ഡൽഹി മലിനീകരണം;പരിഹാരവുമായി ഗതാഗത മന്ത്രി

Mail This Article
കൊയ്ത്തു കഴിഞ്ഞാല്‍ വൈക്കോല്‍ കത്തിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണ കാഴ്ച്ചയാണ്. മഞ്ഞുകാലത്ത് നിലമൊരുക്കാന്‍ കര്‍ഷകര്‍ ചെയ്യുന്ന ഈ എളുപ്പപ്പണി ഫലത്തില്‍ ശ്വാസം മുട്ടിക്കുന്നത് നമ്മുടെ തലസ്ഥാനമായ ഡല്‍ഹിയേയും. ഡല്‍ഹിയുടെ വായു മലിനീകരണത്തിന്റെ 30-40 ശതമാനവും ഈ വൈക്കോല്‍ കത്തിക്കുന്നതു മൂലമാണെന്നാണെന്ന് അറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ വലിപ്പം തിരിച്ചറിയുക. ഡല്‍ഹി നിവാസികളുടെ മലിനീകരണത്തിനും കര്‍ഷകരുടെ വൈക്കോല്‍ പ്രശ്നത്തിനും പരിഹാര നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. വൈക്കോല്‍ റോഡ് ടാര്‍ ചെയ്യാനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതു വഴി മലിനീകരണം ഒഴിവാക്കാനും കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പിക്കാനുമാവുമെന്നാണ് പുതിയ പദ്ധതിയുടെ സവിശേഷത.

റോഡ് നിര്‍മാണത്തിനായി പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ കാര്‍ഷിക മാലിന്യങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് അവകാശവാദം. റോഡ് നിര്‍മാണത്തിനുവേണ്ട ബയോ ബിറ്റുമിന്‍ നിര്‍മിച്ചാണ് ഇത് സാധ്യമാവുന്നത്. നെല്ല്, ഗോതമ്പ് തുടങ്ങിയവയുടെ വിളവെടുപ്പിനു ശേഷമുള്ള വൈക്കോലാണ് ഇതിനായി ഉപയോഗിക്കുക. നിലവില്‍ ഇന്ത്യയില്‍ റോഡ് നിര്‍മാണത്തിനായി പ്രതിവര്‍ഷം 30,000 കോടി രൂപയുടെ ബിറ്റുമിന്‍ ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 35 ശതമാനത്തോളം ബയോ ബിറ്റുമിനാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന നാരുകള്‍ ഉപയോഗിച്ചാണ് ബയോ ബിറ്റുമിന്‍ തയ്യാറാക്കുന്നത്. ഇത് മലിനീകരണവും ചിലവും കുറക്കും. വടക്കേ ഇന്ത്യയില്‍ പലയിടത്തും ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി കഴിഞ്ഞു. ഒരു ടണ്‍ വൈക്കോലിന് 2,500 രൂപ നല്‍കിക്കൊണ്ടാണ് കര്‍ഷകരില്‍ നിന്നും വൈക്കോല്‍ ശേഖരിക്കുന്നത്. നിലവില്‍ 180 ഓളം ബയോ സിഎന്ജിന് പദ്ധതികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഓയില്‍, റിലയന്‍സ് പോലുള്ള കമ്പനികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഷാംലി- മുസാഫറാനഗര്‍ റോഡ് നിര്‍മിച്ചത് ഇത്തരം ബയോ ബിറ്റുമിന്‍ ഉപയോഗിച്ചാണ്.
പദ്ധതി വിജയിച്ചാല്‍ അത് സര്‍ക്കാരിന് സാമ്പത്തികമായ ലാഭവും നല്‍കും. ബിറ്റുമിന്‍ ഇറക്കുമതി കുറക്കുന്നതുവഴി പ്രതിവര്‍ഷം 10,000 കോടി രൂപ ലാഭിക്കാനാവുമെന്നാണ് കരുതുന്നത്. ഒരു ഏക്കര്‍ കൃഷിയുള്ള കര്‍ഷകര്‍ക്ക് 6000 രൂപയോളം വരുമാനം വൈക്കോല്‍ വിറ്റ് ലഭിക്കുകയും ചെയ്യും. ഒപ്പം വായുമലിനീകരണം 15-20 ശതമാനം കണ്ട് കുറക്കാനുമാവും. ഗ്രാമങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ ബയോ ബിറ്റുമിന്‍ പദ്ധതി വഴി സാധിക്കും.

ഗുണങ്ങളും സാധ്യതകളും നിരവധിയാണെങ്കിലും വെല്ലുവിളികളും ഈ പദ്ധതിക്ക് കുറവല്ല. ഇതില്‍ ഏറ്റവും പ്രധാനം വിളവെടുപ്പ് നടന്ന് 20 ദിവസത്തിനുള്ളില്‍ വൈക്കോല്‍ ശേഖരിക്കണമെന്നതാണ്. കര്‍ഷകരും കരാറുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വൈക്കോല്‍ ഉപയോഗ ശൂന്യമായി പോവും. മറ്റൊരു പ്രതിസന്ധി സാങ്കേതികവിദ്യയാണ്. കൊയ്ത്തിനും വൈക്കോല്‍ ശേഖരണത്തിനുമെല്ലാം പുതു സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാവും. ബയോ ബിറ്റുമിന്‍ അനുമതി നല്കാന് പെട്രോള്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ മെല്ലെപ്പോക്കിനെ കേന്ദ്ര മന്ത്രി ഗഡ്ക്കരിക്കു തന്നെ വിമര്‍ശിക്കേണ്ടി വന്നിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കും ഈ പദ്ധതിക്ക് വെല്ലുവിളിയാവാനിടയുണ്ട്.