പുത്തൻ രൂപത്തിൽ ടാറ്റാ ആൾട്രോസ്;കൂടുതൽ ഫീച്ചറുകളുമായി ഉടൻ വിപണിയിൽ

Mail This Article
മുഖം മിനുക്കിയെത്തിയ ടാറ്റാ ആൾട്രോസിനെ പ്രദർശിപ്പിച്ച് ടാറ്റാ മോട്ടോർസ്. മെയ് 22 ന് പുതിയ ആൾട്രോസ് വിപണിയിൽ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. 2020 ൽ പുറത്തിറക്കിയതിന് ശേഷം ആദ്യമായാണ് പ്രീമിയം ഹാച്ച്ബാക്കിനെ പരിഷ്ക്കരിക്കുന്നത്. ഇതു പോലെ ആൾട്രോസിന്റെ തന്നെ ആൾട്രോസ് ICNG, ആൾട്രോസ് i ടർബോ, ആൾട്രോസ് റേസർ എന്നിവ ടാറ്റ ഇതിനു മുമ്പ് പുറത്തിറക്കിയിട്ടുണ്ട്.
കാറിന്റെ പുതിയ മാറ്റങ്ങൾ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. പുതിയ രൂപത്തിലെത്തിയ ആൾട്രോസ്, സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് എസ് എന്ന് തുടങ്ങിയ അഞ്ച് മോഡലിലാണ് ലഭ്യമാകുക. ഡിസൈനിലെ മാറ്റം കൂടാതെ പുതിയ ഫീച്ചേർസുമായാണ് ആൾട്രോസ് വിപണിയിലെത്തുക.
പുതിയ ഡിസൈനിൽ എത്തിയ ടാറ്റാ ആൾട്രോസിന്റെ മുൻ ഭാഗത്ത് കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഗ്രില്ലും എൽഇഡി ഹെഡ് ലാംപുകളുമുണ്ട്. നെക്സോൺ, കർവ്, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്കെല്ലാം നൽകിയ രീതിയിലുള്ള ഡിസൈൻ തന്നെയാണ് പുതിയ ആൾട്രോസിനും ഉള്ളത്. കുറച്ചു കൂടി മോഡേൺ ആയി ഹെഡ് ലാംപ് യൂണിറ്റ്സിൽ സ്ലീക്കർ എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ്സും പുതിയ ഫീച്ചറായി വന്നിട്ടുണ്ട്. വാഹത്തിന്റെ ഏറോ ഡൈനാമിക്സിലും കാര്യമായ മാറ്റം ഉണ്ട്. കാര്യക്ഷമത കൂട്ടാനായി ഫ്രണ്ട്, റിയർ ബമ്പറുകളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
മുൻ ഭാഗത്തിന് കുറച്ച് കൂടി ഭംഗി കൂട്ടാനായി ഫോഗ് ലാംപുകൾ ബമ്പറിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്. ഇതു കൂടാതെ ഫ്ലഷ് ഫിറ്റിങ് ഡോർ ഹാൻഡിൽഡിലുമുണ്ട്. പിൻ ഭാഗത്തായി ഇപ്പോഴുള്ള റാപ്റൗണ്ട് ടെയിൽ ലാംപ്സ് കണക്റ്റഡ് എൽഇഡി ലൈറ്റ്സിലേക്ക് വഴി മാറുകയാണ്. ഡ്യൂൺ ഗ്ലോ, എംബർ ഗ്ലോ, പ്യുവർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളുമായാണ് പുതിയ ആൾട്രോസ് വിപണിയിലെത്തുന്നത്.
പുത്തൻ ആൾട്രോസിന് നെക്സോൺ, കർവ് എന്നീ കാറുകളുടേത് പോലുള്ള ഡാഷ്ബോർഡ് ലേഔട്ട് ആണ് നൽകിയിട്ടുള്ളത്. മുൻപ് റേസ് മോഡലിൽ മാത്രമുണ്ടായിരുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ മോഡലിലുമുണ്ട്. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ , വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആർവിഎം, അപ്ഗ്രേഡ് ചെയ്ത ടെലിമേറ്റിക് സ്യൂട്ട്, ആംപിയന്റ് ലൈറ്റിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ആൾട്രോസിന് നൽകിയിട്ടുള്ളത്.
84 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 89 ബിഎച്ച്പി 1.5 ലീറ്റർ ഡീസൽ എൻജിനും ആണ്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകൾ. കൂടാതെ, സ്‌പോർട്ടിയർ ആൾട്രോസ് റേസർ വേരിയന്റിൽ 118 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനുമുണ്ട്.