Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനുണ്ടൊരു അദൃശ്യഭാഷ...

വാസ്തു ജ്യോതിഷം

വിനിമയശേഷിയുള്ളതെല്ലാം ഭാഷ. സംസാരഭാഷ, ലേഖനഭാഷ, മാതൃഭാഷ, ദേശഭാഷ, അന്യഭാഷ ഇങ്ങനെ പരിചയമുള്ള അനേകം ഭാഷ. അത്ര പരിചയമില്ലാത്തതാണ് അടുത്ത തലത്തിലുള്ള ഭാഷ. മൗനഭാഷ, ഭാവഭാഷ, ആംഗ്യഭാഷ, ശരീരഭാഷ, സാമുദ്രികഭാഷ എന്നിങ്ങനെ. അതിലുപരി ഒരു ഭാഷയുണ്ട് അനുഭവ ഭാഷ.

ചിലത് കാണുമ്പോൾ, കേൾക്കുമ്പോൾ, സ്മരിക്കുമ്പോൾ സംഭവിക്കുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാഷ. പെരിക്കാലട്ടയെ ചവച്ചു തിന്നുക എന്നു പറയുമ്പോൾ നമ്മിൽ ഓടിയെത്തുന്ന ഒരു പ്രവാഹം. അട്ടയെ തിന്നാറില്ല; തിന്നവർ പറഞ്ഞുകേട്ട അനുഭവവും നമുക്കില്ല. എന്നാലും അട്ടയുടെ രൂപവും വാസവും രീതിയും ഒക്കെ നമ്മിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു വികാരമുണ്ട്. അതാണ് അനുഭവ ഭാഷയ്ക്കാധാരം. പൊട്ടു തൊട്ട പൂന്തിങ്കൾ എന്നു കേൾക്കുമ്പോൾ ഏതു വിരസനും ഉള്ളിൽ ഒരു കുളിർമയുടെ, സ്വീകാര്യതയുടെ അനുഭവം.

ഇത് സൂചിപ്പിക്കാന്‍ കാരണം ഓരോ ഗൃഹത്തിനും അവിടെയെത്തുന്നവർക്ക് അനുഭവവേദ്യമാക്കാൻ കഴിയുന്ന ഒരു ഭാഷാശക്തിയുണ്ട്. അത് ആണ് ആ ഗൃഹത്തിന്റെ മഹത്വത്തിന് അടിസ്ഥാനം. മറിച്ചാണെങ്കിൽ അവഹേളനത്തിന് അടിസ്ഥാനം.

ഒരു വീട്ടിൽ കയറി അവിടത്തെ അകം പുറം സംവിധാനങ്ങൾ കാണുമ്പോൾ തന്നെ അവിടത്തെ ജീവിതാവസ്ഥ വ്യക്തമാകും. അഥവാ ഓരോ വീടും ഓരോ സാംസ്കാരിക യൂണിറ്റുകളാണ്. വീടിന്റെ കെട്ടും മട്ടും പശ്ചാത്തലവും നൽകുന്ന ഈ അദൃശ്യഭാഷ നമ്മെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും ചിലപ്പോൾ കൊണ്ടെത്തിക്കും. ഓരോ സാധനങ്ങളും വയ്ക്കേണ്ടതു പോലെ വയ്ക്കേണ്ടിടത്ത് വച്ച് സ്വച്ഛത വരുത്തിയതു കണ്ടാൽ ആ ഗൃഹം ഒരു അച്ചടക്ക മാതൃകാ ജീവിതത്തിന്റെ ഉദാഹരണമായി നമുക്ക് അനുഭവപ്പെടും.

എന്നാൽ ഒരു ലക്കും ലഗാനുമില്ലാതെ വാരിവലിച്ച് അങ്ങുമിങ്ങും സാധനം ഇട്ടിരിക്കുന്ന ഭവനം കണ്ടാൽ ഈ ഗൃഹത്തിലുള്ളവർക്ക് ജീവിതത്തിൽ അച്ചടക്കമില്ലെന്നും എങ്ങനെയോ അങ്ങനെ പകലും രാത്രിയും തള്ളിവിടുന്നുവെന്നും ഊഹിക്കാം. ഇവിടെ നാമോർക്കേണ്ട ഒരു പ്രധാന കാര്യം നമ്മുടെ ഭവനം നമ്മുടെ സംസ്കാരത്തിന്റെ ഒരു നേർചിത്രമാണ്. നാമറിയാതെ, ആവശ്യപ്പെടാതെതന്നെ ഈ ഭവനം ലോകത്തോട് നമ്മെക്കുറിച്ച് സദാ ആശയവിനിമയം നടത്തുകയാണെന്ന് ഓർമിക്കണം.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ഗൃഹഭാഷ സ്വാധീനം ചെലുത്തുന്നുണ്ട്. ഭാർഗ്ഗവീനിലയം എന്ന സിനിമയ്ക്ക് അംഗീകാരം ലഭിച്ചതിൽ അതു ചിത്രീകരിച്ച വീടിന്റെ ഭാഷ മുഖ്യപങ്ക് വഹിക്കുന്നു. അടുത്ത സമയത്ത് ശ്രീ അടൂർ ഗോപാലകൃഷ്ണൻ താൻ ഇപ്പോൾ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന സിനിമയെക്കുറിച്ച് ഇന്റർവ്യൂ നൽകിയപ്പോൾ ഇങ്ങനെ പറഞ്ഞു, “ഞാൻ ചവറയ്ക്കടുത്തുള്ള ഒരു പുരാതന തറവാടാണ് ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കണ്ടെത്തിയത്. ആ വീട് തന്നെ തിരഞ്ഞെടുത്തത് ഈ ഭവനത്തിന് മാത്രമേ കേരളത്തിന്റെ പൂർ‌വകാല ജീവിതഭാഷ സിനിമയിലെ ദൃശ്യഭാഷയിലേക്കു നിശ്ശബ്ദമായി പകരാൻ കഴിയൂ. ഇപ്രകാരം കഴിഞ്ഞകാല സംസ്കാരത്തിന്റെ മുഖമുദ്രയായ വീടിന്റെ ഭാഷയും കൂടി ഒരുമിച്ചാൽ മാത്രമേ സിനിമ അതുദ്ദേശിച്ച അർ‌ഥതലത്തിലേക്കും ലക്ഷ്യത്തിലേക്കും എത്തിച്ചേരുകയുള്ളൂ.”

ഈ അഭിപ്രായത്തിലൂടെ അടൂർ ഗോപാലകൃഷ്ണനിലെ വാസ്തു അവബോധമാണ് എന്നെ സ്വാധീനിച്ചത്. വാസ്തുവാസത്തിനു മാത്രമല്ല; വാസനാബന്ധിയായ എല്ലാ മനുഷ്യകർ‌മങ്ങളിലും പ്രയോജനപ്പെടുത്താവുന്ന  വിപുലമേഖലയാണെന്ന സത്യം – അപൂർ‌വം പേർ‌ക്കു മാത്രമറിയാവുന്ന സത്യം – ശ്രീ അടൂർ ഗോപാലകൃഷ്ണൻ ആഴത്തിൽ സ്വാംശീകരിച്ചിരിക്കുന്നു. അതായത് വീട് കല്ലും മണ്ണും മരവും സിമന്റും കമ്പിയും ഒക്കെ ചേർന്ന ഒരു വെറും നിർ‌മിതിയല്ല; ഇവയുടെ സമഞ്ജസമായ രചനയിലൂടെ രൂപപ്പെടുത്തുന്ന ഒരു സദ്ഗ്രന്ഥമാണ്; മഹദ്ഗ്രന്ഥമാണ്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: