ബൈക്ക് വിപണി പിടിക്കാൻ ഒല, 999 രൂപയ്ക്ക് ബുക്ക് ചെയ്യാം റോഡ്സ്റ്റർ

Mail This Article
ഇലക്ട്രിക് ബൈക്ക് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഒല ഇലക്ട്രിക്. സിഇഒ ഭവീഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയ വഴിയാണ് റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണം ആരംഭിച്ചത് സ്ഥിരീകരിച്ചത്. ഒല ഇലക്ട്രിക്കിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഭവീഷ് പുറത്തുവിട്ടത്. നേരത്തെ റോഡ്സ്റ്റര്‍ എക്സ് ഓടിക്കുന്ന വിഡിയോ ഭവീഷ് അഗര്‍വാള്‍ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.
റോഡ്സ്റ്റര്‍ എക്സിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ വനിതാ ടെക്നീഷ്യന്മാരുടേയും എന്‍ജിനീയര്‍മാരുടേയും ദൃശ്യങ്ങളും ഒല ഇലക്ട്രിക് പുറത്തുവിട്ടിട്ടുണ്ട്. ഡബിള്‍ ഡൗണ്‍ ട്യൂബ് ചേസിസാണ് റോഡ്സ്റ്റര്‍ എക്സിലെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. സാധാരണ മോട്ടോര്‍സൈക്കിളുകളില്‍ ഇന്ധന ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥാനത്താണ് റോഡ്സ്റ്റര്‍ എക്സിന്റെ ബാറ്ററിയുള്ളത്. അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും ഡബിള്‍ കോയില്‍ റിയര്‍ സസ്പെന്‍ഷനും പരമ്പരാഗത ചെയിന്‍ ആന്റ് സ്പോക്കറ്റ് ഡ്രൈവുമുള്ള വാഹനമായിരിക്കും റോഡ്സ്റ്റര്‍ എക്സ്. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്.
ഏറെ കാത്തിരിപ്പിനൊടുവില്‍ ഒല ഇലക്ട്രിക് കഴിഞ്ഞ വര്‍ഷമാണ് റോഡ്സ്റ്റര്‍ വകഭേദങ്ങള്‍ പുറത്തിറക്കിയത്. റോഡ്സ്റ്റര്‍ എക്സ്, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രൊ എന്നിങ്ങനെ മൂന്നു മോഡലുകള്‍ 75,000 രൂപ മുതല്‍ 2.49 ലക്ഷം രൂപ വരെ വിലയിലാണ് പുറത്തിറക്കിയത്. ഇതില്‍ റോഡ്സ്റ്റര്‍ എക്സില്‍ 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്നു ബാറ്ററി പാക്ക് ഓപ്ഷനുകള്‍.
റോഡ്സ്റ്റര്‍ എക്സിന്റെ 4.5 കിലോവാട്ട് ബാറ്ററി മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗത്തിലേക്ക് 2.8 സെക്കന്‍ഡില്‍ കുതിക്കാനാവുമെന്നാണ് ഒല അവകാശപ്പെടുന്നത്. റേഞ്ച് 200 കിലോമീറ്ററും പരമാവധി വേഗം 124 കിലോമീറ്ററുമാണ്. റോഡ്സ്റ്റര്‍ എക്സിന്റെ 2.5 കിലോവാട്ടിന് 74,999 രൂപയും 3.5 കിലോവാട്ടിന് 84,999 രൂപയും 4.5കിലോവാട്ടിന് 99,000 രൂപയുമാണ് ഒല വിലയിട്ടിരിക്കുന്നത്. മൂന്നു മോഡലുകളും 2025 സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തിലാണ് ഉടമകളുടെ കൈകളിലേക്കെത്തുക.
മിഡ് സ്പെക് റോഡ്സ്റ്ററിനും മൂന്ന് ബാറ്ററി ഓപ്ഷനുകളാണുള്ളത്. 3.5 കിലോവാട്ടിന് 1,04,999 രൂപയും 4.5 കിലോവാട്ടിന് 1,19,999 രൂപയും 6 കിലോവാട്ടിന് 1,39,999 രൂപയുമാണ് വില. ഏറ്റവും ഉയര്‍ന്ന ബാറ്ററിക്ക് മണിക്കൂറില്‍ 126 കിലോമീറ്ററാണ് പരമാവധി വേഗം. റേഞ്ച് 248 കിലോമീറ്റര്‍. റോഡ്സ്റ്റര്‍ മോഡലുകള്‍ 2025 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ലഭ്യമാവും.
ഏറ്റവും ഉയര്‍ന്ന റോഡ്സ്റ്റര്‍ മോഡലായ റോഡ്സ്റ്റര്‍ പ്രോയുടെ 8 കിലോവാട്ടിന് 1,99,999 രൂപയും 16 കിലോവാട്ടിന് 2,49,999 രൂപയുമാണ് വില. ഈ മോഡലുകള്‍ 2026 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ചു തുടങ്ങും. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ കണ്ണടച്ചു തുറക്കുന്ന 1.2 സെക്കന്‍ഡു മതി. പരമാവധി വേഗം മണിക്കൂറില്‍ 194 കിലോമീറ്റര്‍. റേഞ്ച് 579 കിലോമീറ്റര്‍.