സ്റ്റൈൽ മാത്രമല്ല ഫ്രോങ്സിന് സുരക്ഷയുമുണ്ട്; ഇടിപരീക്ഷയിൽ 4 മാർക്ക്
![fronx Image Source: Official Automobile Assessment Channel [NASVA] | Youtube](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2025/5/15/fronx.jpg?w=1120&h=583)
Mail This Article
ഇന്ത്യക്കാരുടെ ഇഷ്ടവാഹനങ്ങളേതെന്ന് ചോദിച്ചാൽ വിരലുകളിൽ എണ്ണിപ്പറയാനുള്ളത്രയും കാറുകളാണ് മാരുതി സമ്മാനിച്ചിരിക്കുന്നത്. മൈലേജ് നോക്കി വാഹനങ്ങൾ വാങ്ങിയിരുന്നവർ സുരക്ഷയ്ക്ക് കൂടി പ്രാമുഖ്യം നൽകി തുടങ്ങിയപ്പോൾ ഇടിപരീക്ഷയിലും തിളങ്ങി നിൽക്കുകയാണ് മാരുതിയുടെ സ്വന്തം വാഹനങ്ങൾ. മുഴുവൻ മാർക്കും വാങ്ങി ഫുൾ എ പ്ലസ് നേടാനായില്ലെങ്കിലും നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ ഒട്ടും പുറകിലല്ലെന്നു തെളിയിച്ചിരിക്കുകയാണ് മാരുതിയുടെ ഹോട്ട് സെല്ലിങ് ക്രോസ്ഓവറായ ഫ്രോങ്സ്. ഭാരത് എൻ സി എ പി ടെസ്റ്റിലല്ല, ജപ്പാൻ എൻസിഎപി ഇടിപരീക്ഷയിലാണ് ഫ്രോങ്സിന്റെ നേട്ടം. ഇന്ത്യയിൽ നിർമിച്ച് ജപ്പാനിൽ വിതരണത്തിനെത്തിക്കുന്ന വാഹനമാണ് പരീക്ഷയിൽ മാറ്റുരച്ചത്.

വാഹനത്തിന്റെ ആകെ സുരക്ഷയിൽ 193.8 ൽ 163.75 പോയിന്റാണ് ഫ്രോങ്സ് കരസ്ഥമാക്കിയത്. 100 ൽ 84 ശതമാനം മാർക്ക് നേടിയപ്പോൾ വാഹനത്തിന്റെ പ്രതിരോധ സുരക്ഷ, സേഫ്റ്റി പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ യഥാക്രമം 85 ൽ 79.42 പോയിന്റ്, 100 ൽ 76.33 പോയിന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ഫ്രോങ്സ്. ഓട്ടോ എമർജൻസി കാൾ സിസ്റ്റത്തിൽ എട്ടിൽ എട്ടും പോയിന്റും നേടി വിജയമുറപ്പിക്കാനും വാഹനത്തിനു കഴിഞ്ഞു.

ഇന്ത്യയിലെ ഫ്രോങ്സിനെ അപേക്ഷിച്ച് സുരക്ഷയിലും ഫീച്ചറുകളും മുന്നിലാണ് ജപ്പാനിൽ വിതരണത്തിനെത്തുന്ന ഈ ക്രോസ്ഓവർ. അഡാസ് ലെവൽ 2 സംവിധാനം, ഓൾ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ നൽകിയിരിക്കുന്നു. കൂടാതെ യാത്രികർക്ക് വശങ്ങളിൽ നിന്നും മുന്നിൽ നിന്നുമുള്ള സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. വശങ്ങളിൽ നിന്നുമുള്ള ആഘാതത്തിൽ അഞ്ച് സ്റ്റാറിന്റെ സുരക്ഷ ഉറപ്പുണ്ട് ഫ്രോങ്സിന്. എന്നാൽ കാൽനട യാത്രികരുടെ സംരക്ഷണത്തിൽ ഏറെ പിന്നിലാണെന്നതാണ് പ്രധാന ന്യൂനത.
1.5 ലീറ്റർ എൻജിനാണ് ജപ്പാനിലെ ഫ്രോങ്സിന് കരുത്തേകുന്നത്. കൂടാതെ, മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും മറ്റു രാജ്യങ്ങളിൽ വിൽപനയ്ക്കെത്തിക്കുന്ന ഈ വാഹനത്തിനു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഫ്രോങ്സിൽ ഉപയോഗിക്കുന്നത് 1.2 ലീറ്റർ. 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ്. മാത്രമല്ല, ഫ്രന്റ് വീൽ ഡ്രൈവ് മോഡലുമാണ്. ഗുജറാത്തിലെ സുസുക്കി മോട്ടോർ ഗ്രൂപ്പിന്റെ പ്ലാന്റിലാണ് കയറ്റുമതി ചെയ്യുന്ന ഫ്രോങ്സ് നിർമിക്കുന്നത്. 1.5 ലീറ്റർ എൻജിൻ, അഞ്ച് സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ഈ കാറുകൾ പുറത്തിറക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റിലാകട്ടെ പാഡിൽ ഷിഫ്റ്റ് സംവിധാനവുമുണ്ട്. ലെയ്ല്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഫ്രണ്ട് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ്, ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിങ്ങനെ നീളുന്നു ജാപ്പനീസ് മോഡല്‍ ഫ്രോങ്സില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.