റെക്കോർഡ് തീർത്ത് ഹീറോ മോട്ടോകോർപ്;വരുമാനത്തിൽ മുന്നിൽ

Mail This Article
വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം(പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്സ്) 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച് 2025) കണക്കുകള്‍ക്കൊപ്പമാണ് ഈ വിവരങ്ങള്‍ ഹീറോ മോട്ടോ കോര്‍പ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പാദത്തില്‍ 9,939 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ(9,519 കോടി രൂപ) അപേക്ഷിച്ച് ഇത് നാലു ശതമാനം കൂടുതലാണ്. അവസാന പാദത്തിലെ ലാഭം 1,081 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 1,016 കോടി രൂപയെന്ന ലാഭത്തെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ വര്‍ധന.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം(40,923 കോടി രൂപ) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതലാണ്. നികുതി നല്കിയ ശേഷമുള്ള വരുമാനമായ 4,376 കോടി രൂപ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലുമാണ്. ഓഹരികള്‍ക്ക് ലാഭ വിഹിതമായി 65 രൂപ വീതം നല്‍കാനും ഹീറോ മോട്ടോകോര്‍പ് തീരുമാനിച്ചിട്ടുണ്ട്. ഇടക്കാല ലാഭവിഹിതമായി നല്കുന്ന ഒരു ഓഹരിക്ക് 100 രൂപക്ക് പുറമേയാണിത്. ഇതോടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് നല്കുന്ന ആകെ ലാഭവിഹിതം ഓഹരിക്ക് 165 രൂപയായി മാറി.
'ഒരു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഞങ്ങള്‍ നേടിയിരിക്കുന്നത്. തുടര്‍ച്ചയായി 24ാം വര്‍ഷവും വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. 2024 കലണ്ടര്‍ വര്‍ഷവും 2024-25 സാമ്പത്തികവര്‍ഷവും ഒന്നാം സ്ഥാനത്തു തന്നെ അവസാനിപ്പിച്ചു. പ്രീമിയം, സ്കൂട്ടര്‍, വൈദ്യുത സ്കൂട്ടര്‍ വിഭാഗങ്ങളില്‍ മികച്ച പ്രകടനം നടത്താനും പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനുമായി. കയറ്റുമതിയുടെ കാര്യത്തിലും നേട്ടമുണ്ടാക്കാനായി. പുതിയ പ്രീമിയം വിഭാഗത്തിലും 125 സിസി വിഭാഗത്തിലുമുള്ള മുന്നേറ്റം തുടരാനാവുമെന്നാണ് പ്രതീക്ഷ' എന്നാണ് പുതിയ നേട്ടം വിശദീകരിച്ചുകൊണ്ട് ഹീറോ മോട്ടോകോര്‍പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ വിക്രം എസ് കസ്ബേക്കര്‍ പറഞ്ഞു.
കൂടുതല്‍ പ്രീമിയം മോഡലുകളെ വിപണിയിലെത്തിക്കുകയെന്ന തന്ത്രം ഹീറോ മോട്ടോകോര്‍പ് തുടരുകയാണ്. 2025 സാമ്പത്തികവര്‍ഷം അവസാനത്തിലും എക്സ്ട്രീം250ആര്, എക്സ്പള്‍സ് 210, എക്സ്ട്രീം 160ആര് 2വി 2024 എഡിഷന് എന്നിങ്ങനെയുള്ള പ്രീമിയം മോഡലുകളെ ഹീറോ അവതരിപ്പിച്ചിരുന്നു. സ്കൂട്ടര്‍ വിഭാഗത്തില്‍ പുതിയ ഡെസ്റ്റിനി 125, സൂം 125, സൂം 160 എന്നിവ കൂടി വന്നതോടെ ഹീറോ ഉത്പന്നങ്ങളുടെ വൈവിധ്യം വര്‍ധിക്കുകയും ചെയ്തു. വൈദ്യുതി സ്കൂട്ടര്‍ വിഭാഗമാണ് ഹീറോ മോട്ടോകോര്‍പ് ശ്രദ്ധിക്കുന്ന മറ്റൊരു മേഖല. 2024 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇവി സ്കൂട്ടര്‍ വില്പനയില് 200 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ ഹീറോ മോട്ടോകോര്പിനായി.