Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുശാസ്ത്രത്തിലെ നിമിത്തങ്ങളും മുഹൂർത്തവും

Vasthu Tips

വാസ്തുശാസ്ത്രത്തിൽ നിമിത്തങ്ങൾക്കും ശകുനങ്ങൾക്കും മുഹൂർത്തത്തിനും ഉള്ള പ്രാധാന്യം വളരെ വലുതാണ്. ഭൂമിയും കെട്ടിടവും വാങ്ങാൻ പോകുമ്പോഴും ഗൃഹാരംഭം (ശിലാസ്ഥാപനം), ഗൃഹപ്രവേശം (പാല് കാച്ചൽ) കട്ടിളവയ്പ്പ് എന്നീ സന്ദർഭങ്ങളിലും ഉണ്ടാകുന്ന ശകുനങ്ങളും നിമിത്തങ്ങളും നോക്കി ശുഭാശുഭലക്ഷണങ്ങൾ മനസിലാക്കാം. ഭൂമി, വീട്, ഫ്ളാറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഇതു ബാധകമാണ്.

ശുഭകരമായ നിമിത്തങ്ങളും ശകുനങ്ങളും

മേൽപ്പറഞ്ഞ സമയങ്ങളിൽ വേദമന്ത്രങ്ങൾ, കീർത്തനങ്ങൾ, ശംഖനാദം, ദൈവവാദ്യങ്ങൾ, ദേവസ്തുതികൾ, ബാങ്ക് വിളി, പള്ളിമണിനാദം, ക്ഷേത്ര മണിനാദം, പടഹധ്വനി, ഭേരീനാ‌ദം, വീണാനാദം, മുരളീഗാനം, മൃദംഗനാദം എന്നിവ കേൾക്കുന്നത് ശുഭകരമാണ്. അതുപോലെ വെളുത്തകാള, വെളുത്ത പശു, പശുവും കിടാവും, പൂമാലകൾ, പട്ട് വസ്ത്രം, മുത്തുക്കുടകൾ, ഭംഗിയുള്ള വാഹനം, സ്വർണം, വെള്ളി എന്നീ ലോഹങ്ങൾ, നിറകുടം, നിറഞ്ഞ പാത്രങ്ങൾ, ആഹാര വിഭവങ്ങൾ, വെള്ള പറവകൾ, ചെമ്പോത്ത് (ഉപ്പൻ പക്ഷി-ചകോരം) മയിൽ, മയിൽപ്പീലി, കുയിൽ, തത്ത, ആന, മാൻ, വെളുത്ത ആട്, കുതിര, എരുമ (മഹിഷി), സ്ത്രീപുരുഷന്മാർ, നവദമ്പതികൾ, വേദപണ്ഡിതർ, തേൻ, പാൽ, പഴവർഗങ്ങൾ, അധ്യാപകർ (ഗുരുക്കന്മാർ) ഇളംകാറ്റ്, ചെറിയ ചാറ്റൽമഴ, എരിയുന്ന അഗ്നി, ചന്ദനം, അകിൽ, കർപ്പൂരം, കുങ്കുമം, തുളസിച്ചെടി, കസ്തൂരി ഗന്ധം, സുഗന്ധദ്രവ്യങ്ങളുടെ ഗന്ധം, കുറിക്കൂട്ടുകൾ (അംഗരാഗം) എന്നിവ കാണുന്നത് ശുഭകരമായ നിമിത്ത ശകുനങ്ങൾ ആണ്. മനസിനും ശരീരത്തിനും സന്തോഷം തോന്നുന്ന ദൃശ്യങ്ങൾ ശുഭകരമാണ്.

അശുഭകരമായ നിമിത്തങ്ങളും-ശകുനങ്ങളും

കറുത്തപട്ട്, കറുത്തവസ്ത്രം, കരിംകൊടി, മരുന്നുകൾ, ഉപ്പ്, കളിമണ്ണ്, എണ്ണ, വിറക്, മുറം, ചാരം, ചമത, ചൂല്, ദർഭ,പുല്ല്കെട്ട്, ഉമി, പാമ്പിന്റെ പടം പൊഴിച്ച തോൽ, മാർജ്ജാരകലഹം, എരുക്കിൻ ചെടി, മൃഗങ്ങളുടെ തോൽ, എല്ലിൻകഷണങ്ങൾ, ചത്ത പക്ഷികൾ, കരിക്കട്ട, മലം എള്ള് വിവസ്ത്രൻ, ഭ്രാന്തൻ, മുറിവച്ച് കെട്ടിക്കൊണ്ട് വരുന്നവർ, പ്ലാസ്റ്റർ ഇട്ട്കൊണ്ട് വരുന്നവർ, താഴെ വീണ് കിടക്കുന്നആൾ, മുടിയിൽ ജഡപിടിച്ചവർ, മഴു, കോടാലി, വാൾ എന്നിവയുമായി വരുന്നവർ, ഹിജഡകൾ, കലഹിക്കുന്ന പക്ഷികൾ, മൃഗങ്ങൾ, ഇണചേരുന്ന നാൽക്കാലികൾ, നായകൾ, ശണ്ഠകൂടുന്ന മനുഷ്യർ എന്നിവരെ കാണുന്നതും, ഇവർ എതിർ ദിശയിൽ മേൽപ്പറഞ്ഞ സമയങ്ങളിൽ വരുന്നതും ശുഭകരമല്ല. വിശേഷിച്ച് ഒരു വീടോ, ഭൂമിയോ, വ്യാപാര സ്ഥലമോ, വാങ്ങാനോ, നോക്കാനോ, പ്രവേശിക്കാനോ നിർമ്മിക്കാനോ ആരംഭിക്കുമ്പോൾ മുകളിൽ പറയുന്നവ കാണുന്നതും, കേൾക്കുന്നതും ശുഭഫലം നൽകുന്നില്ല. ഇത്തരം അശുഭ ലക്ഷണങ്ങൾ പ്രകൃതി നൽകുന്ന മുന്നറിയിപ്പാണ്. ഇങ്ങിനെ കണ്ടാൽ ഉത്തമ ജ്യോത്സ്യനെ കണ്ട് രാശീപ്രശ്നം നോക്കി ഉചിതമായി പ്രതിവിധി ചെയ്യുക. ഒന്നിൽ കൂടുതൽ നിമിത്ത ശകുനങ്ങൾ അശുഭകരമായ കണ്ടാൽ അവ ഉപേക്ഷിക്കുന്നതാവും നല്ലത്.

ഗൃഹാരംഭത്തിന് (ശിലാസ്ഥാപനത്തിന്) ശുഭകരമായ നക്ഷത്രങ്ങൾ അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത‌ട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ഉത്തമമാണ്. എന്നാൽ മേൽപ്പറഞ്ഞ നാളുകൾ ഗൃഹനായികയുടെ 3-5-7 വേദ നക്ഷത്രങ്ങൾ ആയി വരാൻ പാടില്ല എന്നാണ് ശാസ്ത്രമതം.

ശിലാസ്ഥാപനത്തിന് അനുകൂലമായ ആഴ്ചകൾ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകൾ ഉത്തമങ്ങളും, ശനിയാഴ്ച മധ്യമമായും, ഞായർ ചൊവ്വ എന്നീ ആഴ്ചകൾ അശുഭവുമാണ് എന്നാൽ പലരും ഈ കർമ്മം നടത്തുന്നത് ഞായറാഴ്ചയാണ് എന്നും ഓർക്കുക. കഴിവതും ഞായറാഴ്ച ഗൃഹാരംഭത്തിന് ഒഴിവാക്കുക.

കിണർ കുഴിക്കാൻ അനുകൂലമായ നാളുകൾ നോക്കാം. വാട്ടർ കണക്‌ഷൻ എടുക്കാനും ഈ നാളുകൾ എടുക്കാവുന്നതാണ്. രോഹിണി, പുണർതം, പൂയം, മകം, അത്തം, ഉത്രം, അനിഴം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി എന്നീ നാളുകൾ ഉത്തമമായി സ്വീകരിക്കാം.

കട്ടിള സ്ഥാപിക്കാൻ വീടിന്റെ പ്രധാന വാതിലിന്റെ കട്ടിള സ്ഥാപിക്കാൻ ഉള്ള നാളുകൾ നോക്കാം രോഹിണി മകയിരം, പുണർതം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, മൂലം, ഉതൃട്ടാതി, രേവതി നാളുകൾ കട്ടിളവയ്ക്കാൻ ഉത്തമം.

ഗൃഹപ്രവേശനത്തിന് (പാല് കാച്ചാൻ) ഉത്തമമായിട്ടുള്ള നക്ഷത്രങ്ങൾ അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, രേവതി നാളുകൾ, ഗൃഹപ്രവേശനത്തിന് സ്വീകാര്യമാണ്. കൂടാതെ ഗൃഹാരംഭത്തിന് പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും മധ്യമമായി സ്വീകരിക്കാം. ഗൃഹപ്രവേശനത്തിന് സ്ഥിരരാശികൾ ആയ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ സ്വീകരിക്കാം അതായത് മുഹൂർത്ത ലഗ്നം. ഇടവം രാശിയായാൽ അത്യുത്തമം.

മീനം, മേടം മാസങ്ങളിൽ ഭവന നിർമാണം പൂർത്തിയാക്കിയാൽ ഇടവം രാശി മുഹൂർത്തമായി എടുക്കാൻ സാധിക്കും. തീരെ സൗകര്യം കിട്ടാതെ വന്നാൽ ഉഭയരാശിയായ മിഥുനവും സ്വീകരിക്കാം. ചരരാശികൾ ആയ മേടം, കർക്കിടകം, തുലാം, മകരം എന്നിവ ഗൃഹപ്രവേശനത്തിന് മുഹൂർത്തരാശിയായി എടുക്കുന്നത് നല്ലതല്ല.

ഗൃഹപ്രവേശത്തിന് മലയാള മാസങ്ങളിൽ കർക്കടകം, കന്നി, കുംഭം എന്നിവ ഒഴിവാക്കുക. ഗൃഹാരംഭത്തിന് മീനം, മിഥുനം, കന്നി, ധനു കോൺ മാസങ്ങൾ പാടില്ല

ഗൃഹപ്രവേശന രാശിയുടെ 4ാം ഭാവത്തിൽ ചന്ദ്രൻ, വ്യാഴം ശുക്രൻ എന്നീ ഗ്രഹങ്ങൾ നിന്നാൽ ഉത്തമം. വ്യാഴമോ, ശുക്രനോ 1-4-7-10-11 എന്നിങ്ങനെ നിൽക്കുന്നതും നല്ലതാണ്. മുഹൂർത്ത രാശിയും 8ൽ പാപൻ നിൽക്കാൻ പാടില്ല. അതായത് ശനി, രാഹു, കേതു, സൂര്യൻ, മൗഡ്യബുധൻ, ക്ഷീണ, ചന്ദ്രൻ 8 ൽ ഒരു ഗ്രഹവും നിൽക്കാതിരിക്കുന്നത് അത്യുത്തമം. ഉത്തമന്മാരായ വാസ്തു ജ്യോതിഷ പാരമ്പര്യ പണ്ഡിതന്മാരിൽ നിന്ന് നിർദ്ദേശം സ്വീകരിച്ച് ശരിയാം വണ്ണം ഗൃഹനിർമാണം നടത്തിയാൽ ആ ഭവനത്തിൽ ഐശ്വര്യ-സന്താന-ലക്ഷ്മിമാർ വിളയാടും. ഈ കാര്യങ്ങൾ നാനാ ജാതി മതസ്ഥർക്കും സ്വീകരിക്കാവുന്നതാണ്.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment Near Taj Hotel Thaikkad P.O Thiruvananthapuram -14

Phone 9447251087

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.