മൈലേജ് 28 കി.മീ വരെ; വിപണി കീഴടക്കാൻ സിഎൻജി എസ്യുവികൾ

Mail This Article
ഇന്ധനവില വര്‍ധനവിനൊപ്പം പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനമെന്നതും സിഎന്‍ജിയിലേക്ക് ആകര്‍ഷിക്കാറുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സിഎന്‍ജി കാര്‍ മോഡലുകളുടെ ആവശ്യക്കാര്‍ക്ക് ഒട്ടും കുറവില്ല. മാരുതിയും ടാറ്റയും ഹ്യുണ്ടേയും ടൊയോട്ടയും അടക്കമുള്ള മുന്‍നിര കാര്‍ കമ്പനികള്‍ വിപണിയുടെ ഈ ആവശ്യം അറിഞ്ഞുകൊണ്ട് സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ബജറ്റ് ഫ്രണ്ട്ലി സിഎന്‍ജി എസ്യുവികളെ പരിചയപ്പെടാം.

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍
മാരുതിക്ക് ഗ്രാന്‍ഡ് വിറ്റാരയെങ്കില് ടൊയോട്ടക്ക് അത് അര്‍ബന്‍ ക്രൂസറാണ്. മിഡ് സ്പെക്കുകളായ ഇ, ജി എന്നിവയിലാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറില്‍ സിഎന്ജിയുള്ളത്. 88എച്ച്പി, 1.5 ലീറ്റര്‍ എന്ജിന്. ഇന്ധനക്ഷമത കിലോഗ്രാമിന് 26.6 കിലോമീറ്റര്‍. മിഡ് സൈസ് എസ്യുവികളില് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയും മാത്രമാണ് ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായെത്തുന്നത്. വില 13.81 ലക്ഷം-15.84 ലക്ഷം രൂപ(എക്സ് ഷോറൂം).
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
ഗ്രാന്‍ഡ് വിറ്റാരയുടെ മിഡ് സ്പെക് മോഡലുകളായ ഡെല്‍റ്റയും സെല്റ്റയുമാണ് സിഎന്‍ജി ഓപ്ഷനോടെ പുറത്തിറങ്ങാനിരിക്കുന്നത്. 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ എന്ജിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 88എച്ച്പി കരുത്തും പരമാവധി 121.5എന്‍എം ടോര്‍ക്കും പുറത്തെടുക്കും. കിലോഗ്രാമിന് 26.6 കിലോമീറ്ററാണ് ഇന്ധനക്ഷമത. 55 ലീറ്ററിന്റെയാണ് സിഎന്‍ജി ടാങ്ക്. ഇതുവരെ മാരുതി ഈ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നതു കൂടി ശ്രദ്ധിക്കണം. ജൂണ്‍ അവസാനത്തോടെ ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി എത്തുമെന്ന് പ്രതീക്ഷിക്കാം.

മാരുതി സുസുക്കി ബ്രെസ
ഏറ്റവും ഉയര്‍ന്ന ZXI+ മോഡൽ ഒഴികെയുള്ള എല്‍എക്സ്ഐ, വിഎക്സ്ഐ, ZXI എന്നിവയില്‍ സിഎന്‍ജി ലഭ്യമാണ്. 88എച്ച്പി, 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്ജിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 55 ലീറ്ററിന്റെയാണ് ടാങ്ക്. ഇന്ധനക്ഷമത കിലോഗ്രാമിന് 25.51 കിലോമീറ്റര്‍. വില 9.64 ലക്ഷം-12.21 ലക്ഷം രൂപ(എക്സ് ഷോറൂം).

ടാറ്റ നെക്സോണ്‍
പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി ഓപ്ഷനുകളിലെത്തുന്ന ഈ പട്ടികയിലെ ഏക മോഡലാണ് ടാറ്റ നെക്സോണ്‍. ഇന്ത്യന്‍ വിപണിയിലെ ആദ്യ ടര്‍ബോ ചാര്‍ജ്ഡ് സിഎന്‍ജി കോംപാക്ട് എസ്യുവിയും നെക്സോണ്‍ തന്നെ. 60 ലീറ്ററാണ് കപ്പാസിറ്റി. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, സ്മാര്‍ട്ട്+എസ്, പ്യുവര്‍+, പ്യുവര്‍+ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് +എസ് വകഭേദങ്ങളില്‍ സിഎന്‍ജി എത്തുന്നു. ഡാര്‍ക്ക്നൈറ്റ് എഡിഷനിലും നെക്സോണില്‍ സിഎന്‍ജി എത്തുന്നു. പനോരമിക് സണ്‍ റൂഫ് എന്ന മറ്റു മോഡലുകള്ക്കില്ലാത്ത ഫീച്ചറും നെക്സോണിനുണ്ട്. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ എന്ജിന്. 100 എച്ച്പി കരുത്തും പരമാവധി 170എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്ധനക്ഷമത കിലോഗ്രാമിന് 24 കിലോമീറ്റര്‍. വില 9 ലക്ഷം-13.70 ലക്ഷം രൂപ(എക്സ് ഷോറൂം).

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍
മാരുതി ഫ്രോങ്ക്സിന്റെ ടൊയോട്ട മോഡല്‍. 77.5എച്ച്പി കരുത്തും 98.5എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്ജിന് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചരിക്കുന്നു. ഇന്ധനക്ഷമത കിലോഗ്രാമിന് 28.51 കിലോമീറ്റര്‍. സിഎന്‍ജി ടാങ്ക് കപ്പാസിറ്റി 55 ലീറ്റര്‍. വില 8.72 ലക്ഷം രൂപ(എക്സ് ഷോറൂം).

മാരുതി സുസുക്കി ഫ്രോങ്സ്
അടിസ്ഥാന വകഭേദമായ സിഗ്മയിലും കൂടുതല്‍ ഉയര്‍ന്ന വകഭേദമായ ഡെല്‍റ്റയിലും ഫ്രോങ്സില്‍ സിഎന്‍ജി ലഭ്യമാണ്. 1.2 ലീറ്റര്‍ എന്ജിന്. ഇന്ധനക്ഷമത കിലോഗ്രാമിന് 28.51 കിലോമീറ്റര്‍. വില 8.49 ലക്ഷം-9.35 ലക്ഷം രൂപ(എക്സ് ഷോറൂം).

ഹ്യുണ്ടേയ് എക്സ്റ്റര്‍
എക്സ്റ്റര്‍ ഇഎക്സ്(ബേസ്), എസ് സ്മാര്‍ട്ട്, എസ്+എക്സിക്യൂട്ടീവ്, എസ്എക്സ് സ്മാര്‍ട്ട്, എസ്എക്സ് ടെക്, എസ്എക്സ് നൈറ്റ് എഡിഷന് എന്നിവയില്‍ സിഎന്‍ജി ലഭ്യമാണ്. എസ് എക്സിക്യൂട്ടീവ്, എസ്എക്സ് വകഭേദങ്ങളില്‍ സിംഗിള്‍, ഡ്യുവല്‍ സിലിണ്ടര്‍ ഓപ്ഷനുണ്ട്. രണ്ടായാലും കപ്പാസിറ്റി 60 ലീറ്റര്‍ തന്നെ. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്ജിന് 69എച്ച്പി കരുത്തും പരമാവധി 95.2എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്ധനക്ഷമത കിലോഗ്രാമിന് 27.1 കിലോമീറ്റര്‍. വില 7.51 ലക്ഷം-9.53 ലക്ഷം രൂപ(എക്സ് ഷോറൂം).

ടാറ്റ പഞ്ച്
സിഎന്‍ജി എസ് യുവികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ മോഡല്‍. ഹ്യുണ്ടേയ് എക്സ്റ്ററിന്റെ എതിരാളി ട്വിന്‍ സിലിണ്ടര്‍ സൗകര്യവുമായെത്തുന്നു. 60 ലീറ്ററിന്റെ സിഎന്‍ജി ടാങ്ക്. പ്യുവര്‍(ബേസ്), അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്+ എന്നീ വകഭേദങ്ങളില്‍ സിഎന്ജിയുണ്ട്. ഉയര്‍ന്ന മോഡലുകളിൽ സണ്‍റൂഫ് സൗകര്യവുമുണ്ട്. 74എച്ച്പി കരുത്തും 103എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്ജിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ധനക്ഷമത കിലോഗ്രാമിന് 26.99 കിലോമീറ്റര്‍. നെക്സോണ്‍ പോലെ നേരിട്ട് സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ടു ചെയ്യാനാവും. വില 7.3 ലക്ഷം-10.17 ലക്ഷം രൂപ(എക്സ് ഷോറൂം).