Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവും ആരാധനാലയങ്ങളും

വാസ്തു

വാസ് എന്ന സംസ്കൃതപദത്തിന്റെ അർത്ഥം വാസം എന്നാണ്. വാസസ്ഥലം – സ്ഥാനം – പശ്ചാത്തലം ഉപയോക്താക്കൾക്ക് ഉപകാരപ്പെടുംവിധം രൂപകൽപന ചെയ്യുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം അഥവാ വാസശാസ്ത്രം. വസ്തു എന്നാൽ ഭൂമിയുടെ ഒരു നിശ്ചിത ഭാഗം. ഇതു വാസ്തുവാകുമ്പോൾ ഭവനനിർമ്മാണത്തിന് സങ്കൽപിച്ച ഭൂഭാഗത്തിന്റെ ഗുണദോഷം വിചിന്തനം ചെയ്തു അതിനെ വാസയോഗ്യമാക്കി, അവിടെ പ്രകൃതിയും പരമാത്മാവും അനുകൂലമാകുന്ന ഒരു ലയം – താള ഭ്രമം ഉണ്ടാക്കുന്ന ദൈവിക ശാസ്ത്രമാണ് വാസ്തു. വസ്തുവിൽ നിന്നും വാസ്തുവിലേക്കുള്ള അകലം ജീവിതപുരോഗതിയുടെ അത്രയും തന്നെയാണ്. ജീവിതത്തെ നിന്നിടത്തു നിന്ന് പുരോഗതിയുടെ അങ്ങേത്തലവരെ എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രവർത്തിക്കുന്ന അടിസ്ഥാന ശക്തിയാണ് വാസ്തുശാസ്ത്രത്തിലൂടെ ലഭിക്കുന്നത്.

ഇത് വാസത്തിന് മാത്രമല്ല, മനുഷ്യനിർമ്മിതമായ എല്ലാറ്റിലും ഉപയോഗപ്പെടുത്തുന്നു. മുറം, തവി, വട്ടി എല്ലാത്തിലും ഇതിന്റെ തത്വം തന്നെയാണ് ഉൾച്ചേർന്നിരിക്കുന്നത്.

മനുഷ്യരുടെ ഈശ്വരീ സ്ഥാനങ്ങളും ഈ വാസ്തുശാസ്ത്ര വിധേയമായിത്തന്നെയാണ് ലോകത്ത് എല്ലായിടത്തും സംവിധാനം ചെയ്തിരിക്കുന്നത്. ഭൂമിയിലെ ഈശ്വരീയ വാസസ്ഥാനമായാണ് ദേവാലയങ്ങൾ സങ്കൽപിക്കപ്പെടുന്നത്.

ഇന്ത്യ, ചൈന തുടങ്ങിയ സംസ്കാരത്തിൽ വൃത്തം സ്വർഗ്ഗത്തിന്റേയും ചതുരം ഭൂമിയുടേയും പ്രതിബിംബനമാണ്. റോമാ പട്ടണത്തിന്റെ സംവിധായകൻ റോമുലസ് ഈ പട്ടണത്തെ പൊതുവിൽ പ്രകൃതിയെ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്ന രീതിയിൽ നാലായി ഭാഗിച്ചു. റോമിലെ ഈ പ്രാചീന നഗരങ്ങൾ കിഴക്കുനിന്നും പടിഞ്ഞാറോട്ടും, വടക്കുനിന്നും തെക്കോട്ടും ഗതിക്കുന്ന രീതിയാണ് അവലംബിച്ചത്.

ജൂതന്മാരുടെ പല ദേവാലയങ്ങളും കിഴക്കോട്ട് ദർശനമായാണ് രൂപകൽപന. സൂര്യൻ ഊർജ സ്രോതസായതിനാൽ ജീവിതത്തിൽ പുതുമയും പുതുഊർജവും ഇത് നൽകുമെന്ന് അവർ വിശ്വസിച്ചു.

ഭൂരിപക്ഷം ക്രിസ്ത്യൻ പള്ളികളും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് പ്രവേശിക്കുന്ന രീതിയിലാണ്. കിഴക്ക് പ്രകാശത്തിന്റേയും പടിഞ്ഞാറ് ഇരുട്ടിന്റേയും ദിക്കായി കാണുന്നതിനാലാണ് ഇത്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് – വെളിച്ചമേ നയിച്ചാലും എന്നതാണ് ഇതിന്റെ അടിസ്ഥാനം. എന്ന് മാത്രവുമല്ല ക്രിസ്ത്യൻ പള്ളികൾക്ക് ക്രൂശിതനായ ശ്രീയേശുവിന്റെ രൂപസാദൃശ്യമാണുള്ളത്. ഭക്തർ യേശുവിന്റെ ശിരസ്സിന്റെ ഭാഗത്തോട്ട് നിന്നാണ് പ്രാർത്ഥിക്കുന്നത്.

മേൽ സൂചിപ്പിച്ച നാലായി തിരിക്കുന്ന രീതി ചൈനയിലെ പട്ടണങ്ങളിലും നിലനിന്നിരുന്നു. ഇവർ തെക്കിനെയാണ് ഏറ്റവും നല്ല ദിക്കായി വിഭാവനം ചെയ്യുന്നത്.

ഭാരതത്തിൽ വൃത്തത്തെ വാസ്തു പുരുഷ സങ്കൽപത്തിൽ 64 ചതുരങ്ങളാക്കുന്നു.

ഈജിപ്റ്റുകാരുടെ പിരമിഡുകൾ ഇപ്രകാരം തന്നെ സമചതുരത്തിലൂടെ മെനഞ്ഞ് ഒരു ബിന്ദുവിൽ കൊണ്ടെത്തിക്കുന്നു. ഇതിന്റെ സൂചനയും ഭൂമിയിൽ നിന്നും സ്വർഗ്ഗീയ ബിന്ദുവിൽ എത്തുന്നു എന്നതുതന്നെയാണ്.

ഇസ്ലാം മതത്തിൽ അല്ലാഹു എല്ലയിടവും നിറഞ്ഞുനിൽക്കുന്നു. അതിനാൽ വേറൊന്നിനകത്തും അത് അടയ്ക്കപ്പെടാൻ – നിയന്ത്രിക്കപ്പെടാൻ സാധ്യമല്ല. സമചതുര വാസ്തുഭാഷയിൽ പണിതുയർത്തുന്ന ഇസ്ലാം പള്ളികളിൽ ആകാശം – സ്ഥലത്തിനാണ് പ്രാധാന്യം. സർവ്വവ്യാപിയായ ഈശ്വരനെ തൂണോ മറ്റോ കൊണ്ട് തടയാൻ പാടില്ല എന്ന വിശ്വാസത്തിന്റെ ഭാഗമായി തൂണുകളുടെ പോലും എണ്ണം പരിമിതപ്പെടുത്തി ആകാശത്തിലേക്ക് തലയെടുപ്പോടെ അനന്തതയെ ലക്ഷ്യമാക്കിയാണ് ഇസ്ലാം ആരാധനാലയങ്ങളുടെ രൂപകൽപന.

ബുദ്ധവിശ്വാസത്തില്‍ സ്തൂപങ്ങൾക്കാണ് പ്രാധാന്യം. ഈ സ്തൂപങ്ങൾ ചില വിശിഷ്ട സംഖ്യകളും, ബുദ്ധന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും സമന്വയിപ്പിച്ചാണ് തയാറാക്കുന്നത്. ഈ സ്തൂപവും ചതുരാകൃതിയില്‍ ആരംഭിച്ച് മേൽപറഞ്ഞ രീതിയിൽ അവസാനിക്കുകയാണ്. ഇതിലൂടെ ഈ സ്തൂപങ്ങൾ ബുദ്ധൻ തന്നെയാണ് – ദിവ്യതയിലേക്ക് ഉയരാം എന്ന സങ്കൽപം.

ചുരുക്കത്തിൽ വാസ്തുശാസ്ത്രം മറ്റു പല ശാസ്ത്രങ്ങളേയും പോലെ ആരോഗ്യമുള്ള ഭവനനിർമ്മാണ ശാസ്ത്രമായി ആരംഭിച്ചു മനുഷ്യജീവിതത്തിലെ ജനനം മുതൽ മരണം വരെയുള്ള എല്ലാത്തിലും പല രൂപേണ സ്വാധീനം ചെലുത്തുന്നു എന്നതാണ് വാസ്തവം. ഇത് ഭാരതത്തിൽ മാത്രമല്ല അനാദികാലം മുതൽ മനുഷ്യ സംസ്കാരത്തിലാകെ മനുഷ്യനേയും ഈശ്വരനേയും ബന്ധിപ്പിക്കുന്ന ഒരു സുന്ദരമായ – സൂത്രം – ശാസ്ത്രനൂലാണ് വാസ്തുശാസ്ത്രം.

ലേഖകൻ
Prof. DESIKOM REGHUNADHAN
DESICOM
Near Sastha Temple Arasuparambu
Nedumangad, TVM-Dist.
Kerala, South India
Pin- 695 541, Tel: 0472 2813401

Your Rating: