നിരത്തുകളിൽ എത്തിച്ചത് 30 ലക്ഷം വാഹനങ്ങൾ;വിജയഗാഥ തുടർന്ന് ഐ 10

Mail This Article
മാരുതി കഴിഞ്ഞാൽ ഇന്ത്യയിലെ മധ്യവർഗത്തിന്റെ പ്രിയപ്പെട്ട വാഹന ബ്രാൻഡ് ആണ് ഹ്യുണ്ടേയ്. 2007 ൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ രാജ്യത്തവതരിപ്പിച്ച ഐ 10 ആറു വർഷങ്ങൾക്കു ശേഷം ഗ്രാൻഡ് ഐ 10 ആയും പിന്നീട് ഗ്രാൻഡ് ഐ 10 നിയോസ് ആയും ഹാച്ച്ബാക്ക് പ്രേമികളുടെ ഹൃദയത്തിന്റെ വളയം പിടിച്ചു. മൂന്നു തലമുറകളിലൂടെ ഇന്ത്യൻ നിരത്തുകൾ കയ്യേറിയ ഐ 10 ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. മുപ്പതു ലക്ഷം വാഹനങ്ങൾ, കൃത്യമായി പറഞ്ഞാൽ 3.3 മില്യൺ യൂണിറ്റുകൾ നമ്മുടെ നിരത്തുകളിൽ എത്തിക്കാൻ ഹ്യുണ്ടേയ്ക്ക് കഴിഞ്ഞു.
ഇന്ത്യയിലാണ് ഐ 10 ന്റെ നിർമാണമെങ്കിലും പല രാജ്യങ്ങളിലൂടെയും ഈ ഹാച്ച്ബാക്ക് സഞ്ചരിക്കുന്നുണ്ട്. 140 രാജ്യങ്ങളിലേക്കാണ് ഹ്യുണ്ടേയ്, ഐ 10 കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ മാത്രം 20 ലക്ഷം യൂണിറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ 13 ലക്ഷം വാഹനങ്ങൾ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും അതിലുൾപ്പെടും.
2007 ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വാഹനം പിന്നീടുള്ള ആറുവർഷക്കാലം നിരത്തുകളിൽ സജീവസാന്നിധ്യമായിരുന്നു. 2013 ലാണ് ഗ്രാൻഡ് ഐ 10 രണ്ടാം തലമുറ വിപണിയിലെത്തിയത്. പഴയ വിജയഗാഥ തുടരാൻ ഈ ഹാച്ച്ബാക്കിനും കഴിഞ്ഞു. ആദ്യ തലമുറയെ പോലെ തന്നെ ആറു വർഷങ്ങൾ ഗ്രാൻഡ് ഐ10 ന്റേതായിരുന്നു. 2019 ൽ ഇന്ന് കാണുന്ന ഗ്രാൻഡ് ഐ 10 നിയോസ് നിരത്തിലിറങ്ങി. 2023 ൽ ഹ്യുണ്ടേയ് തങ്ങളുടെ പ്രിയ ഹാച്ച്ബാക്കിന്റെ മുഖം മിനുക്കി കൂടുതൽ അപ്ഡേറ്റഡ് ആക്കി കളത്തിലിറക്കി. വിജയഗാഥ തുടർന്ന ഈ മൂന്നു തലമുറ വാഹനങ്ങളും കൂടി മൂന്നു മില്യൺ യൂണിറ്റുകൾ എന്ന മാന്ത്രിക നമ്പറിലേക്കാണ് ഹ്യുണ്ടേയ് യെ നയിച്ചത്.
ഇന്ത്യയിലെ മാത്രം കണക്കെടുത്താൽ ഒരു വർഷം ശരാശരി ഒരു ലക്ഷം യൂണിറ്റ് ഐ 10 ആണ് വിറ്റഴിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ. 2024-2025 വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഗ്രാൻഡ് ഐ 10 നിയോസ് വാങ്ങിയവരിൽ 45 ശതമാനം പേരും ആദ്യമായി സ്വന്തമാക്കുന്ന വാഹനമായിരുന്നുവത്.
ഐ 10 ന്റെ മൂന്നു തലമുറ വാഹനങ്ങളിലും ഉപയോഗിക്കുന്നത് ഹ്യുണ്ടേയ് യുടെ കാപ്പ എൻജിനാണ്. 1.2 ലീറ്റർ പെട്രോൾ എൻജിൻ 83 ബിഎച്ച്പി കരുത്തും 113.8 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. പെട്രോൾ കൂടാതെ സിഎൻജി കിറ്റോടു കൂടിയും 1.2 ലീറ്റർ എൻജിൻ എത്തിയിട്ടുണ്ട്. 69 എച്ച്പി കരുത്തും 95.2 എൻഎം ടോർക്കുമുണ്ട് സിഎൻജി പതിപ്പിന്. 5 സ്പീഡ് മാനുവലാണ് ഗിയർബോക്സ്.