ടൊയോട്ട വെൽഫയറിന്റെ ആഡംബരത്തിൽ കൃതി സനോൺ, നമ്പറും വിഐപി

Mail This Article
ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെയല്ലാം ഗാരിജിനു അലങ്കാരമാകുന്ന വാഹനങ്ങളിലൊന്നാണ് കാരവാനായും കാറായും ഉപയോഗിക്കാൻ കഴിയുന്ന ടൊയോട്ടയുടെ എം പി വി വെൽഫയർ. ഒരുപിടി മികച്ച ചിത്രങ്ങളിലെ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ കൃതി സനോണിന്റെ യാത്രകൾക്കും ഇനി വെൽഫെയറിന്റെ തിളക്കമുണ്ടാകും. ഗ്ലോസി ബ്ലാക്ക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ടയുടെ ഈ ആഡംബര എം പി വിയ്ക്കായി കൃതി സനോൺ കണ്ടെത്തിയ രജിസ്‌ട്രേഷൻ നമ്പറിലുമുണ്ട് പ്രത്യേകത. 0700 എന്ന വി ഐ പി നമ്പറാണ് താരം തന്റെ പ്രിയവാഹനത്തിനായി തിരഞ്ഞെടുത്തത്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന വെൽഫെയറിന്റെ ഏതു വേരിയന്റാണ് കൃതി സനോൺ സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകൾക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വരുന്നത്.
വെൽഫെയറിന്റെ ആദ്യകാഴ്ചയിൽ കണ്ണുകളിലുടക്കുക മുൻഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകൽപന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീൽ ബേസ് 3000 എം എം ആണ്. മുൻ മോഡലിനെ അപേക്ഷിച്ചു പുതിയ വെൽഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്.
ഇന്റീരിയറിലേക്കു വരികയാണെങ്കിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന, മെമ്മറി ഫങ്ക്ഷൻ ഉള്ള ഡ്രൈവിങ് സീറ്റ്, ഓപൺ - ക്ലോസ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ ആർ വി എമ്മുകൾ, പ്രീമിയം ലെതർ സീറ്റുകൾ, 14 ഇഞ്ച് ഫ്‌ളോട്ടിങ് ടൈപ്പ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, എ ഡി എ എസ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് - ഹീറ്റഡ് സീറ്റ്സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ സ്റ്റിയറിംഗ് വീൽ, 3 സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് വെൽഫെയർ.
ഹൈബ്രിഡ് സിസ്റ്റവുമായി പെയർ ചെയ്തിട്ടുള്ള 2.5 ലീറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എൻ എം ടോർക്കും 193 പി എസ് കരുത്തും ഉൽപാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയർ ബോക്‌സും നൽകിയിട്ടുണ്ട്.
ടൊയോട്ട വെൽഫെയർ കൂടാതെ മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര എസ് യു വിയായ മെയ്ബ ജി എൽ എസ് 600 ഉം കൃതി സനോണിന്റെ വാഹന ശേഖരത്തിലുണ്ട്. ഏകദേശം 3.5 കോടി രൂപ വരും ഈ എസ് യു വിയ്ക്ക്. ബോളിവുഡിൽ മെയ്ബ ജി എൽ എസ് 600 സ്വന്തമായുള്ള ഏക നായികയാണ് കൃതി.