ഒന്നല്ല, സുരേഷ് ഗോപി കുടുംബത്തിലേക്ക് എത്തിയത് 2 ഫോക്സ്‌വാഗൻ ഗോൾഫ്

Mail This Article
ഫോക്സ്‌വാഗൻ ഗോൾഫാണ് ഇപ്പോൾ വാഹന ലോകത്തെ പ്രധാന താരം. പെർഫോമൻസിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികൾ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോൾഫ് ജയസൂര്യ സ്വന്തമാക്കിയപ്പോൾ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോൾഫ് ഹാച്ച്ബാക്കുകളാണ്.
ഒരു ഗോൾഫ് മകൻ മാധവ് സുരേഷ് സ്വന്തമാക്കിയപ്പോൾ രണ്ടാമത്തേത് മരുമകൻ ശ്രേയസ് മോഹനാണ്. ഫോക്സ്‌വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണ് ഗോൾഫ് ജിടിഐ. ഇന്ത്യയിലേക്ക് ഫോക്സ്‌വാഗൻ അനുവദിച്ച 250 ഗോൾഫുകളിലെ ആദ്യ ബാച്ചായ 150 എണ്ണത്തിൽ 2 എണ്ണമാണ് സുരേഷ് ഗോപി കുടുംബത്തിൽ എത്തിയത്.
ഫോക്സ്‌വാഗൻ ഗോൾഫ് ജിടിഐ, എന്ന പോക്കറ്റ് റോക്കറ്റ്ഫോക്സ്‌വാഗന്റെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ ഗോൾഫിന്റെ പെർഫോമൻസ് മോഡലാണ് ഗോൾഫ് ജിടിഐ. എട്ടാം തലമുറ ഗോൾഫ് ജിടിഐയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഫോക്സ്‌വാഗൻ ഇന്ത്യയുടെ ഏറ്റവും കരുത്തൻ മോഡലാണ് ഗോൾഫ് ജിടിഐ. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 52.99 ലക്ഷം രൂപയാണ്.
വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വാഹനത്തിന് വലിയ ഡിമാൻഡായിരുന്നു. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോൾഫ് ജി ടി ഐ യുടെ ആദ്യ ബാച്ചിലെ 150 വാഹനങ്ങൾ ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റു തീർന്നു. ഗോൾഫ് ജിടിഐയിൽ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാൻ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.