ഒഡിഷ ഗവർണറും ഇലക്ട്രിക് കാറിലേക്ക്; രാജ്ഭവനിൽ എത്തിയത് മൂന്ന് എസ് യു വി കൾ

Mail This Article
മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യു വി യായ എക്സ് ഇ വി 9 ഇ രാജ്യത്തെ വാഹന വിപണിയിൽ അവതരിപ്പിച്ച കാലം മുതൽ തന്നെ ആവശ്യക്കാരേറെയാണ്. ടാറ്റ അടക്കമുള്ള സ്വദേശ ഇവികളും മറ്റു വിദേശ കമ്പനികളുടെ വാഹനങ്ങളും വിപണിയിലുണ്ടെങ്കിലും മഹീന്ദ്ര അവതരിപ്പിച്ച രണ്ടു ഇവികളും വാഹനവിപണിയെ തീപിടിപ്പിച്ചു എന്നുതന്നെ പറയാം. ഇലക്ട്രിക് വാഹന വിപണി ഇങ്ങനെ ശക്തമായി മുന്നോട്ട് പോകുമ്പോൾ ഇ വികളിലേക്ക് ചുവടുമാറ്റുന്നവർക്കു നികുതിയിളവുകൾ അടക്കമുള്ള പ്രോത്സാഹനവുമായി ഗവണ്മെന്റും ഒപ്പമുണ്ട്. ഭരണാധികാരികൾ വരെ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളായി ഇലക്ട്രിക് കാറുകൾ തിരഞ്ഞെടുക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് ഒഡിഷ ഗവർണർ ഹരി ബാബു കമ്പംപതിയുടെ വാഹന വ്യൂഹത്തിലേക്കെത്തിയ പുതിയ എക്സ് ഇ വി 9ഇ.
മൂന്ന് എക്സ് ഇ വി 9ഇ കൂടാതെ, ഏതാനും ഇലക്ട്രിക് സ്കൂട്ടറുകൾ കൂടി ഒഡിഷ രാജ്ഭവനിലേക്കു എത്തിയിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം രാജ്ഭവന് മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഗവർണർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എസ് യു വി കളെല്ലാം സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലുള്ളതാണ്. മലിനീകരണം കുറയ്ക്കുക എന്നത് മാത്രമല്ല, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുവാനും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാനും ഗവർണർ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇവികളിലേക്കു മാറി എന്നതു പുറമെ രാജ്ഭവൻ നെറ്റ് സീറോ എനർജി ക്യാമ്പസ് ആക്കി മാറ്റുന്നതിന് സോളാർ പാനലുകളും ഗവർണർ സ്ഥാപിച്ചിട്ടുണ്ട്.
ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്സ് ഇ വി 9 ഇ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. 59kWh, 79kWh എല്‍എഫ്പി ബാറ്ററി ഓപ്ഷനുകള്‍. ബാറ്ററി പാക്കിന് ലൈഫ്‌ടൈം വാറണ്ടി. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് 20 മിനിറ്റില്‍ ചാര്‍ജു ചെയ്യാം. 79kWh ബാറ്ററിയുടെ റേഞ്ച് 656 കീലോമീറ്റര്‍. പ്രായോഗിക സാഹചര്യങ്ങളില്‍ 500 കിലോമീറ്ററില്‍ കുറയാത്ത റേഞ്ച് പ്രതീക്ഷിക്കാം.
മഹീന്ദ്രയുടെ ത്രീ ഇന്‍ വണ്‍ പവര്‍ ട്രെയിനാണ് എക്സ് ഇ വി 9 ഇ യിലുള്ളത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗത്തിലേക്കെത്താന്‍ 6.7 സെക്കന്‍ഡ് മതി. 59kWh ബാറ്ററിയില്‍ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയര്‍ സിസ്റ്റവും വാഹനം എളുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ടാംഗോ റെഡ്, നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റീൽത്ത് ബ്ലാക്ക് എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്രയുടെ എക്സ് ഇ വി 9 ഇ യ്ക്ക് എക്സ് ഷോറൂം വില വരുന്നത്.