ADVERTISEMENT

ഒറ്റനോട്ടത്തില്‍ റോഡിലൂടെ ഒഴുകുന്ന ഒരു ബഹിരാകാശ പേടകം പോലെ തോന്നിപ്പിക്കുന്ന വാഹനമാണ് ഹ്യുണ്ടേയ് സ്റ്റാറിയ. കഴിഞ്ഞ മാര്‍ച്ചില്‍ ഹ്യുണ്ടേയ് അവതരിപ്പിച്ച സ്റ്റാറിയയെ അടുത്തിടെ ചെന്നൈയിലും കണ്ടെത്തി. കറുപ്പു നിറത്തിലുള്ള ഈ ഹ്യുണ്ടേയ് സ്റ്റാറിയയുടെ നമ്പര്‍ പ്ലേറ്റിന്റെ നിറവും വ്യത്യസ്തമായിരുന്നു. സാധാരണ നമ്മുടെ നാട്ടിലെ വാഹനങ്ങളില്‍ കണ്ടു വരുന്ന വെള്ള, മഞ്ഞ, പച്ച, കറുപ്പ് നമ്പര്‍ പ്ലേറ്റുകളാണെങ്കില്‍ ചെന്നൈയില്‍ കണ്ട ഹ്യുണ്ടേയ് സ്റ്റാറിയയുടെ നമ്പര്‍ പ്ലേറ്റിന് നീല നിറമായിരുന്നു. 

hyundai-staria-1

ആഡംബരത്തിന്റേയും സവിശേഷതകളുടേയും കാര്യത്തില്‍ വലിയപട്ടികയുള്ള ഈ വാഹനം ഇന്ത്യയില്‍ വില്‍ക്കാനുള്ള പദ്ധതിയൊന്നും ഇതുവരെ ഹ്യുണ്ടേയ് പ്രഖ്യാപിച്ചിട്ടില്ല. ഇറക്കുമതിക്കുള്ള സാധ്യതകള്‍ പോലും പരിമിതമായ ഈ വാഹനം പിന്നെ എങ്ങനെ ഇന്ത്യന്‍ നിരത്തിലെത്തി? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ചെന്നൈയില്‍ കണ്ടെത്തിയ സ്റ്റാറിയയുടെ നമ്പര്‍ പ്ലേറ്റ് നല്‍കുന്നത്. നീലനിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് വിദേശകാര്യ സ്ഥാനപതികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ വാഹനങ്ങളുടെ ചില്ലുകളില്‍ പൊതുവേ കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരിക്കും. ദക്ഷിണകൊറിയയില്‍ നിന്നുള്ള വിദേശകാര്യ നയതന്ത്ര പ്രതിനിധികളാണ് ചെന്നൈയില്‍ സ്റ്റാറിയയില്‍ എത്തിയതെന്നാണ് ലഭ്യമായ വിവരം.

കിയ കാര്‍ണിവെല്‍ എംപിവിയോടു ചേര്‍ന്നു നില്‍ക്കുന്ന സ്റ്റാറിയയെ പല തരത്തിലുള്ള ബോഡി സ്‌റ്റൈലുകളില്‍ ഹ്യുണ്ടേയ് അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേഡ് സ്റ്റാറിയ, സ്റ്റാറിയ കാര്‍ഗോ വാന്‍, സ്റ്റാറിയ ലോഞ്ച്, സ്റ്റാറിയ ലോഞ്ച് ലിമസീന്‍, സ്റ്റാറിയ ലോഞ്ച് ക്യാംപര്‍ എന്നിങ്ങനെ പല രൂപങ്ങളിലുള്ള സ്റ്റാറിയയെഹ്യുണ്ടേയ് വിപണിയിലെത്തിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ കണ്ട സ്റ്റാറിയ ലോഞ്ച് വകഭേദമാണെന്നാണ് കരുതപ്പെടുന്നത്. 5,232 എംഎം നീളവും 1,995 എംഎം വീതിയും 1,990 എംഎം മുതല്‍ 2,200 എംഎം വരെ ഉയരവും ഉള്ള വാഹനമാണിത്. വീല്‍ബേസ് 3,273എംഎം വരും. ഹ്യുണ്ടേയുടെ തന്നെ സാന്റ ക്രൂസ് ലൈറ്റ് പിക്കപ്പ് ട്രക്ക്, സാന്റഫെ ക്രോസോവര്‍ എസ്.യു.വി, സൊണാറ്റ സെഡാന്‍ എന്നിവയുടെ അടിസ്ഥാനമായ എന്‍3 പ്ലാറ്റ്‌ഫോമിലാണ് സ്റ്റാറിയയും നിര്‍മിച്ചിരിക്കുന്നത്.  

hyundai-staria-2

തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യുസീന്‍ഡ്, ഇന്തൊനീഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, സിംഗപൂര്‍, റഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിപണികളില്‍ ഹ്യുണ്ടേയ് സ്റ്റാറിയ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടേയ് സ്റ്റാറിയയിലുള്ളത്. ഇതില്‍ രണ്ട് വകഭേദങ്ങള്‍ ജി3.5സ്മാര്‍ട്ട്‌സ്ട്രീം എംപിഐ പെട്രോള്‍ എന്‍ജിനിലാണ്. ഈ വി6 എന്‍ജിനില്‍ തന്നെ 240പിഎസ് കരുത്തും പരമാവധി 310എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഒന്നും 270പിഎസ് കരുത്തും പരമാവധി 330എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന രണ്ടാമത്തെ എന്‍ജിനുമുണ്ട്. 2.2ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മൂന്നാമത്തെ ഓപ്ഷന്‍. 117പിഎസ് ശക്തിയും പരമാവധി 431 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com