20 ലക്ഷം രൂപ കുറവിൽ എത്തുമോ ലാൻഡ് റോവർ ഡിഫൻഡർ ?

Mail This Article
അഞ്ചു വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ വിപണിയിലെത്തിയ ലാൻഡ് റോവർ ഡിഫൻഡറിന് ഇക്കാലമത്രയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമാതാരങ്ങളുടെയടക്കം നിരവധി പ്രശസ്തരുടെ ഗാരിജിനു മോടിയേകുന്ന ഈ പ്രീമിയം എസ്‌യുവി ഇന്നും വാഹന വിപണിയിലെ മിന്നും താരം തന്നെയാണ്. ഡിഫൻഡർ 90, 110, 130 എന്നീ വേരിയന്റുകൾക്ക് 1.05 കോടി രൂപ മുതൽ 2.79 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില. എന്നാൽ ഈ വിലയിൽ നിന്നും ഇരുപതു ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കുന്ന ഒരു നീക്കത്തിനൊരുങ്ങുകയാണ് ലാൻഡ് റോവർ എന്നാണ് റിപ്പോർട്ടുകൾ.
പൂർണമായും വിദേശത്തു നിർമിച്ച്, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവയാണ് ഇപ്പോൾ രാജ്യത്ത് ലഭിക്കുന്ന ഡിഫൻഡർ. എന്നാൽ ഇന്ത്യയിൽ അസംബിൾ ചെയ്ത് വിതരണം നടത്താനാണ് ഇപ്പോൾ നിർമാതാക്കൾ ആലോചിക്കുന്നത്. ലാൻഡ് റോവറിന്റെ ഭൂരിപക്ഷം വാഹനങ്ങളും പുണെയിൽ പ്ലാന്റിൽ നിർമിച്ച് ഇവിടെ തന്നെ അസംബിൾ ചെയ്യുന്നവയാണ്. ഇതേ രീതി ഡിഫൻഡറിന്റെ കാര്യത്തിലും പരിഗണിക്കാനാണ് കമ്പനിയുടെ നീക്കം. വിലയിൽ വരുന്ന വലിയ വ്യതിയാനം വാഹനത്തിന്റെ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുമെന്നും ലാൻഡ് റോവർ കരുതുന്നുണ്ട്.
വിദേശത്തു നിന്നും പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ അസ്സെംബ്ൾ ചെയ്യുന്നതോടെ വിലയിൽ ഇരുപതു ലക്ഷത്തോളം കുറവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിലയിൽ ഇത്രയും കുറവ് വരുന്നതോടെ എതിരാളികൾ തമ്മിലുള്ള മത്സരവും കടുക്കും. ഇപ്പോൾ സ്ലോവാക്യ, നൈട്രയിലെ ജഗ്വാർ ലാൻഡ് റോവർ പ്ലാന്റിലാണ് ഡിഫൻഡർ എസ് യു വി കളുടെ നിർമാണം നടക്കുന്നത്.