അതിവേഗത്തില്‍ സഞ്ചരിച്ച കാർ തലകുത്തനെ മറിഞ്ഞു; ഇത് അടൽ സേതുവിലെ ആദ്യ അപകടം

Mail This Article
ഉദ്ഘാടനം ചെയ്ത മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പാലം കാണാനും അതുവഴി സഞ്ചരിക്കാനും മാത്രമായി നിരവധി പേരാണ് എത്തുന്നത്. പ്രാദേശിക യാത്രാസമയം വലിയതോതില്‍ കുറക്കാന്‍ സഹായിച്ച അടല്‍ സേതു പാലത്തിലെ ആദ്യ അപകടവും കഴിഞ്ഞ ദിവസം നടന്നു. അതിവേഗത്തില്‍ സഞ്ചരിച്ച ഇഗ്‌നിസ് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ചായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ പതിയുകയും ചെയ്തിട്ടുണ്ട്.
വലിയ തിരക്കൊന്നുമില്ലാതെ അടല്‍ സേതുവിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഡാഷ് ബോര്‍ഡ് ക്യാമറ ചിത്രീകരിച്ച വിഡിയോയില്‍ ഇടതുവശത്തു നിന്നും ഒരു ബ്രേക്ക് ഞരങ്ങുന്ന ശബ്ദമാണ് ആദ്യം കേള്‍ക്കുന്നത്. പിന്നാലെ ഇടതു വശത്തു നിന്നും നിയന്ത്രണം നഷ്ടമായ ഒരു വാഹനം മുന്നിലൂടെ അതിവേഗത്തില്‍ നിരങ്ങി നീങ്ങുന്നു. റോഡിന്റെ വലതുവശത്തെ ബാരിക്കേഡില്‍ ഇടിച്ചശേഷം ഇഗ്‌നിസ് ഒരു തവണ മറിഞ്ഞ ശേഷം വീണ്ടും സാധാരണ നിലയിലേക്കെത്തുന്നതും വിഡിയോയില്‍ കാണാം.
എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. അതേസമയം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം അനുവദിച്ചിട്ടുള്ള അടല്‍സേതു പാലത്തിലൂടെ അമിത വേഗതയില്‍ സഞ്ചരിച്ചതാവാം അപകടകാരണമെന്നാണ് കരുതപ്പെടുന്നത്. അപകടം നടന്ന ദൃശ്യങ്ങള്‍ നല്‍കുന്നത് കാർ അമിത വേഗത്തിലായിരുന്നുവെന്നതിന്റെ സൂചനകളാണ്. മറ്റേതെങ്കിലും വാഹനവുമായി മത്സരത്തിലായിരുന്നോ ഇഗ്‌നിസ് ഓടിച്ചിരുന്നവര്‍ എന്ന കാര്യത്തിലും വിഡിയോയില്‍ തെളിവുകളില്ല. അമിത വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍ വാഹനത്തിന്റെ ടയറിന് റോഡുമായുള്ള ഗ്രിപ്പ് നഷ്ടപ്പെട്ടതാവാം അപകട കാരണം.
അടല്‍ സേതു പാലത്തില്‍ ആദ്യത്തെ അപകടം നടത്തിയ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രണ്ടു പേരാണ് അപകടം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നത്. കാര്യമായ പരിക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടിട്ടുണ്ട്. നിരവധി സിസിടിവി ക്യാമറകളുള്ള എംടിഎച്ച്എല്ലിലെ ഇഗ്‌നിസിന്റെ അപകടകരമായ ഡ്രൈവിങിന്റെ തെളിവുകള്‍ ലഭിക്കാന്‍ മുംബൈ പൊലീസിന് ബുദ്ധിമുട്ടുണ്ടാവില്ല.
വേഗം ആവേശമുണ്ടാക്കുമെങ്കിലും അതുപോലെ തന്നെ വലിയ അപകടങ്ങള്‍ക്കും കാരണമാവും. പൊതു റോഡുകളില്‍ ഇത്തരം ഉത്തരവാദിത്വമില്ലാത്ത ഡ്രൈവിങുകള്‍ അപകടങ്ങള്‍ക്കൊപ്പം നിയമനടപടികളും ക്ഷണിച്ചുവരുത്തും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ അവരുടെ മാത്രമല്ല റോഡിലെ മറ്റു യാത്രികരുടേയും ജീവനു കൂടിയാണ് ആപത്താവുന്നത്.