ഒറ്റ ദിവസം ഡെലിവറി നടത്തിയത് 150 വിൻഡ്സർ പ്രോ; സൂപ്പർഹിറ്റാണ് ഈ ഇലക്ട്രിക് കാർ

Mail This Article
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എം ജി യുടെ വിൻഡ്സർ പ്രോ യ്ക്ക് വലിയ സ്വീകാര്യതയാണ് വാഹന വിപണിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 18.09 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ പുറത്തിറങ്ങുന്ന വിൻഡ്സർ പ്രോ ഒറ്റദിവസത്തിൽ 150 എണ്ണം ഡെലിവറി നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എംജി. ഈ മെഗാ ഡെലിവറി ഇവന്റ് സംഘടിപ്പിക്കപ്പെട്ടത് ബെംഗളൂരുവിലാണ്. ജൂബിലന്റ് മോട്ടോർ വർക്സ് എന്ന സ്ഥാപനമാണ് ഇവെന്റ് സംഘടിപ്പിച്ചത്.
പുറത്തിറങ്ങിയ ആദ്യ 24 മണിക്കൂറിൽ 8000 ബുക്കിങ് കരസ്ഥമാക്കി വിജയക്കൊടി പാറിക്കുകയാണ് എം ജി. ആദ്യത്തെ 8000 ബുക്കിങ്ങുകൾ 17.50 ലക്ഷം രൂപയ്ക്കാണ് കമ്പനി നൽകുന്നത്. ശേഷം 60000 രൂപ അധികം നൽകിയാൽ മാത്രമേ വിൻഡ്സർ പ്രോ ലഭിക്കുകയുള്ളു. BaaS (Battery as a Service) പദ്ധതിയിലും ചെറിയ മാറ്റങ്ങളുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് 12.50 ലക്ഷം രൂപയായിരുന്ന വില ഇപ്പോൾ 13.10 ലക്ഷം ആയി വർധിച്ചിട്ടുണ്ട്. എങ്കിലും, സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് മാറ്റമില്ലാതെ കിലോമീറ്ററിന് 4.5 രൂപയായി തുടരുന്നു.
ബാറ്ററിയുടെ കപ്പാസിറ്റി കൂടിയിട്ടുണ്ടെങ്കിലും വിന്‍ഡ്‌സര്‍ ഇവിയുടെ മോട്ടർ പവറില്‍ മാറ്റങ്ങളില്ല. 136എച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വൈദ്യുത മോട്ടോറാണ് പ്രോയിൽ. 7.4 കിലോവാട്ട് എസി ചാർജറുമുണ്ട്. എസി ചാർജർ ഉപയോഗിച്ചാൽ 9.5 മണിക്കൂറിൽ ഫുൾ ചാർജാകും. 60 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ ഇരുപതിൽ നിന്ന് 80 ശതമാനം വരെ ചാർജാകാൻ 50 മിനിറ്റ് മാത്രം മതി. 18 ഇഞ്ച് അലോയ് വീലിന്റെ രൂപമാറ്റമൊഴിച്ചാൽ കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങളില്ല. സെലഡോൺ ബ്ലൂ, ഗ്ലാസ റെഡ്, അറോറ സിൽവ്വർ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.
വിൻഡ്സർ പ്രോയുടെ കാബിനിലും മാറ്റങ്ങളുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറില്‍ കറുപ്പിനും വെളുപ്പിനുമൊപ്പം വുഡന്‍ ടെക്സ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡാസ് ലെവൽ 2 സുരക്ഷാ ഫീച്ചറുകള്‍ വന്നിട്ടുണ്ട്. വെഹിക്കിള്‍ ടു ലോഡ് ഫീച്ചറും ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തില്‍ നിന്നും മറ്റു വൈദ്യുത കാറുകള്‍ അടക്കമുള്ള വൈദ്യുത ഉപകരണങ്ങളിലേക്ക് വൈദ്യുതി നല്‍കാനുമാകും.