മനുഷ്യനെ വഹിച്ച് ഹൈപ്പർ ലൂപ്പ്, ചരിത്ര യാത്രയിൽ പങ്കാളിയായി ഇന്ത്യക്കാരനും

Mail This Article
ഭാവിയുടെ ഗതാഗതം എന്നു വിശേഷിപ്പിക്കുന്ന ഹൈപ്പര്‍ ലൂപ്പിലെ ആദ്യം സഞ്ചരിച്ച യാത്രികരില്‍ ഇന്ത്യക്കാരനും. പൂണെ സ്വദേശിയും പവര്‍ ഇലക്ട്രോണിക്സ് വിദഗ്ധനുമായ തനയ് മഞ്ജരേക്കര്ക്കാണ് ആ അപൂര്‍വ്വ അവസരം ലഭിച്ചത്. തങ്ങളുടെ പ്രധാനപ്പെട്ട ജീവനക്കാരെയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് മനുഷ്യരേയും വഹിച്ചുള്ള ആദ്യ പരീക്ഷണത്തില്‍ യാത്രക്കാരായി തിരഞ്ഞെടുത്തത്.
അതിവേഗത ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വിശേഷണങ്ങളുമായാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് അവതരിപ്പിക്കപ്പെട്ടത്. പ്രത്യേകം തയ്യാറാക്കിയ സമ്മര്‍ദം കുറഞ്ഞ കുഴലുകളിലൂടെ ചെറിയ കമ്പാര്‍ട്ട്മെന്റുകള്‍ അഥവാ പോഡുകളിലൂടെയാണ് യാത്ര ചെയ്യുക. മണിക്കൂറില്‍ 600 മൈല്‍ (966 കിലോമീറ്റര്‍) എന്ന സ്വപ്നവേഗമാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ വാഗ്ദാനം. അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ തയ്യാറാക്കിയ പ്രത്യേകം പരീക്ഷണ ട്രാക്കിലൂടെയാണ് നവംബർ 10ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടുമണിയോടെ തനയ് മഞ്ജരേക്കര്‍ അടക്കമുള്ളവര്‍ അതിവേഗം സഞ്ചരിച്ചത്.
ചരിത്രപരമായ യാത്രയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിച്ചതിലെ അഭിമാനം തനയ് പിന്നീട് പങ്കുവെച്ചു. 2016ലാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പില്‍ തനയ് ചേരുന്നത്. ഹൈപ്പര്‍ലൂപ്പിന്റെ കണ്ട്രോള് സിസ്റ്റം ഹാര്ഡ്വെയറിലാണ് അദ്ദേഹം ജോലിയെടുക്കുന്നത്. പൂണെ സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ തനയ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടിയത് സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നാണ്.
വായുവിന്റെ സമ്മര്‍ദ്ദം പ്രത്യേകമായി സജ്ജീകരിച്ച കുഴലുകളാണ് ഹൈപ്പര്‍ലൂപ്പുകള്‍. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ മുന്നോട്ട് തള്ളുന്നു. ഇതിലൂടെ സഞ്ചരിക്കുന്ന പോഡുകളില്‍ രണ്ട് പേര്‍ക്കാണ് സാധാരണ സഞ്ചരിക്കാനാവുക. ഓരോ 30 സെക്കന്റിന്റെ ഇടവേളയിലും പോഡുകള്‍ ഇതുവഴി വിടാനാകും. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ വരെ കൊണ്ടുപോവാനാകുമെന്നും അവകാശവാദമുണ്ട്.
ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ കമ്പനിയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ്. മനുഷ്യരുമായുള്ള ആദ്യ പരീക്ഷണഓട്ടത്തില്‍ മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗത്തില്‍ വരെയാണ് ഇവര്‍ സഞ്ചരിച്ചത്. ആദ്യമായാണ് ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയിലൂടെ മനുഷ്യര്‍ സഞ്ചരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണിലേക്ക് അരമണിക്കൂറുകൊണ്ട് എത്താനാകുമെന്നാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ വാഗ്ദാനം. മനുഷ്യരുമായുള്ള പരീക്ഷണത്തിന് മുമ്പ് 400 തവണ പരീക്ഷണങ്ങള്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് നടത്തിയിരുന്നു.
കുറഞ്ഞ യാത്രാ- നിര്‍മ്മാണ ചിലവും വിമാനത്തേക്കാള്‍ ഇരട്ടി വേഗവുമാണ് ഹൈപ്പര്‍ ലൂപ്പ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ അടക്കം വിവിധ രാജ്യങ്ങളുമായി ഇപ്പോള്‍ തന്നെ ഹൈപ്പര്‍ലൂപ്പ് കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള ഹൈപ്പര്‍ലൂപ്പാണ് മഹാരാഷ്ട്രയില്‍ വരിക. ബംഗളൂരു വിമാനത്താവളത്തില്‍ ഹൈപ്പര്‍ലൂപ്പിന്റെ സാധ്യതയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബ് സര്‍ക്കാരും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പുമായി കരാറൊപ്പിട്ടിട്ടുണ്ട്.
English Summary: Pune Engineer is First Indian to Ride Hyperloop