കർവ് ഇവിയും ടിയാഗോ ഇവിയും രാഷ്‌ട്രപതി ഭവനിലേക്ക്; എത്തിയത് പുതിയ 8 ഇലക്ട്രിക് കാറുകൾ

Mail This Article
രാഷ്‌ട്രപതി ഭവനിലെ യാത്രകൾക്ക് ഇനി ഇലക്ട്രിക് കാറുകൾ. പുതിയതായി വാങ്ങിയ 8 കാറുകളും ടാറ്റയിൽ നിന്നുമുള്ള ഇവി കളാണ്. കർവ് ഇ വി, ടിയാഗോ ഇ വി എന്നിവ ഉൾപ്പെടുന്ന എട്ട് വാഹനങ്ങളാണ് രാഷ്‌ട്രപതി ഭവനിലേക്ക് എത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ് ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ജനങ്ങളിലേക്കെത്തിക്കാൻ പല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗവണ്മെന്റ് വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് എത്തുന്നതോടെ മാതൃകാപരമായ മാറ്റമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കൂപ്പെ എസ് യു വി യായ കർവ് ഇ വിയുടെ നാല് യൂണിറ്റുകളും ഹാച്ച് ബാക്ക് മോഡലായ ടിയാഗോ ഇ വിയുടെ നാല് യൂണിറ്റുകളുമാണ് രാഷ്‌ട്രപതി ഭവനിലേക്കെത്തിയിരിക്കുന്നത്. പുതിയ വാഹനങ്ങൾ രാഷ്‌ട്രപതി ഭവനിൽ എത്തിച്ചതിനു ശേഷമുള്ള ചിത്രങ്ങൾ ടാറ്റ മോട്ടോർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയിൽ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 kWh ബാറ്ററിയാണ്. MIDC സര്‍ട്ടിഫൈഡ് റേഞ്ച് 502 കീലോമീറ്റര്‍. 150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55kWh ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +A വകഭേദങ്ങള്‍ക്ക് ലഭിക്കും. MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 585 കീമി. 167 എച്ച്പി കരുത്ത്. 8.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കും.
19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നിങ്ങനെ രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാകുന്ന വാഹനമാണ് ടിയാഗോ ഇ വി. ഇതിൽ 19.2 kWh മോഡലിന് 8.72 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 24 kWh മോഡൽ അഞ്ച് വേരിയന്റുകളിൽ വിപണിയിൽ ലഭ്യമാണ്. 11.16 ലക്ഷം രൂപ മുതൽ 12.26 ലക്ഷം രൂപ വരെയാണ് വില. 5.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. എട്ടു വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാഹനത്തിനു ടാറ്റ നൽകുന്ന വാറണ്ടി.