ചാരപ്രവർത്തനത്തിനു കാർ: ടെസ്‌ല പൂട്ടേണ്ടി വരുമെന്നു മസ്ക്

Mail This Article
ചാരപ്രവർത്തനത്തിനായി കാറുകൾ ഉപയോഗിക്കുന്ന പക്ഷം കമ്പനി പൂട്ടുമെന്നു യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്ക്. സുരക്ഷാ കാരണങ്ങളാൽ ടെസ്‌ല കാറുകൾക്ക് ചൈനീസ് സൈനിക മേഖലയിലെ പാർപ്പിട സമുച്ചയങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനോടു പ്രതികരിക്കുകയായിരുന്നു മസ്ക്.
ലഭ്യമായ വിവരങ്ങളുടെ രഹസ്യാത്മക സൂക്ഷിക്കുന്നതു കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നു മസ്ക് വിശദീകരിച്ചു. ചൈനയിലെന്നല്ല ലോകത്ത് എവിടെയെങ്കിലും ടെസ്‌ല കാറുകൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നപക്ഷം കമ്പനിയുടെ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം ഓടുന്ന സാങ്കേതിക വിദ്യയ്ക്കായും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയും കാറുകളിൽ ഘടിപ്പിച്ചിട്ടുള്ള കാമറകൾ രഹസ്യം ചോർത്തുമെന്ന ആശങ്കയെ തുടർന്നായിരുന്നു ചൈനീസ് സൈന്യം ടെസ്‌ലയ്ക്കു വിലക്ക് ഏർപ്പെടുത്തിയത്.
പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റ ശേഷം ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി യു എസിലെ ഉന്നത ഉദ്യോഗസ്ഥർ അലാസ്കയിൽ നടത്തിയ യോഗത്തിലും ടെസ്‌ലയ്ക്കുള്ള വിലക്ക് ചർച്ചാ വിഷയമായിരുന്നു. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ യു എസും ചൈനയും കൂടുതൽ പരസ്പര വിശ്വാസം പ്രകടിപ്പിക്കണമെന്നായിരുന്നു മസ്കിന്റെ അഭ്യർഥന. ചൈനീസ് സ്റ്റേറ്റ് കൗൺസിലിനു കീഴിലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചൈന ഡവലപ്മെന്റ് ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു മസ്ക്.
ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹനങ്ങളുടെ സുപ്രധാന വിപണിയാണു ചൈന. കഴിഞ്ഞ വർഷം 1,47,445 കാറുകളാണു ടെസ്‌ല ചൈനയിൽ വിറ്റത്. എന്നാൽ ഇക്കൊല്ലം ആഭ്യന്തര കമ്പനികളായ നിയൊ ഇൻകോർപറേറ്റഡ് മുതൽ ഗീലി വരെയുള്ള വൈദ്യുത വാഹന നിർമാതാക്കൾ ടെസ്‌ലയ്ക്കു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
English Summary: Elon Musk says Tesla cars cannot spy after China bans them from military areas