെ വലുതാണ്. ഊർജ്ജമാണല്ലോ പ്രകൃതി. എല്ലാ ഊർജ്ജങ്ങളും പ്രകൃതിയിൽ നിന്ന് ഉദ്ഭവിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്നു എന്ന മഹാസത്യത്തിനു മുന്നിൽ കണ്ണടയ്ക്കാതിരിക്കുക.  

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം )

കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646

Email - pramodpanickerpgd87 @gmail .com

 

Your Rating: