ADVERTISEMENT

ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി പുതിയ ഐസിഇ എസ്‌യുവി പുറത്തിറക്കാന്‍ മാരുതി സുസുക്കി. നിലവില്‍ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്‌ക്യുഡോ(Escudo) എന്നായിരിക്കും മാരുതി സുസുക്കി പേരു നല്‍കുകയെന്നാണ് സൂചന. ബ്രെസക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരക്ക് താഴെയുമായിട്ടായിരിക്കും പുതിയ എസ്‌യുവിയുടെ സ്ഥാനം. വിറ്റാരയുടെ 7 സീറ്റര്‍ വാഹനമായിരിക്കും പുതുതായി മാരുതി സുസുക്കി പുറത്തിറക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിപണി സാധ്യതകള്‍ കണക്കിലെടുത്ത് 5 സീറ്റര്‍ മോഡലിലേക്ക് മാരുതി സുസുക്കി തീരുമാനം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മിഡ് സൈസ് എസ്‌യുവികളില്‍ കരുത്തുറ്റ മോഡലിനെ അവതരിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ ശ്രമം. ഹ്യുണ്ടേയ് ക്രേറ്റക്കും കിയ സെല്‍റ്റോസിനും പറ്റിയ എതിരാളിയായിരിക്കും മാരുതി സുസുക്കിയുടെ പുറത്തിറങ്ങാനിരിക്കുന്ന മോഡല്‍. ഗ്രാന്‍ഡ് വിറ്റാരയെ അപേക്ഷിച്ച് കുറഞ്ഞ വിലയിലുള്ള എസ്‌ക്യുഡോയെ അരീന ഷോറൂമുകള്‍ വഴിയാവും മാരുതി സുസുക്കി വില്‍ക്കുക.

ഗ്രാന്‍ഡ് വിറ്റാരയുടെ അതേ ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌ക്യുഡോയും പുറത്തിറങ്ങുക. 104എച്ച്പി, 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനും 88എച്ച്പി, സിഎന്‍ജിയും 116 എച്ച്പി, 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും എസ്‌ക്യുഡോയിലുണ്ടാവും.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ എസ്‌ക്യുഡോ എന്ന പേരിന്റെ പകര്‍പ്പവകാശം മാരുതി സുസുക്കി നേടിയിരുന്നു. നമ്മുടെ ഗ്രാന്‍ഡ് വിറ്റാരയുടെ പൂര്‍വികനായി ജപ്പാനില്‍ സുസുക്കി എസ്‌ക്യുഡോ നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. എസ്‌ക്യുഡോയെ സുസുക്കി യൂറോപ് അടക്കം പല രാജ്യാന്തര വിപണികളിലും വിറ്റാര എന്ന പേരിലാണ് വിറ്റിരുന്നത്. വലിപ്പത്തില്‍ അടക്കം ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാവും മാരുതി സുസുക്കി എസ്‌ക്യുഡോയെ അവതരിപ്പിക്കുകയെന്ന് ഉറപ്പിക്കാം.

ഇതുവരെ ഔദ്യോഗികമായി മാരുതി സുസുക്കി അവരുടെ പുതിയ മോഡലിന്റെ പേരോ സവിശേഷതകളോ പുറത്തുവിട്ടിട്ടില്ല. അതേസമയം 2025ല്‍ മാരുതി സുസുക്കി പുറത്തിറക്കുന്ന രണ്ട് എസ്‌യുവികളില്‍ ഒന്ന് എസ്‌ക്യുഡോ ആയിരിക്കുമെന്നാണ് സൂചനകള്‍. ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ നീളം കൂടുതലുള്ള വാഹനമായിരിക്കും വൈ17(എസ്‌ക്യുഡോ). നീളത്തില്‍ ക്രേറ്റക്കും(4,330എംഎം) സെല്‍റ്റോസിനും(4,365എംഎം) ഇടക്കാവും ഗ്രാന്‍ഡ് വിറ്റാരയുടെ സ്ഥാനം.

English Summary:

Maruti Suzuki Escudo: The All-New 5-Seater SUV Launching Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com