ADVERTISEMENT

ഇന്ത്യയിലേക്ക് ടെസ്‌ല വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വേഗത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായിട്ടാവും ടെസ്‌ല പ്രവര്‍ത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സുമായി ടെസ്‌ല സഹകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടന്നതിനു പിന്നാലെയാണ് ടെസ്‌ലക്ക് ഇന്ത്യയിലേക്കുള്ള വരവിന്റെ വേഗത കൂടിയത്.

ടെസ്‍ലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ ത്രീയുടെ അമേരിക്കൻ വില 38,990 ഡോളറാണ് (ഏകദേശം 33.87 ലക്ഷം രൂപ). എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് യൂറോപ്പിലും യുഎസ്സിലുമുള്ള ഫീച്ചറുകൾ കുറച്ച് വിലയിൽ മാറ്റം വരുത്തി 22 ലക്ഷം രൂപയ്ക്ക് ടെസ്‌ല കാർ വിപണിയിലെത്തിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വാഹനങ്ങളുടെ വില കുറയ്ക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റയുമായി സഹകരിക്കുന്നത് വില കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

നിരവധി വാഹന നിര്‍മാണ കമ്പനികളുടെ ആസ്ഥാനമാണ് നിലവില്‍ മഹാരാഷ്ട്ര. പ്രത്യേകിച്ചും പുണെയിലെ ചകന്‍ മേഖല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ്, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡീസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ എന്നിങ്ങനെയുള്ള പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ ചകന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചരക്കുനീക്കത്തിനുള്ള സൗകര്യം ഈ തീരുമാനത്തില്‍ നിര്‍ണായകമാവുന്നുണ്ട്. 2023ല്‍ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെസ്‌ല ആരംഭിച്ചതും പുണെയിലെ പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കിലായിരുന്നു.

ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്നത് അഭ്യൂഹങ്ങള്‍ക്കും അപ്പുറത്തെ യാഥാര്‍ഥ്യമാണെന്ന് അറിയിച്ചത് ലിങ്ക്ഡ്ഇന്നില്‍ അവര്‍ ഇട്ട ഒരു പോസ്റ്റായിരുന്നു. ഇന്ത്യയിലെ 13 തൊഴിലവസരങ്ങളെക്കുറിച്ചുള്ള പോസ്റ്റായിരുന്നു അത്. ഇതോടെയാണ് ടെസ്‌ലയുടെ വരവ് യാഥാര്‍ഥ്യമാവുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കസ്റ്റമര്‍ ഡിവിഷന്‍ മറ്റു ബാക്ക് എന്‍ഡ് ഓപറേഷന്‍ ഒഴിവുകളിലേക്കാണ് ടെസ്‌ല ഇപ്പോള്‍ ആളെ എടുക്കുന്നത്. സര്‍വീസ് ടെക്‌നീഷ്യന്‍, സര്‍വീസ് മാനേജര്‍, ഇന്‍സൈഡ് സെയില്‍സ് അഡൈ്വസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റ്, ഓര്‍ഡര്‍ ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ്, സര്‍വീസ് അഡൈ്വസര്‍, ടെസ്‌ല അഡൈ്വസര്‍, പാര്‍ട്‌സ് അഡൈ്വസര്‍, ഡെലിവറി ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ്, ബിസിനസ് ഓപറേഷന്‍സ് അനലിസ്റ്റ്, സ്റ്റോര്‍ മാനേജര്‍ എന്നീ പോസ്റ്റുകളിലേക്കാണ് ടെസ്‌ല ആളെ എടുക്കുന്നത്.

40,000 ഡോളറിന് മുകളിലുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തില്‍ നിന്നും 70 ശതമാനത്തിലേക്ക് കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ടെസ്‌ലയുടെ വരവിന്റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. 2021ല്‍ തന്നെ മുംബൈയില്‍ ഷോറൂം ആരംഭിക്കാനുള്ള സ്ഥലത്തെക്കുറിച്ച് ടെസ്‌ല ധാരണയിലെത്തിയിരുന്നു. ന്യൂഡല്‍ഹിയില്‍ എയറോസിറ്റിയിലും മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുമായിരിക്കും ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമുകള്‍.

English Summary:

Tesla's arrival in India is imminent, with Maharashtra as a likely base and potential collaboration with Tata Motors. The reduced import duty and job postings confirm Tesla's significant investment in the Indian market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com