ADVERTISEMENT

സുരക്ഷയില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ കഴിഞ്ഞ കുറച്ചു കാലമായി മാരുതി സുസുക്കി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ നീക്കമാണ് മാരുതി അരീന കാര്‍ മോഡലുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കുമെന്ന പ്രഖ്യാപനം. ഓള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ആര്‍, ഈകോ എന്നിങ്ങനെയുള്ള ബജറ്റ് ഫ്രണ്ട്‌ലി ജനകീയ കാറുകളിലേക്കു കൂടി 6 എയര്‍ബാഗിന്റെ സുരക്ഷ നീട്ടിയിരിക്കുകയാണ് മാരുതി സുസുക്കി. 

നേരത്തെ സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ എന്നിങ്ങനെയുള്ള മോഡലുകളിലേക്ക് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് മാരുതി സുസുക്കി അറിയിച്ചിരുന്നു. സുരക്ഷയുടെ പ്രധാന്യം ഇന്ത്യന്‍ വിപണിയില്‍ വര്‍ധിക്കുന്നതിനു പിന്നാലെയാണ് ജനപ്രിയ മോഡലുകളായ ഓള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ആര്‍, ഈകോ എന്നിവയിലേക്കു കൂടി ആറ് എയര്‍ബാഗിന്റെ സുരക്ഷ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. 

മറ്റെന്തുണ്ടെങ്കിലെന്താ സുരക്ഷയില്ലല്ലോ എന്ന എതിരാളികളുടെ സ്ഥിരം പഴി പൊടിച്ചു കളയാന്‍ മാരുതി സുസുക്കിക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം പുതുതലമുറ സ്വിഫ്റ്റ് ഡിസയര്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിക്കൊണ്ട് ഒന്നു ശ്രമിച്ചാല്‍ ബജറ്റ് കാറുകളിലും വിജയകരമായി സുരക്ഷയൊരുക്കാനാവുമെന്ന് മാരുതി സുസുക്കി തെളിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെറുകാറുകളിലേക്കു കൂടി 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡാക്കിയുള്ള മാരുതി സുസുക്കിയുടെ പ്രഖ്യാപനം. എയര്‍ബാഗുകള്‍ക്കു പുറമേ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം(ഇഎസ്പി), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, എല്ലാ സീറ്റുകളിലും 3 പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ്‌ബെല്‍റ്റ് മുന്നറിയിപ്പുകളും എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകള്‍ മാരുതി സുസുക്കി അരീന കാറുകള്‍ക്ക് നല്‍കുന്നുണ്ട്. 

'ആധുനിക റോഡുകളും ഗതാഗത സൗകര്യങ്ങളും എക്‌സ്പ്രസ് വേകളുമെല്ലാം ഇന്ത്യയില്‍ അതിവേഗത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും വാഹനങ്ങളില്‍ പരമാവധി സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യകതയും ഉയരുന്നുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതില്‍ മാരുതി സുസുക്കി പ്രതിജ്ഞാബന്ധമാണ്. എല്ലാവര്‍ക്കും സുരക്ഷ ലഭ്യമാവുമെന്ന് വാഗണ്‍ആറിലും ഓള്‍ട്ടോ കെ10ലും സെലേറിയോയിലും ഈകോയിലും 6 എയര്‍ബാഗുകള്‍ ഒരുക്കുന്നതിലൂടെ ഞങ്ങള്‍ ഉറപ്പുവരുത്തുകയാണ്. ഈ ജനകീയ മോഡലുകളിലെ സുരക്ഷ വര്‍ധിക്കുന്നതോടെ രാജ്യത്താകെയുള്ള വാഹനസുരക്ഷയില്‍ മാറ്റം കൊണ്ടുവരാനാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' എന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ബാനര്‍ജി പ്രതികരിച്ചത്. 

മുന്നില്‍ ഇരട്ട എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളും കര്‍ട്ടന്‍ എയര്‍ബാഗുകളും ചേര്‍ന്നതാണ് മാരുതി സുസുക്കിയുടെ 6 എയര്‍ബാഗ് സുരക്ഷ. കൂട്ടിയിടിയുടെ സമയത്ത് യാത്രികരുടെ ജീവന്‍ രക്ഷിക്കാന്‍ വലിയ പങ്കുവഹിക്കാന്‍ ഈ എയര്‍ബാഗുകള്‍ക്ക് സാധിക്കും. ഇന്ത്യയിലെ മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലെ പുതിയ വാഹനങ്ങളില്‍ ഇനി മുതല്‍ 6 എയര്‍ബാഗ് ഉണ്ടാവും.

English Summary:

Maruti Suzuki Makes 6 Airbags Standard in Popular Car Models

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com