റേഞ്ച് റോവറിന്റെ ഏറ്റവും വേഗമുള്ള എസ്യുവി, ‘അനിമൽ സ്റ്റാറിന്’ സ്വന്തം

Mail This Article
ചലച്ചിത്ര താരങ്ങളിൽ ഏറെ പേർക്കും വാഹനങ്ങളോട് പ്രിയമേറെയാണ്. ബോളിവുഡ് താരം ബോബി ഡിയോളും അതിൽ നിന്നും വ്യത്യസ്തനല്ല. നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള താരം തന്റെ ഗാരിജിലേക്കു പുതിയ ഒരു കാറ് കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ റേഞ്ച് റോവർ സ്‌പോർട് ആണ് ബോബി ഡിയോളിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഏകദേശം 3.4 കോടി രൂപ വില വരുന്ന ഈ വാഹനം നടന് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ മുംബൈയിലെ ലാൻഡ് റോവർ റേഞ്ച് റോവർ ഡീലർഷിപ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാറ്റ് ഫിനിഷുള്ള ബ്ലൂ നെബുല ഷെയ്‌ഡാണ് വാഹനത്തിനായി ബോബി ഡിയോൾ തിരഞ്ഞെടുത്തത്.
റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635 പി എസ്, 750 എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി ഈ കരുത്തന്. പരമാവധി വേഗം മണിക്കൂറില്‍ 290 കിലോമീറ്റര്‍.
കുറച്ചു കാലമായി സിനിമകളിൽ സജീവമല്ലെങ്കിലും ഈയടുത്തിടെ സൂപ്പർ ഹിറ്റായ അനിമലിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ ബോബി ഡിയോളിന്റെ ഗാരിജിൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ ഡബ്ള്യു ബി, പോർഷെ 911, പോർഷെ കെയ്ൻ, റേഞ്ച് റോവർ വോഗ്, മെഴ്‌സിഡീസ് ബെൻസ് എസ് ക്ലാസ് തുടങ്ങിയ വാഹനങ്ങളുമുണ്ട്.