ഹാരിയർ ഇലക്ട്രിക്ക് എസ്യുവി മലമുകളിൽ കയറ്റിയ മലയാളി; അതിസാഹസികം ഈ ഓഫ് റോഡ്

Mail This Article
ഹാരിയർ ഇലക്ട്രിക്കിന്റെ വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹന ലോകം. ഇലക്ട്രിക് എസ്‍യുവിക്ക് ഇത്ര ഓഫ് റോഡ് മികവോ എന്ന് കരുതുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് സ്റ്റിയറിങ്ങിന് പിന്നിൽ ഇരുന്ന് ഈ സാഹസിക ഡ്രൈവിങ് നടത്തിയ ആളാര്?. ഡോ.മുഹമ്മദ് ഫഹദ് എന്നാണ് ഉത്തരം. ഇന്ത്യയിലെ തന്നെ ഏറ്റവും ദുർഘടം പിടിച്ച ഓഫ് റോഡ് ചാമ്പ്യൻഷിപ്പായ റെയിൻ ഫോറസ്റ്റ് ചലഞ്ചിലെ 2024ലെ ചാമ്പ്യനായ ഫഹദ്, ഹാരിയർ ഇവിയുടെ ഈ അതിസാഹസിക ഡ്രൈവിൽ എത്തിയത് എങ്ങനെ, മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
ബെംഗളൂരു വഴി വാഗമൺ
ആർഎഫ്സി സംഘാടകർ വഴിയാണ് ഈ അവസരം വന്നുചേർന്നത്. കുറച്ച് റിസ്കാണെങ്കിലും അതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. റേഞ്ച് റോവർ ചൈനയിൽ നടത്തിയ ഡ്രാഗൺ ചലഞ്ചിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. ഹാരിയറിന്റെ ഓഫ് റോഡ് മികവ് കാണിക്കുക എന്നതായിരുന്നു ടാറ്റയുടെ ഉദ്ദേശം. അതിനായി ഏറ്റവും ദുർഘടം പിടിച്ചൊരു ടെറൈന്‍ വേണം. ആദ്യം തിരഞ്ഞെടുത്തത് ബെംഗളൂരുവിലെ ഒരു കുന്നായിരുന്നു എന്നാൽ അത് അത്ര പോര എന്ന് മനസിലാക്കി വാഗണമണ്ണിലേയ്ക്ക് എത്തുകയായിരുന്നു. ഇന്നുവരെ ആരും ആനപ്പാറയുടെ മുകളിൽ വണ്ടി കയറ്റിയിട്ടില്ല എന്നാണ് കരുതുന്നത്, ഹാരിയർ ഇവി ആയിരിക്കും അവിടെ എത്തുന്ന ആദ്യത്തെ വാഹനം.

ആനപ്പാറ എന്ന ബാലികേറാമല
സമുദ്ര നിരപ്പിൽ നിന്ന് 3937 അടി ഉയരം, വാഗമണിലെ ഏറ്റവും വലിയ കുന്നുകളിലൊന്ന്. ഇതുവരെ ആരും കയറാത്ത ദുർഘടം പിടിച്ച പാത... ഈ കുന്നിനെപ്പറ്റി പല കാര്യങ്ങൾ പറയാനുണ്ട്. ശരിക്കും മികച്ചൊരു ഓഫ് റോഡ് അനുഭവമായിരുന്നു അത്. കല്ലുകൾ നിറഞ്ഞ റോഡും ദുർഘടം പിടിച്ച പാതയുമെല്ലാം ഏതൊരു ഓഫ് റോഡ് പ്രേമികൾക്കും ആവേശമാണ്. മുപ്പത്തിനാല് ഡിഗ്രിവരെ ചരിവിലൂടെ വാഹനം സഞ്ചരിച്ചെന്നാണ് വിഡിയോയിൽ പറയുന്നതെങ്കിലും 37 ഡിഗ്രിവരെ കയറി. ഇരുവശവും കൊക്കയുള്ള പറയുടെ മുകളിൽ ഹാരിയർ ഇവി ഓടിച്ചുകയറിയത് ഒരു മറക്കാനാവാത്ത അനുഭവമായിരുന്നു. മലയുടെ മുകളിൽ ഓടിച്ചുകയറ്റിയ വാഹനം തിരിച്ചിറക്കിയത് വലിയ റിസ്ക് ആയിരുന്നു. റിവേഴ്സ് ഇറക്കാൻ ശ്രമിച്ചപ്പോൾ ചെറുതായി പണി പാളിയെന്നും ഫഹദ് പറയുന്നു. ഏഴു ദിവസം എടുത്താണ് ഷൂട്ട് തീർത്തത്. മൂന്ന് ഹാരിയറുകൾ ഉണ്ടായിരുന്നു. രാവിലെ നാലു മണിമുതൽ 10 വരെ മാത്രമായിരുന്നു ഷൂട്ട്, ആളുകൾ എത്തിക്കഴിഞ്ഞാൽ പിന്നെ ഷൂട്ട് ചെയ്യുക ബുദ്ധിമുട്ടാണ്.

ഹാരിയർ ഇവി അദ്ഭുതപ്പെടുത്തി
മൂന്ന് സ്റ്റേജുകളാക്കി തിരിച്ചായിരുന്നു ഈ മലകയറ്റം. ദ മൈൻ ഫീൽഡ് എന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ സ്റ്റേജും അപകടം പിടിച്ച ദ റിഡ്ജ് എന്ന സ്റ്റേജും 34 ഡിഗ്രി ചെരുവിലൂടെ മുകളിലേയ്ക്ക് കയറുന്ന ദ ബീസ്റ്റ് എന്ന സ്റ്റേജും. ശരിക്കും ഈ സ്റ്റോക് കണ്ടീഷനിലുള്ള ഹാരിയർ ഇവിയുടെ ഓഫ് റോഡ് മികവ് അദ്ഭുതപ്പെടുത്തി. റോക് ക്രൗൾ എന്ന മോഡിൽ കുന്നു മലയും നടന്നു കയറുകയായിരുന്നു ഹാരിയർ. ഇലക്ട്രിക് വാഹനം ഇത്ര മികച്ച രീതിയിൽ പെർഫോം ചെയ്യുമെന്ന് കരുതിയതേയില്ല.

സുരക്ഷയുണ്ട്
ഓഫ് റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ഗ്രൗണ്ട് ക്ലിയറൻസ് വേണം ഇല്ലെങ്കിൽ അടിതട്ടാൻ സാധ്യതയുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനമായതുകൊണ്ടും ബാറ്ററി പ്ലാറ്റ്ഫോമിലായതുകൊണ്ടും അടിതട്ടിയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ അവിടെയും ഹാരിയർ അദ്ഭുതപ്പെടുത്തി അടി അധികം തട്ടിയില്ലെന്ന് മാത്രമല്ല സ്ട്രോങ് ആയി നിൽക്കുകയും ചെയ്തു. വ്യത്യസ്ത ഡ്രൈവ് മോഡുകൾ ഇട്ടാൽ ഓരോ ടെറൈനുകളിലൂടേയും അനായാസം സഞ്ചരിക്കും ഈ ഹാരിയർ. ഏകദേശം 2.5 ടൺ ഭാരമുണ്ടെങ്കിലും ഹാരിയർ ഇവിയുടെ കരുത്തും പെർഫോമൻസും മികച്ചത് തന്നെയാണ്.
ഹാരിയർ ഇവി ഓഫ് റോഡ് മത്സരത്തിൽ ഇറക്കാമോ?
ഇൻസ്റ്റൻഡ് ടോർക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ ഓഫ് റോഡ് മത്സരങ്ങൾക്ക് അനുയോജ്യമാണ്. ടാറ്റ സഹകരിച്ച് ഒരു വാഹനം ഇറക്കുയാണെങ്കിൽ അതിന്റെ സ്റ്റിയറിങ്ങിന് പിന്നിൽ ഇരിക്കാൻ താനും തയാറാണെന്ന് ഫഹദ് ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർക്കുന്നു.

ആരാണ് ഡോ. മുഹമ്മദ് ഫഹദ്?
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശിശുരോഗ വിദഗ്ധനാണ് ഡോ. മുഹമ്മദ് ഫഹദ്. ചെറുപ്പം മുതലേ മോട്ടര്‍ സ്‌പോര്‍ട്‌സിലായിരുന്നു മുഹമ്മദ് ഫഹദിനു കമ്പം. ഡ്രൈവിങ് പഠിച്ചത് വീട്ടിലെ ജീപ്പിലാണ്. മഹീന്ദ്രയുടെ ഥാര്‍ ആയിരുന്നു ആദ്യമായി സ്വന്തമാക്കിയ വാഹനം. 2016 മുതല്‍ സ്ഥിരമായി ഓഫ് റോഡ് മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും സംഭവിച്ച നിരവധി മത്സരങ്ങളിൽ ഫഹദ് ഒന്നാമതെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുർഘടം പിടിച്ച ഓഫ് റോഡ് മത്സരമായ റെയിൻ ഫോറസ്റ്റ് ചലഞ്ചിലെ 2024 പതിപ്പിലെ ചാമ്പ്യനാണ് ഫഹദ്.