സഹഗായികയ്ക്ക് ബെൻസ് എസ്‌യുവി സമ്മാനിച്ച് മിഖ സിങ്

Mail This Article
മിഖ സിങ് എന്ന പേരും പഞ്ചാബി ഗാനങ്ങളും പരിചിതമല്ലാത്തവർ കുറവായിരിക്കും. ആഘോഷങ്ങൾക്കു കൂടുതൽ താളം പകരുന്ന ഗായകന്റെ പാട്ടുകൾക്ക് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. തന്റെ ഗായകസംഘത്തിലെ പ്രധാന ഗായികയ്ക്കു ആഡംബര എസ് യു വി സമ്മാനിച്ചാണ് ഇപ്പോൾ മിഖ സിങ് വാർത്തകളിൽ നിറയുന്നത്. മെഴ്‌സിഡീസ് ബെൻസിന്റെ എം എൽ 250 എസ്‌യുവിയാണ് നിക്കി സിങ് എന്ന ഗായികയ്ക്കു മിഖയുടെ സമ്മാനം. വാഹനം സമ്മാനമായി നൽകിയതിന്റെ ചിത്രങ്ങൾ മിഖ സിങ്ങിന്റെ ആരാധകർ നിയന്ത്രിക്കുന്ന സമൂഹമാധ്യമ പേജിലൂടെയാണ് പങ്കുവെയ്ക്കപ്പെട്ടത്. പോളാർ വൈറ്റ് നിറത്തിലുള്ളതാണ് എസ്‌യുവി.
ഇന്ത്യൻ വാഹന വിപണിയിലെ മെഴ്‌സിഡീസിന്റെ പ്രധാന മോഡലുകളിൽ ഒന്നാണ് ബെൻസ് എം എൽ 250 സിഡിഐ. 2012 ലാണ് വാഹനം ഇന്ത്യയിൽ പുറത്തിറങ്ങിയത്. ആഡംബരത്തിന്റെ മറുവാക്കായ വാഹനം രാജ്യത്തും വൻഹിറ്റായിരുന്നു. 2012 ൽ 4600000 രൂപയായിരുന്നു വാഹനത്തിന്റെ വില. 3.0 ലീറ്റർ, വി 6 ഡീസൽ എസ്‌യുവിയുടെ കരുത്ത്. 204 ബി എച്ച് പി പവറും 500 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. 7 ജി ട്രോണിക് പ്ലസ് ട്രാൻസ്മിഷനിൽ 4 വീൽ ഡ്രൈവാണ്. ആഡംബര എസ്‌യുവി സെഗ്മെന്റിൽ ബി എം ഡബ്ള്യു എക്സ് 5, ഔഡി ക്യു 7 എന്നീ വാഹനങ്ങളോടാണ് എം എൽ 250 സിഡിഐയുടെ മത്സരം.
2023 ൽ മിഖ സിങ് തന്റെ ബാല്യകാല സുഹൃത്തിനു 80 ലക്ഷം രൂപ വിലവരുന്ന മെഴ്‌സിഡീസ് ബെൻസ് ജി എൽ ഇ 250 ഡി എസ് യു വി സമ്മാനമായി നൽകിയിരുന്നു. എസ് യു വികൾ ഇഷ്ടപ്പെടുന്ന താരത്തിന്റെ ഗാരിജിൽ ഹമ്മർ എച്ച് 2, റേഞ്ച് റോവർ വോഗ് തുടങ്ങിയ വാഹനങ്ങളുമുണ്ട്.