ഇലക്ട്രിക് വിപണിയിൽ ബജാജിന്റെ കുതിപ്പ്, ആദ്യ സ്ഥാനങ്ങളിൽ ആരൊക്കെ

Mail This Article
ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ബജാജ് ഓട്ടോ കുതിപ്പ് തുടര്‍ന്നപ്പോള്‍ ഒല ഇലക്ട്രിക്ക് കിതക്കുന്നു. ഫെബ്രുവരിയിലെ വില്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ഫെഡറേഷന് ഓഫ് ഓട്ടമൊബീല്‍ ഡീലര്‍ അസോസിയേഷന്‍സ്(FADA) പുറത്തുവിട്ടിരിക്കുന്നത്. ബജാജ് ഓട്ടോ ഒന്നാം സ്ഥാനവും ടിവിഎസ് മോട്ടോര്‍ രണ്ടാം സ്ഥാനവും നേടിയപ്പോള്‍ വില്പനയില് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഏഥര്‍ എനര്‍ജിയാണ്. ഒല ഇലക്ട്രിക് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടും. ഗ്രേവ്സ് ഇലക്ട്രിക്കാണ് ഫെബ്രുവരിയിലെ ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വില്പനയില് അഞ്ചാമതുള്ളത്. ജനുവരിയില്‍ ആകെ വിപണിയുടെ 6.4 ശതമാനമായിരുന്നു വൈദ്യുത ഇരുചക്ര വാഹന വിപണിക്കുണ്ടായിരുന്നതെങ്കില് ഫെബ്രുവരിയില്‍ ആ വിപണി വിഹിതം 5.6 ശതമാനമായി കുറയുകയാണുണ്ടായത്.

ബജാജ് ഓട്ടോ
ഫെബ്രുവരിയില്‍ 21,389 യൂണിറ്റുകള്‍ വിറ്റാണ് ബജാജ് ഓട്ടോ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. വൈദ്യുത ഇരുചക്രവാഹനവിപണിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബജാജ് ഓട്ടോ നടത്തുന്ന കുതിപ്പ് ഫെബ്രുവരിയിലും തുടര്‍ന്നു. കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി ബജാജ് ഓട്ടോ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ വില്പനയില് ഇന്ത്യയില്‍ ഒന്നാമതെത്തിയത്. പ്രതിമാസ വില്പന വളര്‍ച്ച 0.37 ശതമാനം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയില്‍ വില്പന 81.82 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു. 2025 ജനുവരിയില്‍ 21,310 യൂണിറ്റുകളും 2024 ഫെബ്രുവരിയില്‍ 11,764 യൂണിറ്റുകളുമാണ് ബജാജ് വിറ്റത്.

ടിവിഎസ് മോട്ടോര്‍
18,762 യൂണിറ്റുകള്‍ വിറ്റാണ് ടിവിഎസ് മോട്ടോഴ്സ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 2025 ജനുവരിയില്‍ 527 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് ടിവിഎസ് മോട്ടോഴ്സിന് ഒന്നാം സ്ഥാനം നഷ്ടമായത്. എന്നാല്‍ ഫെബ്രുവരിയിലേക്കെത്തുമ്പോള് ടിവിഎസ് മോട്ടോഴ്സുമായുള്ള വ്യത്യാസം ബജാജ് വര്‍ധിപ്പക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. 2025 ജനുവരിയില്‍ 23,809 വൈദ്യുത സ്കൂട്ടറുകള് വിറ്റ ടിവിഎസ് മോട്ടോഴ്സ് വില്പനയില് 21.20 ശതമാനത്തിന്റെ ഇടിവു നേരിട്ടുകൊണ്ട് ഫെബ്രുവരിയില്‍ 18,762 യൂണിറ്റുകളിലേക്കെത്തി. 2024 ഫെബ്രുവരിയില്‍ 14,639 ഇവികളാണ് ടിവിഎസ് മോട്ടോഴ്സ് വിറ്റത്. വാര്‍ഷിക വില്പന വളര്‍ച്ച 28.16 ശതമാനം.

ഏഥര്‍ എനര്‍ജി
സ്ഥാനം വെച്ചു നോക്കുമ്പോള്‍ മൂന്നാം സ്ഥാനത്തേക്കെത്തിക്കൊണ്ട് ജനുവരിയേക്കാള്‍ മികച്ച പ്രകടനമാണ് ഏഥര്‍ എനര്‍ജി നടത്തിയിരിക്കുന്നത്. അതേസമയം വില്പനയുടെ എണ്ണത്തന്റെ കാര്യത്തില്‍ ജനുവരിയില്‍ 12,906 യൂണിറ്റുകള്‍ വിറ്റ ഏഥര്‍ എനര്‍ജി ഫെബ്രുവരിയില്‍ 11,807 യൂണിറ്റായി കുറയുകയാണുണ്ടായത്. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.80 ശതമാനം വാര്‍ഷിക വില്പന വളര്‍ച്ച നേടാനും ഏഥര്‍ എനര്‍ജിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇരുചക്രവാഹന ഇവി വിപണിയില്‍ 10,000യൂണിറ്റിലേറെ വില്പന നടന്ന മൂന്നു കമ്പനികളാണ് ഫെബ്രുവരിയിലുള്ളത്.

ഒല ഇലക്ട്രിക്
ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണി ഭരിച്ചിരുന്ന ഒല ഇലക്ട്രിക് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഫെബ്രുവരിയില്‍ 8,647 യൂണിറ്റുകളാണ് ഒല വിറ്റിരിക്കുന്നത്. വാഹന രജിസ്ട്രേഷന് ഏജന്‍സികളുമായുള്ള കരാറില്‍ ചര്‍ച്ചകള്‍ നടക്കുന്നതും വാഹനങ്ങളുടെ എണ്ണത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സൂചന. 2025 ജനുവരിയില്‍ 24,336 യൂണിറ്റ് ഒല ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. പ്രതിമാസ വില്പനയില് -64.47 ശതമാനത്തിന്റെ കുറവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 74.61ശതമാനത്തിന്റെ കുറവും ഒലയുടെ വില്പനയിലുണ്ടായി.
ഗ്രേവ്സ് ഇലക്ട്രിക് മൊബിലിറ്റി
വില്പനയിലെ സ്ഥിരത തുടര്‍ന്നുകൊണ്ടാണ് ഗ്രേവ്സ് അഞ്ചാംസ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ 3,700 വൈദ്യുത സ്കൂട്ടറുകളാണ് ഗ്രേവ്സ് വിറ്റത്. പ്രതിമാസ വില്പന വളര്‍ച്ച 2.46 ശതമാനവും 2024 ഫെബ്രുവരിയെ അപേക്ഷിച്ചുള്ള വാര്‍ഷിക വില്പന വളര്‍ച്ച 48.71 ശതമാനവും നേടാന്‍ ഗ്രേവ്സിനായി. 2025 ജനുവരിയില്‍ 3,611 യൂണിറ്റുകളും 2024 ഫെബ്രുവരിയില്‍ 2,488 യൂണിറ്റുകളുമാണ് ഗ്രേവ്സ് വിറ്റത്.