ഇലക്ട്രിക് ക്ലീന് ആണോ, ഹൈബ്രിഡ് വാഹനങ്ങളെ തള്ളിക്കളയാറായിട്ടില്ല; ടൊയോട്ട ചെയർമാൻ

Mail This Article
അനുദിനം നവീകരണങ്ങളുമായി വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് ഇലക്ട്രിക് വാഹന കമ്പനികളോരോന്നും. ഉപയോക്താക്കളുടെ സംശയങ്ങൾക്കും ആശങ്കൾക്കും കൃത്യമായ മറുപടികൾ നൽകിക്കണ്ടാണ് ഓരോ പുത്തൻ ഇവി മോഡലുകളും പുറത്തിറങ്ങുന്നത്. പരിസ്ഥിതി മലിനീകരണം അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച് ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളാണ് ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നത്. ഇന്ത്യയുടെ ഇലക്ട്രിക് ഫോർ വീലർ വിപണി വിഹിതം 6% കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകം ഇവി യുഗത്തിലേക്ക് അതിവേഗം കാല് കൊടുക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമാതാക്കളായ ടൊയോട്ടയുടെ പിന്നോട്ടടി വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇവിയിലേക്കുള്ള പാതയിൽ അൽപം പിന്നിലായാണ് ടൊയോട്ട ഓടുന്നത്.
ഇവിയിലേക്ക് ടൊയോട്ട എന്തുകൊണ്ട് എടുത്തു ചാടുന്നില്ല എന്ന വ്യക്തമാക്കുകയാണ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. പരിസ്ഥിതി സ്നേഹം കൊണ്ടുള്ള ഇവി ഉപഭോഗം വിപരീത ഫലമാകും നൽകുക എന്നാണ് അകിയോ ടൊയോഡയുടെ നിലപാട്. ഇലക്ട്രിക് വാഹനത്തിലേക്ക് കൂടുമാറുന്ന സമീപനം കാർബൺ ഉദ്‌വമനം കുറയ്ക്കുകയല്ല മറിച്ച്, അത് കൂടുതൽ വർദ്ധിപ്പിക്കുകയാണ് ചെയ്യുക എന്നാണ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ ഓട്ടോമോട്ടീവ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചത്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV-കൾ) ടെയിൽപൈപ്പ് വഴി മലിനീകരണം ഉണ്ടാക്കില്ല എന്നത് നിസ്തർക്കമാണ്. പക്ഷേ വൈദ്യുതി പ്രധാനമായും താപവൈദ്യുത നിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത് എന്നത് നമ്മൾ മറക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഹൈബ്രിഡുകളെ തള്ളിക്കളയാറായിട്ടില്ലെന്ന് ടൊയോട്ട
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള അടുത്ത ഘട്ടം ഹൈബ്രിഡ് ആണെന്നാണ് ടൊയോട്ടയുടെ പക്ഷം. എല്ലാവരും ഇവികളുടെ ഒരു വശത്ത് മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ. അത് ടെയിൽപൈപ്പ് ഉദ്‌വമനമില്ല എന്ന കാര്യമാണ്. പക്ഷേ വൈദ്യുതി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന വശം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു താപവൈദ്യുത നിലയത്തിൽ നിന്നുള്ള കാർബൺ ഉദ്‌വമനത്തിന്റെ അളവ് പരിസ്ഥിതിയെ സാരമായി ബാധിക്കുന്നതാണ്. ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് മറ്റൊരു കാര്യം എന്നും അകിയോ ടൊയോഡ പറഞ്ഞു.
'ഞങ്ങൾ ഏകദേശം 27 ദശലക്ഷം ഹൈബ്രിഡുകൾ വിറ്റഴിച്ചിട്ടുണ്ട്. 9 ദശലക്ഷം BEV-കളുടെ അതേ സ്വാധീനമാണ് ഈ ഹൈബ്രിഡുകൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ജപ്പാനിൽ ഞങ്ങൾ 9 ദശലക്ഷം BEV-കൾ നിർമിച്ചിരുന്നെങ്കിൽ, അത് യഥാർത്ഥത്തിൽ കാർബൺ ഉദ്‌വമനം കുറയ്ക്കുകയല്ല, മറിച്ച് വർധിപ്പിക്കുമായിരുന്നു. കാരണം, ജപ്പാൻ വൈദ്യുതിക്കായി താപവൈദ്യുത നിലയങ്ങളെയാണ് ആശ്രയിക്കുന്നത്.'– ടൊയോഡ വിശദീകരിച്ചു.
ശത്രു കാർബൺ ഉദ്‌വമനമാണെന്ന് വ്യക്തമാക്കിയ ടൊയോഡ, അത് നേരിടാൻ ഒന്നിലധികം സമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗമാണ് അതിലൊന്ന്. ഹൈബ്രിഡുകൾ ടൊയോട്ടയുടെ ആഗോള വിൽപനയുടെ ഒരു പ്രധാന ഭാഗമാണ്. ഇന്ന്, മിക്കവാറും എല്ലാ ടൊയോട്ട മോഡൽ ലൈനിലും ഹൈബ്രിഡ് മോഡലുകളുണ്ട്. യൂറോപ്പ്, വടക്കേ അമേരിക്ക പോലുള്ള വിപണികളിൽ ഇതിന് വലിയ ഡിമാൻഡുമുണ്ട്.
നമ്മൾ എല്ലാ ഓപ്ഷനുകളും നോക്കുകയും എല്ലാ ദിശകളിലും പ്രവർത്തിക്കുകയും വേണമെന്ന് ടൊയോഡ പറയുന്നു. ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ പോരാടുന്നത് കാർബൺ ഡൈ ഓക്സൈഡിന് എതിരായാണ്. ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള ഒരു ഭാവിയിലേക്കുള്ള മാറ്റം 5.5 ദശലക്ഷം ജാപ്പനീസ് തൊഴിലുകളെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇവി യുഗത്തിൽ നിന്ന് മാറിനിൽക്കാൻ ടൊയോട്ടയും തയാറായിട്ടില്ല. ഹൈബ്രിഡുകൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ഇവികൾ എന്നിങ്ങനെ വിവിധ ഓപ്ഷനുകഴുമായി ടൊയോട്ടയും മത്സരത്തിന്റെ ഭാഗമാണ്. ഇന്റേണൽ കംബസ്റ്റൻ എൻജിനിൽ (ICE) നിന്ന് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹൈബ്രിഡുകൾ നല്ലൊരു ഓപ്ഷനാണ്. ഇവ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വിലകുറഞ്ഞതും റേഞ്ച് ഉത്കണ്ഠ ഇല്ലാത്തതുമാണ്.