വാഹനപ്രേമികൾക്കിടയിൽ സൂപ്പർഹിറ്റാണ് ഥാർ; വിലയിൽ മാറ്റം വരുത്തി

Mail This Article
2024 ആഗസ്റ്റിലാണ് മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ അഭിമാന വാഹനങ്ങളിലൊന്നായ ഥാർ റോക്സ് വിപണിയിലെത്തിച്ചത്. പുതുവർഷത്തിൽ വാഹനനത്തിന്റെ വിലയുയരുമെന്നും കമ്പനി ഡിസംബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം ഥാറിന്റെ വിവിധ വേരിയന്റുകൾക്ക് 0.48 ശതമാനം മുതൽ 2.86 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നുമില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത.
ഥാർ റോക്സിന്റെ പെട്രോൾ മോഡലിൽ ഏറ്റവും ഉയർന്ന വേരിയന്റായ എ എക്സ് 7 എൽ എ ടി യ്ക്ക് 50000 രൂപ വരെയാണ് വർധനവ്. ഇതോടെ വാഹനത്തിന്റെ എക്സ്‌ഷോറൂം വില 20.49 ലക്ഷം രൂപയായി. 2.50 ശതമാനമാണ് വില കൂടിയിരിക്കുന്നത്. ഉയർന്ന വകഭേദത്തിനൊഴിച്ച് ഥാർ റോക്സിന്റെ മറ്റു പെട്രോൾ വേരിയന്റുകളുടെ വിലയിൽ യാതൊരു മാറ്റവുമില്ല. 12.99 ലക്ഷം രൂപ മുതലാണ് ഈ എസ് യു വി യുടെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്.
മേൽസൂചിപ്പിച്ചതു പോലെ ഡീസൽ വേരിയന്റുകളിലും പ്രാരംഭ മോഡലുകളുടെ വിലയിൽ മാറ്റമില്ല. വാഹനം വിപണിയിലെത്തിയപ്പോൾ പ്രഖ്യാപിച്ച 13.99 ലക്ഷം രൂപയാണ് എം എക്സ് 1 എം ടി എന്ന ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില. എന്നാൽ എം എക്സ് 5 എം ടി 4x4 നു എക്സ് ഷോറൂം വില 19.09 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. 30000 രൂപയാണ് ഈ വേരിയന്റിന്റെ വിലയിൽ വന്നിട്ടുള്ള മാറ്റം. 1.60 ശതമാനമാണ് വില വർധനവ്. എ എക്സ് 5 എൽ എ ടി 4x4 നും 10000 രൂപ വില കൂടിയിട്ടുണ്ട്. അതോടെ ഈ വേരിയന്റിന് 21.09 ലക്ഷം രൂപയായി.
ഥാർ റോക്സിന്റെ ഡീസൽ മോഡലിലെ ഏറ്റവും ഉയർന്ന വേരിയന്റുകളായ എ എക്സ് 7 എൽ എം ടിയ്ക്ക് 50000 രൂപ വർധിച്ച് 19.49 ലക്ഷം രൂപയായി. എ എക്സ് 7 എൽ എം ടി 4x4 നു 60000 രൂപയാണ് വർധനവ്. ഏകദേശം 2.86 ശതമാനമാണിത്. ഇതോടെ ഈ വേരിയന്റിന് 21.59 ലക്ഷം രൂപ നൽകേണ്ടി വരും. എ എക്സ് 7 എൽ എ ടി യ്ക്ക് 50000 രൂപയാണ് വർധിച്ചിരിക്കുന്നത്. 20.99 ലക്ഷം രൂപയായി എക്സ് ഷോറൂം വില വർധിക്കും. എ എക്സ് 7 എൽ എ ടി 4x4 നു 60000 രൂപ ഉയർന്ന് എക്സ് ഷോറൂം വില 23.09 ലക്ഷം രൂപയായിട്ടുണ്ട്.