സ്മാർട്ടായി പുത്തൻ എക്സ്റ്റർ! കച്ചവടം പിടിക്കാൻ പുതു വേരിയന്റുകൾ വിപണിയിൽ

Mail This Article
ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന എക്സ്റ്റർ കുഞ്ഞൻ എസ്‌യുവിയുടെ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു. എസ് സ്മാർട്ട്, എസ്എക്സ് സ്മാർട്ട് എന്നീ രണ്ട് പുതിയ മോഡലുകൾ കൂടെ കമ്പനി അവതരിപ്പിച്ചു. പുതിയ എസ് സ്മാർട്ട്, എസ്എക്സ് സ്മാർട്ട് മോഡലുകൾ പെട്രോൾ, ഡ്യുവൽ സിലിണ്ടർ സിഎൻജി വേരിയന്റുകളിൽ മാനുവൽ, എഎംടി ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്.
ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കിന് മറുപടിയായി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടേയ് എസ് സ്മാർട്ട് വേരിയന്റിൽ ഒരു ഇലക്ട്രിക് സൺറൂഫും എസ്എക്സ് സ്മാർട്ട് വേരിയന്റിൽ പുഷ്-ബട്ടൺ സ്റ്റാർട്ടുമുള്ള ഒരു സ്മാർട്ട് കീയും ചേർത്തിട്ടുണ്ട്. കൂടാതെ, ഈ രണ്ട് പുത്തൻ മോഡലുകൾക്കും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും വരുന്നു. അതോടൊപ്പം റിയർ ക്യാമറയുമായി വരുന്ന നവീകരിച്ച 8.6 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലേക്ക് ഉപഭോക്താക്കൾക്ക് അപ്പ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
മൂന്ന് വർഷത്തെ വാറണ്ടി സപ്പോർട്ടോടെ 14,999 രൂപ വിലയ്ക്ക് ഇത് ജെന്യുവിൻ ആക്‌സസറികളായി ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 2025 ഹ്യുണ്ടായി എക്സ്റ്റർ എസ് സ്മാർട്ട്, എസ്എക്സ് സ്മാർട്ട് വേരിയന്റുകൾ ബജറ്റ് ഉപഭോക്താക്കളുടെ വിശാലമായ ശ്രേണിയെ തൃപ്തിപ്പെടുത്തുന്നതിനായി ഒരുക്കിയിരിക്കുന്നതാണ്. എസ് സ്മാർട്ട് മാനുവൽ മോഡലിന്റെ വില 7,68,490 രൂപയും എസ്എക്സ് സ്മാർട്ട് Hy-CNG ഡ്യുവോയുടെ വില 9,18,490 രൂപ വരെയുമാണ്.
ഇത് കൂടാതെ എസ് സ്മാർട്ട് മാനുവൽ മോഡലിന്റെ വില 8,39,090 രൂപയും എസ്എക്സ് സ്മാർട്ട് എഎംടിയുടെ വില 8,83,290 രൂപയുമാണ്. എസ് സ്മാർട്ട് സിഎൻജി തിരഞ്ഞെടുക്കുന്നവർക്ക് 8,62,890 രൂപയും ടോപ്പ് സ്പെക്ക് എസ്എക്സ് സ്മാർട്ട് സിഎൻജിക്ക് 9,18,490 രൂപയും ചെലവഴിക്കേണ്ടി വരും. എക്സ്റ്റർ ഇതിനകം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒരു സ്മാർട്ട് കീ കൂടാതെ, ഹ്യുണ്ടേയ് എക്സ്റ്റർ എസ്എക്സ് സ്മാർട്ട് വേരിയന്റിൽ 15 ഇഞ്ച് സ്റ്റീൽ വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ (ഡിആർഎൽ) എന്നിവ സജ്ജീകരിച്ചിരിക്കുന്നു. റിയർ എസി വെന്റുകൾ, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മറുവശത്ത്, ഹ്യുണ്ടേയ് എക്സ്റ്റർ എസ് സ്മാർട്ട് വേരിയന്റിൽ ഇലക്ട്രിക് സൺറൂഫ്, എൽഇഡി ടെയിൽ ലാമ്പുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയുണ്ട്.