ബുള്ളറ്റിന് ഭീഷണിയായി ഹാർലി, ആദ്യമാസം തന്നെ 25597 ബുക്കിങ്

Mail This Article
വിപണിയിൽ എത്തി ആദ്യമാസം തന്നെ ഹാർലി ഡേവിഡ്സൺ എക്സ് 440 ന് 25597 ബുക്കിങ്ങുകൾ. ഹാർലി ഡേവിഡ്സൺ – ഹീറോ കൂട്ടുകെട്ടിൽ നിർമിച്ച ഹാർലി ഡേവിഡ്സൺ എക്സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാർലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡൽ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയർന്ന വകഭേദമായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ്. ആഗോള വിപണി ലക്ഷ്യമിട്ടു നിർമിച്ച വാഹനമാണിത്. ഇന്ത്യയിൽ നിർമിച്ച് വിദേശവിപണിയിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുമെന്നാണ് സൂചന.
എക്സ്440 പേരു സൂചിപ്പിക്കുന്നതുപോലെ 440 സിസി എയർ / ഓയിൽകൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്. 6000 ആർപിഎമ്മിൽ 27 എച്ച്പി പരമാവധി കരുത്തും 4000 ആർപിമ്മിൽ 38 എൻഎം ടോർക്കുമുള്ള എൻജിനാണിത്. 6 സ്പീഡാണ് ഗിയർബോക്സ്. 43 എംഎം യുഎസ്ഡി ഫോർക്ക് – ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവ ചേർന്നതാണ് സസ്പെൻഷൻ ഡിപ്പാർട്മെന്റ്. 320 എംഎം മുൻ റോട്ടർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേഡായി ലഭിക്കും.
കുറഞ്ഞ വകഭേദമായ ഡെനിമിൽ സ്പോക് വീലുകളാണ്. ബാഡ്ജിങ്ങിലും കാര്യമായ കുറവുകളുണ്ട്. വിവിഡ് എന്ന വകഭേദത്തിൽ അലോയ് വീലുകളും ഡ്യുവൽ ടോൺ കളർ ഓപ്ഷനുമുണ്ട്.
മുന്തിയ വകഭേദമായ എസ് മോഡലിൽ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടു കൂടിയ കളർ ടിഎഫ്ടി, നോട്ടിഫിക്കേഷനോടു കൂടിയ നാവിഗേഷൻ എന്നിവയെല്ലാമുണ്ട്. ഡെനിം മോഡലിൽ മഞ്ഞ നിറത്തിലുള്ള ടാങ്കും ബാക്കി ഭാഗം കറുപ്പ് നിറത്തിലുമാണ്. വിവിഡ് മോഡലിൽ മെറ്റാലിക് തിക് റെഡ് അല്ലെങ്കിൽ മെറ്റാലിക് ഡാർക് സിൽവർ എന്നീ നിറങ്ങൾ ലഭ്യമാണ്. മുന്തിയ മോഡലിൽ മാറ്റ് ബ്ലാക്ക് നിറം മാത്രമാണുള്ളത്. എല്ലാ വാഹനങ്ങളിലും യുഎസ്ബിയും അടിസ്ഥാന സൗകര്യമായി നൽകിയിട്ടുണ്ട്.
English Summary: Harley-Davidson X440 receives over 25,597 bookings in 1 month