ക്രാഷ് ടെസ്റ്റ് ഭീഷണി ഹോണ്ടയോടു വേണ്ട; എലിവേറ്റ് ഡബിൾ സ്ട്രോങ്

Mail This Article
ഇന്ത്യന്‍ വിപണിയിലെ ചെറു എസ്‌യുവികളുടെ കൂട്ടത്തിലേക്കെത്തുന്ന പുതിയ വാഹനമാണ് ഹോണ്ട എലിവേറ്റ്. ഒരു മാസത്തിനകം പുറത്തിറങ്ങുന്ന എലിവേറ്റിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സ്വതന്ത്ര ക്രാഷ് ടെസ്റ്റിനു ഹോണ്ട സമ്മതം മൂളുന്നതിനു പിന്നില്‍ എലിവേറ്റിന്റെ നിര്‍മാണ മികവിലുള്ള കമ്പനിയുടെ ആത്മവിശ്വാസമാണ് തെളിയുന്നത്. ഏഷ്യന്‍ വിപണി മുന്നില്‍ കണ്ട് ഹോണ്ട പുറത്തിറക്കുന്ന എലിവേറ്റ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.


2022ല്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയപ്പോള്‍ ഹോണ്ടയുടെ ജാസിനും നാലാം തലമുറ ഹോണ്ട സിറ്റിക്കും 4 സ്റ്റാര്‍ ലഭിച്ചിരുന്നു. ഇതും ഹോണ്ടയുടെ ആത്മവിശ്വാസത്തിനു കാരണമാണ്. ചൈല്‍ഡ് ഒക്യുപന്റ് സ്‌കോറില്‍ സിറ്റിക്ക് നാലു സ്റ്റാര്‍ ലഭിച്ചിരുന്നെങ്കില്‍ ജാസിന് മൂന്നു സ്റ്റാര്‍ മാത്രമാണ് ലഭിച്ചത്. 2014ലും 2015ലും ഇറങ്ങിയ ഈ രണ്ടു ഹോണ്ട കാറുകളെ അപേക്ഷിച്ച് ആധുനികമാണ് എലിവേറ്റിന്റെ രൂപകല്‍പനയും സുരക്ഷാ സംവിധാനങ്ങളും.

ആറ് എയര്‍ ബാഗുകളാണ് ഡ്രൈവറിന്റെയും യാത്രികരുടെയും സുരക്ഷക്കായി എലിവേറ്റില്‍ ഒരുക്കിയിരിക്കുന്നത്. മുന്നിലെ വാഹനവുമായുള്ള ദൂരത്തിനനുസരിച്ച് വേഗം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, റോഡിലെ ലൈന്‍ വിട്ടുപോകുമ്പോഴുള്ള മുന്നറിയിപ്പ്, ഓട്ടോ ഹൈ ബീം, റോഡില്‍നിന്ന് ഇറങ്ങാതെ സഹായിക്കുന്ന മിറ്റിഗേഷന്‍ സിസ്റ്റം, മുന്നിലെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്ന ലീഡ് കാര്‍ ഡിപാര്‍ച്ചര്‍ സിസ്റ്റം എന്നിങ്ങനെ സുരക്ഷയ്ക്കുള്ള സൗകര്യങ്ങള്‍ എലിവേറ്റില്‍ നിരവധിയുണ്ട്.
ഡോറുകള്‍ക്ക് കീഴിലുള്ള സൈഡ് സില്‍സും കരുത്തുറ്റ സി, ഡി പില്ലറുകളും എലിവേറ്റിന്റെ ബോഡിക്ക് കൂടുതല്‍ കരുത്തേകുന്നു. ഇന്ത്യയിലെ എഐഎസ്-100 പെഡെസ്ട്രിയന്‍ സേഫ്റ്റി സ്റ്റാന്‍ഡേർഡ് പാലിക്കാന്‍ ഉയര്‍ന്ന ബോണറ്റ് എലിവേറ്റിനെ സഹായിക്കും. അപകട സമയങ്ങളിൽ വശങ്ങളിലെ ഇടിയുടെ ആഘാതം കുറക്കാന്‍ സഹായിക്കുന്നതാണ് ഉയര്‍ന്ന വിന്‍ഡോ ലൈന്‍. വശങ്ങളിലെ ഇടിയുടെ പരീക്ഷണവും എലിവേറ്റിന്റെ സുരക്ഷാ പരിശോധനയില്‍ ഉണ്ടായിരിക്കും. ഏഷ്യന്‍ വിപണികളിലേക്കു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എലിവേറ്റ് ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യും. അതുകൊണ്ടുതന്നെ വാഹനത്തിന്റെ സുരക്ഷയില്‍ ഹോണ്ട യാതൊരു ഒത്തുതീര്‍പ്പിനും തയാറായേക്കില്ല.
English Summary: Honda confident of strong crash test result for Elevate