ഇനി ലക്ഷ്യം ഇന്ത്യ;ചുവടുറപ്പിക്കാൻ വിൻഫാസ്റ്റ്

Mail This Article
അതിവേഗം ഇന്ത്യക്കാരുടെ മനസു കീഴടക്കാനൊരുങ്ങുകയാണ് വിയറ്റ്നാമില്‍ നിന്നുള്ള വൈദ്യുത വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. 2017ല്‍ വിയറ്റ്നാമിലെ ഹൈഫോങ്ങില് സ്ഥാപിതമായ കമ്പനി അതിവേഗത്തിലാണ് ലോകവിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലൂടെയാണ് വിന്‍ഫാസ്റ്റിന്റെ ഇവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ടു ബില്യണ്‍ ഡോളറിന്റെ(ഏകദേശം 17,000 കോടി രൂപ) നിക്ഷേപത്തിലാണ് ഇപ്പോള്‍ അതിവേഗത്തില്‍ തമിഴ്നാട്ടില്‍ വിന്‍ഫാസ്റ്റ് കാര്‍ നിര്‍മാണ ഫാക്ടറി ഉയരുന്നത്.
ഇന്ത്യയിലെ അതിവേഗം വളരുന്ന വൈദ്യുത കാര്‍ വിപണിയില്‍ വലിയ തോതില്‍ ഇടപെടാന്‍ തന്നെയാണ് തീരുമാനമെന്ന് വിന്‍ഫാസ്റ്റിന്റെ മുന്നൊരുക്കങ്ങള്‍ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 400 ഏക്കര്‍ സ്ഥലത്താണ് വിന്‍ഫാസ്റ്റിന്റെ വൈദ്യുത കാര്‍ നിര്‍മാണ ഫാക്ടറി ഒരുങ്ങുന്നത്. മുന്‍നിശ്ചയിച്ചതിലും ആറ് മാസം നേരത്തെയാണ് ഈ ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഇതേ വേഗത്തിൽ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ഈ വര്‍ഷം പകുതിയോടെ ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വിന്‍ഫാസ്റ്റിന് സാധിക്കും.

തുറമുഖ സൗകര്യവും നിരവധി വിജയിച്ച വാഹന വ്യവസായങ്ങളുടെ സാന്നിധ്യവും വൈദ്യുത വാഹന നിര്‍മാണത്തിന് അനുകൂലമായ സര്‍ക്കാര്‍ നയങ്ങളുമെല്ലാമാണ് തമിഴ്നാട്ടിലേക്ക് വിന്‍ഫാസ്റ്റിനെ ആകര്‍ഷിച്ചത്. ഈ ഫാക്ടറിയിലെ കാര്‍ നിര്‍മാണം ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായി ഒതുങ്ങില്ലെന്ന സൂചനകളും ലഭിക്കുന്നുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമെല്ലാം വിന്‍ഫാസ്റ്റിന്റെ വൈദ്യുത കാറുകള്‍ തൂത്തുക്കുടിയിലെ ഫാക്ടറിയിലാവും ഇനി ഒരുങ്ങുക.

ആദ്യഘട്ടത്തില്‍ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുകയെന്ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വെച്ചു തന്നെ വിന്‍ഫാസ്റ്റ് അറിയിച്ചിരുന്നു. മിഡ് സൈസ് ഇലക്ട്രിക് എസ് യുവി മോഡലുകളായിരിക്കും ഇവ. പ്രീമിയം സൗകര്യങ്ങളുള്ള 20-30 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകളാവും ഇവ. ഈ രണ്ടു മോഡലുകളും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അടുത്തഘട്ടത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിഎഫ്3 ആയിരിക്കും വിന്‍ഫാസ്റ്റിന്റെ ഇന്ത്യന്‍ വിപണിയിലെ തുറുപ്പു ചീട്ട്. കൂടുതല്‍ ജനകീയമായ പത്തു ലക്ഷം രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തിലേക്കുള്ള മോഡലായിരിക്കും വിഎഫ്3. എംജി കോമറ്റുമായും ടാറ്റ ടിയാഗോയുമായുമാവും വിഎഫ്3യുടെ മത്സരം. ഇത് ഇന്ത്യന്‍ വിപണിയില്‍ വിന്‍ഫാസ്റ്റിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായക മോഡലാവാനും സാധ്യത ഏറെയാണ്. തദ്ദേശീയമായി എത്രത്തോളം ഉത്പാദനം നടത്താനാവും? വിലയില്‍ എത്ര കുറവു വരുത്താനാവും? ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും? ഷോറൂം, സര്‍വീസ് വിശ്വാസ്യത എത്രത്തോളം ലഭിക്കും? എന്നിങ്ങനെയുള്ള നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് വിഎഫ്3യുടെ വരവ് മറുപടി നല്‍കും.
2024 മികച്ച രീതിയില്‍ അവസാനിപ്പിച്ച വാഹന നിര്‍മാതാക്കളാണ് വിന്‍ഫാസ്റ്റ്. രാജ്യാന്തരവിപണിയില്‍ പോയവര്‍ഷം 97,399 വാഹനങ്ങളാണ് വിന്‍ഫാസ്റ്റ് വിറ്റഴിച്ചത്. 80,000 വാഹനങ്ങള്‍ ലക്ഷ്യമിട്ടിടത്തായിരുന്നു വിന്‍ഫാസ്റ്റിന്റെ ഈ നേട്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പന വളര്‍ച്ച 192 ശതമാനം. നാലാം പാദത്തില്‍ മാത്രം 53,139 വാഹനങ്ങള്‍ വില്ക്കാന് വിന്ഫാസ്റ്റിനായി. മൂന്നാം പാദത്തെ അപേക്ഷിച്ച് 143 ശതമാനത്തിന്റെ വര്‍ധനവ്. വില്പനയില് ഭൂരിഭാഗവും വിയറ്റ്നാമില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമായിരുന്നു.
വിന്‍ഫാസ്റ്റിന്റെ എല്ലാ വിപണികളിലും കാര്യങ്ങള്‍ ഇതുപോലെ സുഖകരമായിരുന്നില്ല. പ്രത്യേകിച്ച് അമേരിക്കന്‍ വിപണിയില്‍ നിന്നും ഗുണനിലവാരത്തിലെ വിമര്‍ശനങ്ങളും വിതരണത്തിലെ കാലതാമസവും കസ്റ്റമര്സര്വീസിലെ പരാതികളും വിന്‍ഫാസ്റ്റിന് അഭിമുഖീകരിക്കേണ്ടി വന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നും സമാനമായ വെല്ലുവിളികള്‍ വിന്‍ഫാസ്റ്റ് നേരിടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഷോറൂമുകളുടെ എണ്ണവും വില്പനാന്തര സേവനവും വാഹന ഭാഗങ്ങളുടെ ലഭ്യതയുമെല്ലാം വാഹനങ്ങള്‍ വിപണിയിലിറക്കും മുമ്പേ വിന്‍ഫാസ്റ്റ് ഉറപ്പിക്കേണ്ടതുണ്ട്. മറ്റു പല വാഹന നിര്‍മാതാക്കളും ഘട്ടം ഘട്ടമായാണ് ഇന്ത്യന്‍ വിപണിയിലേക്കെത്തിയതെങ്കില് രണ്ടു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിലൂടെ വലിയൊരു ചുവടുമായാണ് വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള വരവ്. ലോകത്തിലെ തന്നെ ഏറ്റവും മത്സരവും വില്പനയുമുള്ള ഇവി വിപണികളിലൊന്നായ ഇന്ത്യയിലേക്ക് ഈ വര്‍ഷം തന്നെ വിന്‍ഫാസ്റ്റ് മോഡലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.