ആടുതോമയുടെ ‘ചെകുത്താൻ’!ലോറി മുത്തച്ഛന്മാർ മടങ്ങി വരുന്നു

Mail This Article
ചെറുപ്പത്തിൽ വളരെ വിസ്മയത്തോടും ആരാധനയോടും നമ്മിൽ ഭൂരിഭാഗവും നോക്കിക്കണ്ടിരുന്ന ഒന്നായിരുന്നു മുന്നിലേക്ക് തള്ളിയ മൂക്കുമായി വരുന്ന ലോങ്-നോസ് ട്രക്കുകൾ/ ലോറികൾ. എന്തെന്ന് പറയാനാവാത്ത ഒരു ആനചന്തം തന്നെയായിരുന്നു അവയ്ക്ക് എന്ന് പറയാതിരിക്കാൻ വയ്യ. ഉണ്ടക്കണ്ണുകൾ പോലെയുള്ള വലിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും നീളൻ മൂക്കും വലിയ നെറ്റിയുമായി 1954 -ലാണ് ടാറ്റ ഡയമ്‌ലറുമായി ചേർന്ന് ടാറ്റ മെഴ്സിഡീസ് ബെൻസ് 312/ TMB 312 ഇന്ത്യയിൽ അവതരിപ്പിച്ചത്.
അതിനുശേഷം 1969 -ൽ ഈ കൂട്ടുകെട്ട് അവസാനിച്ചതോടെയാണ് ടാറ്റ 1210ഡി എന്ന പേരിൽ ഈ മോഡലിനെ പുറത്തിറക്കാൻ തുടങ്ങിയത്. പിന്നെ 1613 SE എത്തി. 1990 കളാണ് ഈ ലോങ്-നോസ് മോഡലുകളുടെ സുവർണ്ണ കാലഘട്ടം. ലാലേട്ടന്റെ സ്ഫടികം പോലെ പല സിനിമകളിലൂടെയും SE ലോറികൾ നമ്മുടെ മനം കവർന്നു. എന്നാൽ പിൽകാലങ്ങളിൽ മോഡേൺ ഡിസൈനുകളുടെ വരവോടെ ഇവയ്ക്ക് തങ്ങളുടെ പ്രതാപം നഷ്ടപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോൾ, നെടുനീളൻ മൂക്കുമായി വരുന്ന ലോങ്-നോസ് ട്രക്കുകൾ ഇന്ത്യയിൽ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുകയാണ്. 1990 -കളിൽ പ്രചാരത്തിലുണ്ടായിരുന്ന ലോങ്-നോസ് ട്രക്കുകൾ, മുകളിൽ സൂചിപ്പിച്ചതുപോലെ ഡ്രൈവറുടെ മുന്നിൽ നീണ്ടുനിൽക്കുന്ന ഹുഡും എൻജിനും അടങ്ങുന്ന ഒരു രൂപകൽപനയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപനയ്‌ക്കെത്തുന്ന ട്രക്കുകൾക്ക് ആധുനിക രൂപമുണ്ട്, മിക്ക മോഡലുകളിലും വാഹനത്തിന്റെ എൻജിൻ ഡ്രൈവറുടെ ക്യാബിനു കീഴിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇവയ്ക്കു ബദലായി ഇപ്പോൾ, കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറി വി ഉമാശങ്കർ, ലോങ്-നോസ് ട്രക്ക് ഇന്ത്യൻ റോഡുകളിൽ തിരിച്ചെത്തുമെന്ന് സൂചന നൽകിയിട്ടുണ്ട്.
അടുത്തിടെ ഡൽഹിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ നഗര ഗതാഗത കോൺഫറൻസായ "അർബൻ അഡ്ഡ 2025"-ലാണ് ഈ സൂചന. ഡ്രൈവിങ് ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഡ്രൈവർ എൻജിനും ഹുഡിനും മുകളിൽ ഇരിക്കുമ്പോൾ, മുന്നിലുള്ള ഇടയും ബ്രേക്കിംഗ് സമയവും കണക്കാക്കാനും അപകടസാധ്യത കുറയ്ക്കാനും കുറച്ച് അധിക സെക്കൻഡുകൾ അവർക്ക് ലഭിക്കുമെന്നും വി ഉമാശങ്കർ വിശദീകരിച്ചു. കൂടാതെ, ഈ മാറ്റം ഡ്രൈവർമാർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനും സഹായകമാകും.

ഫ്ലാറ്റ്-നോസ് ട്രക്കുകൾക്കും ലോങ്-നോസ് ട്രക്കുകൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഫ്ലാറ്റ്-നോസ് ട്രക്കുകൾ ഡ്രൈവർമാർക്ക് മികച്ച സീറ്റിംഗ് പൊസിഷനും റോഡിന്റെ മികച്ച വ്യൂവും നൽകുന്നു. എന്നാൽ മറുവശത്ത്, ലോങ്-നോസ് ട്രക്കുകൾ ക്യാബിൻ സ്പെയ്സിന്റെ ഭൂരിഭാഗവും ഇല്ലാതാക്കിയേക്കാം, പക്ഷേ ട്രക്കിന് മുന്നിൽ ഓടുന്ന വാഹനങ്ങളെക്കുറിച്ച് മികച്ച ചിത്രം നൽകുന്നു.
ഈ ഒരു മാറ്റം സുഗമമാക്കുന്നതിന് ട്രക്ക് നിർമ്മാതാക്കളുമായും മറ്റ് പങ്കാളികളുമായും മന്ത്രാലയം ഉടൻ തന്നെ കൂടിയാലോചനകൾ ആരംഭിക്കുമെന്ന് ഉമാശങ്കർ പറഞ്ഞു. കൂടാതെ, ലോങ്-നോസ് ട്രക്ക് പുറത്തിറക്കാനുള്ള തീരുമാനം നടപ്പിലാക്കിയാലും, പ്രൊഡക്ഷനിലെ അസംബ്ലി ലൈൻ പുനഃക്രമീകരിക്കാനും അത് പാലിക്കാനും നിർമ്മാതാക്കൾക്ക് കുറഞ്ഞത് രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം സൂചന നൽകി.
ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനുമായി ഇന്ത്യയിൽ പുള്ളർ-ട്രെയിലറുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഉമാശങ്കർ പറഞ്ഞു. വീണ്ടും നീളൻ മൂക്കുള്ള ലോറികൾ അരങ്ങു വാഴുമോ എന്ന് നമുക്ക് കണ്ടറിയാം.