രണ്ടും കൽപ്പിച്ച് ടെസ്‌ല;ഇന്ത്യയിൽ പ്ലാന്റ് നിർമിക്കാൻ സാധ്യത

Mail This Article
ടെസ്‌ല ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഓഫീസിനായി ഇടം കണ്ടെത്തിയതും ജീവനക്കാരെ നിയമിക്കാനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതുമൊക്കെ രാജ്യത്തെ വാഹനപ്രേമികൾക്കു ഏറെ സന്തോഷം പകർന്ന റിപ്പോർട്ടുകളായിരുന്നു. ഇപ്പോഴിതാ രാജ്യത്ത് വാഹന നിർമാണത്തിനായി പ്ലാന്റ് നിർമിക്കാനും ടെസ്‌ല ഒരുങ്ങുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പ്ലാന്റ് നിർമാണത്തിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ വിദേശത്തു നിന്നും പാർട്സുകൾ എത്തിച്ച്, ഇന്ത്യയിൽ അസംബിൾ ചെയ്യാനായിരുന്നു തീരുമാനമെങ്കിലും പ്ലാന്റ് തുടങ്ങുന്നതോടെ രാജ്യത്ത് തന്നെ പൂർണമായും നിർമാണവും ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
പൂനെ-ബെംഗളൂരു ദേശീയ പാത കടന്നു പോകുന്ന മേഖലയിൽ 100 ഏക്കർ സ്ഥലമാണ് പ്ലാന്റിനായി ടെസ്‌ല പരിഗണിക്കുന്നത്. ഈ മേഖലയിൽ പ്ലാന്റ് നിർമിക്കുന്നതിന് പുറകിലുള്ള കാരണങ്ങൾ മുംബൈ-ഗോവ എന്നിവിടങ്ങളിലെ തുറമുഖത്തേക്ക് എത്താനുള്ള സൗകര്യവും സുഗമമായി എത്തിച്ചേരാൻ സഹായിക്കുന്ന റെയിൽവേ ഗതാഗതവും കൂടാതെ മികച്ച റോഡ് സൗകര്യങ്ങളുമാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടെസ്‌ലയുടെ ആദ്യ വാഹനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്നത് സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള സൂചനകളുമില്ല. ഉചിതമായ സമയത്ത് രാജ്യത്തെത്തുമെന്നാണ് ടെസ്‌ല സിഎഫ്ഒ വൈഭവ് തനേജ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയാണ് ടെസ്‌ലയുടെ രാജ്യത്തെ പ്രവേശനത്തിനു വിലങ്ങു തടിയെന്നും 100 ശതമാനം നികുതിയെന്നത് ഉപഭോക്താക്കൾക്ക് പ്രയാസകരമായിരിക്കുമെന്നും തനേജ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലേക്കുള്ള വരവിനു മുന്നോടിയായി ടെസ്‌ലയുടെ മോഡൽ വൈ എന്ന ഇ വി രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മോഡൽ വൈ, മോഡൽ 3 എന്നീ വാഹനങ്ങളായിരിക്കും ആദ്യം ഇന്ത്യയിലെത്തുക എന്ന് സൂചനകളുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ടെസ്‌ല ഇതുവരെ നടത്തിയിട്ടില്ല.