ഫൈവ് സ്റ്റാർ സുരക്ഷയില്‍ മഹീന്ദ്രയുടെ ഈ വാഹനം; ഇലക്ട്രിക് എസ്യുവികളിലും മികച്ചത്!

Mail This Article
ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനത്തോടെ 5 സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കി മഹീന്ദ്രയുടെ കൂപെ ഇലക്ട്രിക് എസ്യുവി ബിഇ 6. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 31.97പോയിന്റും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും നേടിയാണ് മഹീന്ദ്ര സുരക്ഷയില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഇതോടെ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ വില്പനയുള്ള വൈദ്യുത എസ്യുവികളില് ഏറ്റവും മികച്ച റേറ്റിങ് മഹീന്ദ്രയുടെ ബിഇ 6 സ്വന്തമാക്കുകയും ചെയ്തു.

'മഹീന്ദ്രയില്‍ മാത്രമല്ല ഇന്ത്യന്‍ വാഹന രംഗത്താകെ സുരക്ഷയുടെ കാര്യത്തില്‍ പുതിയ കാലഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഇ6ഉം എക്സ്ഇവി9ഉം. വാഹന ലോകത്തെ മികവുള്ളവര്‍ ഒരുക്കിയ ഈ വാഹനങ്ങള്‍ പുതിയ നിലവാരത്തിനാണ് അടിത്തറയിട്ടിരിക്കുന്നത്' ക്രാഷ് ടെസ്റ്റ് ഫലം പുറത്തു വന്നശേഷം മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടമോട്ടീവ് ടെക്നോളജി ആന്റ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആര് വേലുസ്വാമി പ്രതികരിച്ചത്.

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിങ് നേടിയ വാഹനങ്ങളാണ് മഹീന്ദ്രയുടെ ബിഇ6ഉം എക്സ്ഇവി 9ഇയും. ഡ്രൈവര്‍ക്കും യാത്രികര്‍ക്കും തല, കഴുത്ത്, നെഞ്ച് എന്നീ ഭാഗങ്ങളില്‍ മികച്ച സുരക്ഷയൊരുക്കാന്‍ ബിഇ 6ന് സാധിക്കുമെന്ന് ക്രാഷ് ടെസ്റ്റില്‍ തെളിഞ്ഞു. അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍ 32ല്‍ 31.97 പോയിന്റാണ് ബിഇ6 നേടിയിരിക്കുന്നത്.

ഡ്രൈവറുടെ വലതു കാല്‍മുട്ടിന്റെ ഭാഗത്തെ സുരക്ഷയുടെ കാര്യത്തില്‍ അല്പം പിന്നിലേക്കു പോയതാണ് റേറ്റിങ് നേരിയ തോതിലെങ്കിലും കുറയാന്‍ കാരണമായത്. അപ്പോഴും 16ല്‍ 15.97 പോയിന്റ് മുന്നിലെ ഇടിയുടെ ആഘാത പരിശോധനയില്‍ നേടാനായി. വാഹനത്തിന്റെ വശങ്ങളിലെ ആഘാത പരിശോധനയില്‍ ബിഇ 6 സാധ്യമായ 16ല്‍ 16 പോയിന്റും നേടിയെന്നതും ശ്രദ്ധേയമാണ്.
കുട്ടികളുടെ സുരക്ഷയില്‍ മഹീന്ദ്രയുടെ തന്നെ എക്സ്ഇവി 9ഇ, ഥാര്‍ റോക്സ്, സ്കോഡ കുഷാഖ്, ടാറ്റ പഞ്ച് ഇവി എന്നിവയ്ക്കൊപ്പം 49 ല്‍ 45 പോയിന്റ് നേടാന്‍ മഹീന്ദ്ര ബിഇ 6ന് സാധിച്ചു. ഡൈനാമിക് ടെസ്റ്റില്‍ 24ല്‍ 24ഉം ചൈല്‍ഡ് റീസ്ട്രെയിന്റ് സിസ്റ്റം ഇന്സ്റ്റലേഷന് ടെസ്റ്റില്‍ 12ല്‍ 12 പോയിന്റും നേടാന്‍ മഹീന്ദ്ര ബിഇക്ക് സാധിച്ചു വെഹിക്കിള്‍ അസെസ്മെന്റ് ടെസ്റ്റല്‍ 13ല്‍ 9 പോയിന്റാണ് നേടിയത്. 18 മാസവും മൂന്നു വയസും പ്രായമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ ചൈല്‍ഡ് സീറ്റുകളില്‍ ഡമ്മികള്‍ സ്ഥാപിച്ചായിരുന്നു ആഘാത പരിശോധന നടത്തിയത്. മുന്‍നിര സീറ്റുകള്‍ക്ക് പിന്നിലായി പുറം തിരിഞ്ഞിരിക്കുന്ന നിലയിലാണ് കുട്ടികളുടെ സീറ്റുകള്‍ സ്ഥാപിച്ചിരുന്നത്.
സുരക്ഷാ പരിശോധനയുടെ വിഡിയോ ദൃശ്യങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തുവിട്ടിട്ടുണ്ട്. മുന്നിലെ ആഘാത പരിശോധന മണിക്കൂറില്‍ 64 കിലോമീറ്ററില്‍ സഞ്ചരിക്കുമ്പോഴാണ് നടത്തിയത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഇടിപ്പിച്ചായിരുന്നു വശങ്ങളിലെ ആഘാത പരിശോധന. പോള്‍ സൈഡ് ഇംപാക്ട് ടെസ്റ്റിന് മണിക്കൂറില്‍ 29 കിലോമീറ്ററായിരുന്നു വേഗത. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്സി, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, അമിത വേഗത മുന്നറിയിപ്പ്, വഴിയാത്രക്കാര്‍ക്കുള്ള സുരക്ഷ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ബിഇ6നെ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്.