ADVERTISEMENT

മഹീന്ദ്രയിൽ നിന്നുമുള്ള ഇവികൾ രാജ്യത്ത് തരംഗം സൃഷ്ടിക്കുമ്പോൾ ആർക്കാണ് സ്വന്തമാക്കാതിരിക്കാൻ കഴിയുക? സെലിബ്രിറ്റികളടക്കം നിരവധി പേരുടെ ഇഷ്ടവാഹനമായി മാറിയ എക്സ് ഇ വി 9 ഇ ഗാരിജിലെത്തിച്ചിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യൻ കാറിനായി ശബ്ദം ഡിസൈൻ ചെയ്യാൻ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വാഹനം കാശ് കൊടുത്ത് വാങ്ങിയതാണെന്നും റഹ്മാൻ പറയുന്നുണ്ട്.

ടാംഗോ റെഡ് കളറാണ് വാഹനത്തിനായി റഹ്മാൻ തിരഞ്ഞെടുത്തിരിക്കുന്നത്. നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റീൽത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് മറ്റു കളർ ഓപ്ഷനുകൾ. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്രയുടെ ഈ ഇ വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. 

ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്സ് ഇ വി 9 ഇ  മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍. ബാറ്ററി പാക്കിന് ലൈഫ്‌ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനിറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയുടെ റേഞ്ച് 656 കീലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കിലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.

മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് എക്സ് ഇ വി 9 ഇ യിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

English Summary:

A.R. Rahman Drives the Mahindra XUV900 EV: India's Favorite Electric Car?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com