ADVERTISEMENT

മുംബൈ∙ സൈക്ലോത്തോണുമായി സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്). 56-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 25 ദിവസം നീണ്ടു നില്‍ക്കുന്ന സൈക്ലോത്തോണുമായി സിഐഎസ്എഫ്(സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്). രണ്ടു സംഘങ്ങളിലായി ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലായി 6,553 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലോത്തോണ്‍ പൂര്‍ത്തിയാവുക. മാര്‍ച്ച് ഏഴിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന സൈക്ലോത്തോണില്‍ 14 വനിതകള്‍ അടക്കം 125 സിഐഎസ്എഫ് സേനാ അംഗങ്ങളാണ് പങ്കെടുക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നത്. 

'തീരങ്ങളുടെ സുരക്ഷ, ഇന്ത്യയുടെ അഭിവൃദ്ധി' എന്നതാണ് യാത്രയുടെ സന്ദേശം. രാജ്യത്തിന്റെ തീര സുരക്ഷയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നത്. സിഐഎസ്എഫിന് രാജ്യത്തെ വിവിധ സമൂഹങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്നതും ലക്ഷ്യമാണെന്ന് സൈക്ലോത്തോണ്‍ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെ സിഐഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുധീര്‍ കുമാര്‍ പറഞ്ഞു. 

സാധാരണ പൗരന്മാര്‍ക്ക് cisfcyclothon.com എന്ന വെബ് സൈറ്റ് വഴി സൈക്ലോത്തോണില്‍ പങ്കെടുക്കാനാവും. വ്യത്യസ്ത നഗരങ്ങളില്‍ എന്നാണ് സൈക്ലോത്തോണ്‍ എത്തുകയെന്നും എന്തൊക്കെ പരിപാടികളാണ് സംഘടിപ്പിക്കുകയെന്നും വെബ് സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. നേരിട്ട് സൈക്ലോത്തോണില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വെബ് സൈറ്റ് വഴി വെര്‍ച്ചുല്‍ പിന്തുണ നല്‍കാന്‍ സാധിക്കുമെന്നും സിഐഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. 

പടിഞ്ഞാറന്‍ തീരത്ത് സൂറത്ത്, മുംബൈ, ഗോവ, മാംഗ്ലൂര്‍, കൊച്ചി എന്നീ നഗരങ്ങളിലൂടെയാണ് പ്രധാനമായു സൈക്ലോത്തോണ്‍ കടന്നുപോവുക. കിഴക്കന്‍ തീരത്തെ യാത്ര ഹല്‍ദിയ, കൊണാര്‍ക്ക്, പാരദ്വീപ്, വിസാഗ്, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലൂടെയും കടന്നു പോവും. ലാക്പത്തിലെ കോരി നദീമുഖത്തു നിന്നാണ് കിഴക്കന്‍ തീരത്തെ സൈക്ലോത്തോണ്‍ ആരംഭിക്കുക. ആകെ 3,775 കിലോമീറ്റര്‍ കിഴക്കന്‍ തീര സൈക്ലോത്തോണിന്റെ ഭാഗമാവുന്നവര്‍ സൈക്കിളില്‍ സഞ്ചരിക്കും. 

പശ്ചിമബംഗാളിലെ ബക്കാലി ബീച്ചില്‍ നിന്നും ആരംഭിക്കുന്ന കിഴക്കന്‍ തീരത്തെ സൈക്ലോത്തോണ്‍ 2,778 കിലോമീറ്ററാണ് സഞ്ചരിക്കുക. രണ്ട് സംഘങ്ങളും മാര്‍ച്ച് 31ന് കന്യാകുമാരിയില്‍ സംഗമിക്കുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ തക്കോലത്തെ സിഐഎസ്എഫ് റീജണല്‍ ട്രെയിനിങ് സെന്ററില്‍ നിന്നും സൈക്ലോത്തോണ്‍ വെര്‍ച്ചുല്‍ ഫ്‌ളാഗ് ഓഫ് നടത്തും. 

സൈക്ലോത്തോണിന്റെ ഭാഗമായി സിഐഎസ്എഫ് സംഘങ്ങളും സ്‌കൂള്‍ കുട്ടികളും എന്‍സിസി അംഗങ്ങളും നടത്തുന്ന വിവിധ സാംസ്‌ക്കാരിക പരിപാടികളും വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കും. ലാക്പത്ത് കോട്ട, സൂറത്ത്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഗോവയിലെ മര്‍മഗോവ തുറമുഖം, മാംഗ്ലൂര്‍, കൊച്ചി, കൊണാര്‍ക്ക്, വിസാഗ്, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 20നാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ പരിപാടി നടക്കുക. 

സൈക്ലോത്തോണിന്റെ ഭാഗമായി പരമ്പരാഗത നൃത്തങ്ങളും, ശുചീകരണ യജ്ഞങ്ങളും, വൃക്ഷതൈ നട്ടു പിടിപ്പിക്കലുമെല്ലാം സംഘടിപ്പിക്കും. കന്യാകുമാരിയില്‍ വെച്ചു നടക്കുന്ന സമാപന ചടങ്ങുകളുടെ ഭാഗമായി സിഐഎസ്എഫ് ബാന്‍ഡിന്റെ പ്രകടനങ്ങളും സാഹസിക പ്രകടനങ്ങളും നടക്കും. മുംബൈയില്‍ സൈക്ലോത്തോണിനു വേണ്ടി പ്രത്യേകം കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. നമ്പര്‍(022) 27762015. adig-ws@cisf.gov.in എന്ന ഇമെയില്‍ വഴിയും സൈക്ലോത്തോണിന്റെ വിശദാംശങ്ങള്‍ അറിയാനാവും.

English Summary:

The CISF's Great Indian Coastal Cyclothon covers 6,553 km across India's coasts, promoting coastal security & community engagement. Follow the 25-day journey from March 7th-31st!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com