ഒളിംപിക്സ് മെഡൽ ജേതാവിനെ കൂട്ടുപിടിച്ച് ഔഡി; ബ്രാൻഡ് അംബാസഡറായി നീരജ് ചോപ്ര

Mail This Article
ഔഡി ഇന്ത്യയ്ക്ക് ഇനി പുതിയ മുഖം. ഒളിംപിക്സ് ജേതാവായ നീരജ് ചോപ്രയാണ് ഇനി ഔഡിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ. കമ്പനി ഒടുവിൽ ഇന്ത്യയിൽ പുറത്തിറക്കിയ ആർ എസ് ക്യൂ8 പെർഫോമൻസ് മോഡലിനൊപ്പം ചിത്രത്തിന് പോസ് ചെയ്താണ് നീരജ് ചോപ്ര ഔഡിയുമായി കൈകോർത്ത വാർത്ത സ്ഥിരീകരിച്ചത്. ആർഎസ് ക്യൂ8 പെർഫോമൻസിനൊപ്പമുള്ള ഒരു പ്രൊമോഷൻ വിഡിയോയും ജർമൻ വാഹന നിർമാതാക്കൾ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഔഡിയെ താനെപ്പോഴും ആരാധിച്ചിട്ടുണ്ടെന്നും കാറുകൾക്ക് വേണ്ടി മാത്രമല്ലാതെ, ആ ബ്രാൻഡ് എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതിനും കൂടിയാണ് അതെന്നും ഒരു കായിക താരമെന്ന നിലയിൽ ആ മൂല്യങ്ങൾ തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നീരജ് ചോപ്ര പറയുന്നു. കളിക്കളത്തിലായാലും ജീവിതത്തിലായാലും മികവിനായുള്ള അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ഔഡി കുടുംബത്തിനൊപ്പം ചേരാനും എല്ലാ കാര്യങ്ങളിലും മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന ഒരു ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലും ആവേശഭരിതനാണെന്നു ഇന്ത്യയ്ക്ക് വേണ്ടി രണ്ടുതവണ ഒളിംപിസിൽ മെഡൽ നേടിയ താരം കൂട്ടിച്ചേർക്കുന്നു.
അതിരുകൾ ഭേദിക്കുന്നവർക്കൊപ്പമാണ് ഔഡി നിലകൊള്ളുന്നതെന്ന് കമ്പനിയുടെ ഇന്ത്യൻ മേധാവി ബൽബീർ സിങ് ധില്ലൻ, നീരജ് ചോപ്രയെ തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ചു. കേവലം പ്രകടനങ്ങൾ കൊണ്ട് മാത്രം അളക്കപ്പെടുന്നവരല്ല, അതിനായി അശ്രാന്ത പരിശ്രമത്തിൽ ഏർപ്പെടുന്നവരുടെ പ്രതിരൂപമാണ് നീരജ് ചോപ്ര എന്നും അദ്ദേഹത്തിന്റെ ശ്രദ്ധ, വേഗം, അസാമാന്യമായ പ്രകടനം എന്നിവ തങ്ങളുടെ ബ്രാൻഡിന്റെ ഭാഗമാക്കി മാറ്റുന്നുവെന്നും ധില്ലൻ പറയുന്നു.