ADVERTISEMENT

ഇതൊരു സമ്മാനമായി കാണുന്നില്ല...മുതിർന്ന സഹോദരങ്ങൾ ഇളയ അനിയന്റെ സ്വപ്നത്തിനൊപ്പം നിന്നതാണെന്നു കരുതുന്നു. നന്ദി സൂര്യ അണ്ണാ, കാർത്തി ബ്രദർ, രാജ സാർ. ഏറെ നാളുകൾ കനവ് കണ്ട വാഹനം സ്വന്തമായപ്പോൾ ആ സന്തോഷത്തിനു വാക്കുകളാൽ നന്ദി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല തമിഴിലെ യുവസംവിധായകരിൽ പ്രമുഖനായ പ്രേംകുമാർ ചന്ദ്രന്. 96, മെയ്യഴകൻ തുടങ്ങിയ വിജയ ചിത്രങ്ങളുടെ സംവിധായകനു സൂര്യയും കാർത്തിയും ചേർന്ന് കരുതി വച്ചത് മഹീന്ദ്രയുടെ ഥാർ റോക്സ് എ എക്സ് 5 എൽ 4x4. വളരെ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തന്നിലേക്ക് എത്തിയതെങ്ങനെ എന്ന് കുറിച്ച് കൊണ്ട് മനോഹരമായ ഒരു കുറിപ്പും പ്രേംകുമാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്നെങ്കിലുമൊരിക്കൽ സ്വന്തമാക്കണമെന്നു സ്വപ്നം കണ്ട വാഹനമായിരുന്നു വൈറ്റ് ഷെയ്ഡിലുള്ള ഥാർ റോക്സ് 5 ഡോർ പതിപ്പ്. പക്ഷെ പൈസ ഒരുക്കി കാത്തിരുന്നപ്പോൾ ഇഷ്ട നിറത്തിലുള്ള വാഹനം കിട്ടിയില്ല. നിറം ഒത്തുവന്നപ്പോൾ ആഗ്രഹിച്ച മോഡൽ ലഭിച്ചില്ല. സ്വപ്നം നീണ്ടുപോയപ്പോൾ, കയ്യിൽ കരുതിയ പണം മാറ്റാവശ്യങ്ങൾക്കു വിനിയോഗിക്കേണ്ടി വന്നു. ഥാർ എന്ന ആഗ്രഹം വിദൂരത്തായി. അപ്പോഴെക്കെയും തന്റെ കൂടെ നിന്ന രാജ സാർ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം സൂര്യ അണ്ണ ഒരു ചിത്രം അയച്ചു തന്നു. വൈറ്റ് ഥാർ റോക്സ് എ എക്സ് 5 എൽ 4x4, ''അത് വന്നു'' എന്നൊരു സന്ദേശവും ഒപ്പമുണ്ടായിരുന്നു. പക്ഷേ വാങ്ങാനുള്ള പണം കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടുതന്നെ പരിഭ്രമിച്ചാണ് രാജ സാറിനെ വിളിച്ചത്. ചിരിച്ചുകൊണ്ടുള്ള മറുപടി... ''പ്രേം, അത് സൂര്യ സാർ നിനക്ക് തരുന്ന സമ്മാനമാണെന്നായിരുന്നു''. വാക്കുകൾ കിട്ടാതെ സ്തംബ്ധനായി നിന്ന് പോയ നിമിഷങ്ങൾ. അങ്ങനെ ലക്ഷ്മി ഇല്ലത്തേക്ക് ക്ഷണം ലഭിച്ചു. ആ ഗേറ്റുകൾ തുറന്നപ്പോൾ മുറ്റത്ത് തന്റെ ഇനിയുള്ള നീണ്ട യാത്രകൾക്കുള്ള സഹചാരി കാത്തു നിൽക്കുന്നുണ്ടായിരുന്നു. തന്റെ മെയ്യഴകൻ കാർത്തി ബ്രദർ വാഹനത്തിന്റെ താക്കോൽ നൽകി. ആ നിമിഷങ്ങളെല്ലാം അവിശ്വസനീയതയോടെയാണ് കണ്ടുനിന്നത്. ഹൃദയം നിറഞ്ഞ സന്തോഷത്തിൽ പ്രേംകുമാർ കുറിച്ച വാക്കുകളാണിത്. 

thar-rox-gift
Image Credit : Premkumar Chandran / Facebook

മഹീന്ദ്രയുടെ ഥാർ ഇറങ്ങിയ കാലം മുതൽ തന്നെ ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ വാഹനത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. സാധാരണക്കാർ മുതൽ സെലിബ്രിറ്റികളെ വരെ ലുക്ക് കൊണ്ടും സ്റ്റൈൽ കൊണ്ടും പെർഫോമൻസ് കൊണ്ടും തന്റെ ആരാധകരാക്കി മാറ്റിയ ഈ വാഹനം നിരവധി പ്രശസ്തരുടെ  ഗാരിജിനു അലങ്കാരമാണ്.

കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയുണ്ട് വില. 

മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4x2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 

English Summary:

From Dream to Reality: Surya, Karthi's Surprise Gift to Prem Kumar Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com