700 കി.മീ റേഞ്ച്, ഹ്യുണ്ടേയ്‌യുടെ ഹൈഡ്രജൻ എസ്‍യുവി പുറത്തിറക്കി

Mail This Article
രണ്ടാം തലമുറ നെക്സോ ഹൈഡ്രജൻ ഫ്യൂവൽ സെൽ എസ്‍യുവി പ്രദർശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇത്. മുൻ നെക്സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാൽ ടോർക്ക് 45 എൻഎം കുറഞ്ഞ് 350 എൻഎമ്മായി മാറി. റേഞ്ച് 700 കിലോമീറ്റർ. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.8 സെക്കൻഡ് മാത്രം മതി ഈ എസ്‍യുവിക്ക്, മുൻ മോഡലിൽ അത് 9.2 സെക്കൻഡായിരുന്നു.
കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ രൂപത്തിൽ തന്നെയാണ് പ്രൊഡക്ഷൻ മോഡലും. എച്ച്ടിഡബ്ല്യുഒ (ഹൈഡ്രജൻ ഫോർ ഹ്യുമാനിറ്റി) മുൻ, പിൻ ലൈറ്റുകൾ നൽകിയിരിക്കുന്നു. എച്ച് ആകൃതിയിലുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്, അതിന് സിൽവർ ഫിനിഷും നൽകിയിരിക്കുന്നു. ഓആർവിഎമ്മിന്റെ സ്ഥാനത്ത് കാമറകളാണ് നൽകിയിരിക്കുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലും എയ്റോ എഫിഷന്റ് 18 ഇഞ്ച് അലോയ് വീലും. വാഹനത്തിന് മൾട്ടി ഡയമെൻഷണൽ എഫക്റ്റ് ലഭിക്കുന്നതിനായി മൂന്ന് കോട്ട് പെയിന്റ് നൽകിയിട്ടുണ്ട്. ആറു നിറങ്ങളിലും നെക്സോ ലഭിക്കും.

ഹ്യുണ്ടേയ്‌യുടെ തന്നെ ഐയോണിക് 5 ഇവിയിലെ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഡാഷ് ബോർഡിന്റെ ഇരുവശങ്ങളിലുമായി ഓആർവിമ്മുകളിൽ നിന്നുള്ള കാമറ ഫീഡുകൾ നൽകിയിരിക്കുന്നു. 14 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ എന്നിവയുണ്ട്. 2018 ൽ പുറത്തിറങ്ങിയ നെക്സോ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ ആദ്യ ഹൈഡ്രജൻ വാഹനമായിരുന്നു. അതേ സുരക്ഷ പുതിയ മോഡലിലും പ്രതീക്ഷിക്കാം. ഒമ്പത് എയർബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്.