മൂന്നാർ ഗ്യാപ് റോഡിലെ സ്ഥിരം കാഴ്ച ഇതോ? വാഹനത്തിന് മുകളിലെ അഭ്യാസം!

Mail This Article
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സാഹസിക യാത്രകൾക്ക് അറുതിയില്ല. കഴിഞ്ഞ ദിവസം ചിന്നക്കനാൽ-സൂര്യനെല്ലി പാതയിൽ, തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാനിനു മുകളിൽ ഇരുന്നാണ് സന്ദർശകർ യാത്ര ചെയ്തത്. വലിയ വളവുകളുള്ള വീതി കുറഞ്ഞ പാതയാണിത്. ഇത്തരം യാത്രകൾ മൂന്നാറിലിപ്പോൾ സ്ഥിരം കാഴ്ചയായി കൊണ്ടിരിക്കുകയാണ്. അധികാരികൾ ശിക്ഷാനടപടികൾ കൈകൊള്ളുന്നുണ്ടെങ്കിലും സാഹസിക യാത്രകൾ അവസാനിക്കുന്നില്ല എന്ന് ഈ കാഴ്ചകൾ സാക്ഷ്യപ്പെടുത്തുന്നു.
വാനിന്റെ മുകളിൽ ഇരുന്നും വിൻഡോയ്ക്ക് പുറത്തേക്ക് തലയിട്ടുമായിരുന്നു സഞ്ചാരികളുടെ യാത്ര. കോടമഞ്ഞും മഴയുമുള്ളപ്പോൾ വീതി കുറഞ്ഞ ഈ വഴിയിലൂടെയുള്ള യാത്ര ഏറെ അപകടകരമാകും. ചിന്നക്കനാൽ-സൂര്യനെല്ലി റോഡിൽ മാത്രമല്ല, മൂന്നാർ ഗ്യാപ് റോഡിലും മാട്ടുപ്പെട്ടി പാതയിലും അപകടയാത്രയിപ്പോൾ പതിവ് കാഴ്ചയാണ്.
അവധിക്കാലമായതു കൊണ്ടുതന്നെ മൂന്നാറിലിപ്പോൾ സഞ്ചാരികളുടെ തിരക്കേറെയാണ്. അതുകൊണ്ടുതന്നെ മേൽപറഞ്ഞ തരത്തിലുള്ള യാത്രകളും ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടി-ടോപ് സ്റ്റേഷൻ റോഡിൽ രണ്ടു കാറുകളിൽ അഭ്യാസം കാണിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീതികുറഞ്ഞ റോഡിലൂടെ അതിവേഗത്തിലായിരുന്ന യാത്ര, തൊട്ടുപിന്നിൽ യാത്ര ചെയ്ത വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇത്തരം സാഹസിക യാത്രകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാർ, ദേവികുളം ഗ്യാപ് റോഡ്, മാട്ടുപ്പെട്ടി റോഡ്, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സഞ്ചാരികളുടെ അഭ്യാസ യാത്രകൾ പതിവായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാനും വൈറലാകാനുമാണ് ഭൂരിപക്ഷവും ഇത്തരം അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്. അപകട യാത്ര ചെയ്യുന്നവരുടെ ലൈസെൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും അധികൃതർ കൈകൊള്ളുന്നുണ്ട്.