ക്രാഷ് ടെസ്റ്റിൽ ബാറ്ററിക്കും ആളുകൾക്കും സുരക്ഷ! ഇത് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി

Mail This Article
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാര ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025ല്‍ പുറത്തിറക്കിയ ഇ വിറ്റാരയുടെ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകളും സുരക്ഷാ ഫീച്ചറുകളും എടുത്തുകാണിക്കുന്ന ക്രാഷ് ടെസ്റ്റ് വിഡിയോ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ക്രാഷ് ടെസ്റ്റിൽ ബാറ്ററിക്കും ആളുകൾക്കും ഒരുപോലെ സുരക്ഷ നൽകും പുതിയ വാഹനം എന്നാണ് മാരുതി പറയുന്നത്.

പ്ലാറ്റ്‌ഫോം
മാരുതി സുസുക്കിയുടെ സൂപ്പര്‍ഹിറ്റ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇവി പതിപ്പാണ് ഇ വിറ്റാര. അതുകൊണ്ടുതന്നെ ഐസിഇ(ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍) പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോം ഇവിറ്റാരയിലും പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായതും വൈദ്യുത വാഹനത്തിന് യോജിച്ചതുമായ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ Hertect-e ടൊയോട്ടയോടൊപ്പം ചേര്‍ന്ന് മാരുതി സുസുക്കി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഭാവിയില്‍ പുറത്തിറങ്ങുന്ന മാരുതി സുസുക്കിയുടെ മാത്രമല്ല ടൊയോട്ടയുടെ ഇവികളിലും ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. കരുത്തിനും കാര്യക്ഷമതക്കും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന പ്ലാറ്റ്‌ഫോമാണിത്.
ടയറുകള്‍ നാലു വശങ്ങളിലേക്ക് പരമാവധി ഒതുക്കിക്കൊണ്ടുള്ള പരന്ന പ്ലാറ്റ്‌ഫോമായതിനാല്‍ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോം എന്നും ഇതിനെ വിളിക്കാറുണ്ട്. വാഹനത്തിന് ഉള്‍ഭാഗത്ത് പരമാവധി സ്ഥലം ഉറപ്പിക്കാനും പിന്‍സീറ്റില്‍ അനായാസം മൂന്നുപേര്‍ക്ക് ഇരിക്കാനും ഈ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ സാധിക്കും. നാലാം തലമുറ ഡിസയറിലുള്ള Hertect പ്ലാറ്റ്‌ഫോമില്‍ നിന്നും കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുണ്ട് Hertect-e പ്ലാറ്റ്‌ഫോമില്‍.

ക്രാഷ് ടെസ്റ്റ്
ഡിസയറിലാണ് മാരുതി സുസുക്കി ആദ്യമായി ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയത്. ഡിസയര്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുക കൂടി ചെയ്തതോടെ സുരക്ഷയില്‍ മാരുതി സുസുക്കി പ്രാധാന്യം നല്‍കി തുടങ്ങിയെന്ന് ഉറപ്പായി. ഇപ്പോഴിതാ മാരുതി ഇവിറ്റാരയുടെ ക്രാഷ് ടെസ്റ്റ് വിഡിയോയും കമ്പനി പുറത്തു വിട്ടിരിക്കുന്നു.
മാരുതി സുസുക്കി ആഭ്യന്തരമായി നടത്തിയ ക്രാഷ് ടെസ്റ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി, ഭാരത് എന്‍സിഎപി എന്നിങ്ങനെയുള്ള ഏജന്‍സികള്‍ വഴിയല്ല ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. നേരത്തെ ഫ്രോങ്ക്‌സിന്റെ ക്രാഷ് ടെസ്റ്റും മാരുതി സമാനമായ രീതിയില്‍ ആഭ്യന്തരമായി നടത്തുകയും വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.

സുരക്ഷാ ഫീച്ചറുകള്‍
ഏഴ് എയര്‍ബാഗുകളാണ് ഇ വിറ്റാരയിലുള്ളത്. ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, ഇപിബി, എവിഎഎസ്, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്ക് സെന്‍സറുകള്‍ എന്നിവക്കൊപ്പം മാരുതി സുസുക്കിയുടെ ആദ്യത്തെ ലെവല്‍ 2 അഡാസ്(അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഫീച്ചറുകളുമുള്ള വാഹനമായിരിക്കും ഇവിറ്റാര. അടിയന്തരഘട്ടങ്ങളിലെ ബ്രേക്കിങ്, ലൈന്‍ കീപ്പ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, അഡാപ്റ്റീപ് ക്രൂസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിവയെല്ലാം അഡാസ് ഫീച്ചറുകളില്‍ പെടും.
പവര്‍ട്രെയിന്‍
49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 49kWh ബാറ്ററിയില്‍ സിംഗിള്‍ മോട്ടോറും 2വീല്‍ ഡ്രൈവും മാത്രമാണുള്ളത്. 61kWh ബാറ്ററിയില്‍ ഇരട്ട മോട്ടോറുകളും 4വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇന്ത്യയില്‍ 2 വീല്‍ ഡ്രൈവ്(2WD) ഓപ്ഷന്‍ മാത്രമാവും ലഭ്യമാവുക. 49kWh ബാറ്ററി 142 ബിഎച്ച്പി കരുത്തും പരമാവധി 189എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ വലിയ ബാറ്ററിയിലെ സിംഗിള്‍ മോട്ടോര്‍ വകഭേദം 172ബിഎച്ച്പി കരുത്തും 189എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 61kWh ബാറ്ററിയിലെ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷന്‍ 181ബിഎച്ച്പി കരുത്തും 300എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. പ്രതീക്ഷിക്കുന്ന റേഞ്ച് പരമാവധി 500 കിലോമീറ്റര്‍.