ആപ്പിൾ എയർടാഗ് കാർ മോഷണം തടയുമോ? സൗജന്യമായി വിതരണം ചെയ്ത് പൊലീസ്

Mail This Article
നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാര്‍മോഷണം വലിയ തലവേദനയായിരിക്കുകയാണ് വാഷിങ്ടണ്‍ ഡിസി പൊലീസിന്. പല കേസുകളിലും കുറ്റക്കാരെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു ഇവിടുത്തെ പൊലീസ്. മോഷണം കൂടുതലായുള്ള പ്രദേശങ്ങളിലെ കാറുടമകള്‍ക്ക് ആപ്പിള്‍ എയര്‍ ടാഗ് സൗജന്യമായി നല്‍കുക. കാര്‍ മോഷണം പോയാലും എളുപ്പം കണ്ടെത്താനാവുമെന്നാണ് ഈ നീക്കത്തിനു പിന്നില്‍.
ബ്ലുടൂത്ത് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന താക്കോലുകളിലും ബാഗുകളിലുമൊക്കെ ഉപയോഗിക്കുന്ന ചെറിയൊരു ഉപകരണമാണ് ആപ്പിള്‍ എയര്‍ ടാഗ്. ഇതു വെച്ചിട്ടുള്ള വസ്തുക്കളെ എളുപ്പം പിന്തുടര്ന്നു കണ്ടെത്താനാവുമെന്നതാണ് പ്രത്യേകത. സാധാരണ ഓട്ടോ ട്രാക്കിങ് ഉപകരണങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതും ആപ്പിള്‍ എയര്‍ ടാഗ് തെരഞ്ഞെടുക്കാന്‍ നിരവധി പേരെ പ്രേരിപ്പിക്കുന്നു.
കാര്‍ മോഷണം തടയുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഉപകരണമല്ലെങ്കില്‍ പോലും ആ ജോലിയും നന്നായി ചെയ്യാന്‍ ആപ്പിള്‍ എയര്‍ ടാഗിന് സാധിക്കും. ആപ്പിള്‍ എയര്‍ ടാഗ് വെച്ച വാഹനങ്ങള്‍ എളുപ്പം പൊലീസിന് ട്രാക്കു ചെയ്യാനാവും. രേഖകളുമായി വന്ന് സൗജന്യ ആപ്പിള്‍ എയര്‍ ടാഗ് കൈപ്പറ്റണമെന്ന് കാര്‍ മോഷണം വ്യാപകമായ പ്രദേശങ്ങളിലെ കാറുടമകള്‍ക്ക് വാഷിങ്ടണ്‍ ഡിസി പൊലീസ് തന്നെ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിലാസം തെളിയിക്കുന്ന രേഖകളും കാറിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളുമായി എത്തുന്നവര്‍ക്ക് ആപ്പിള്‍ എയര്‍ ടാഗ് ലഭിക്കും.
ആപ്പിള്‍ എയര്‍ ടാഗുകള്‍ കാര്‍ മോഷണം തടയാന്‍ വിതരണം ചെയ്യുന്ന അമേരിക്കയിലെ ആദ്യ നഗരമല്ല വാഷിങ്ടണ്‍ ഡിസി. കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് തന്നെ മുന്‍കയ്യെടുത്ത് 500 ആപ്പിള്‍ എയര്‍ ടാഗുകള്‍ കാറുടമകള്‍ക്ക് നല്‍കിയിരുന്നു. കാര്‍ മോഷണ സാധ്യത കണക്കിലെടുത്ത് പല കാര്‍ നിര്‍മാണ കമ്പനികളും പുതിയ കാറുകളില്‍ സുരക്ഷാ സംബന്ധമായ സോഫ്റ്റ്വെയര് ഫീച്ചറുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.